കൊച്ചിയിൽത്തന്നെ താമസിക്കുന്ന ഒരാളോട് നഗരസന്ധ്യയെപ്പറ്റി ചോദിച്ചാൽ കിട്ടുന്ന ഉത്തരം എന്താണിത്ര ചോദിക്കാനുള്ളതെന്നായിരിക്കും. ഓരോരുത്തരും ഓരോ ലക്ഷ്യംവച്ചാണ് പുറത്തിറങ്ങുന്നത്. അമ്പലത്തിൽ പോകുന്നവർ അമ്പലം മാത്രം മനസ്സിൽ കണ്ടുകൊണ്ടു പോകുന്നു. പള്ളിയിൽ പോകുന്നവർ പള്ളിമാത്രം. പച്ചക്കറി വാങ്ങാനിറങ്ങിയവർ രാവിലെ വന്ന പച്ചക്കറികൾ വാടിയിട്ടുണ്ടാകുമോ എന്ന ഭയം മനസ്സിൽ വച്ച് കടകളിലേയ്ക്ക് ഓടുന്നു. തീവണ്ടികളിൽ തെക്കുനിന്നും വടക്കുനിന്നും വന്ന്, സ്ഥിരം വൈകി എത്തുന്ന തീവണ്ടികളെ പ്രാകി നഗരത്തിലെ രണ്ടു റെയിൽവേ സ്റ്റേഷനുകളിൽ അടിഞ്ഞുകൂടുന്നവർ വീട്ടിലെത്താൻ ധൃതിയായി ബസ്സ് സ്റ്റോപ്പുകളിലേയ്ക്കു കുതിക്കുന്നു. അവരാരും കൊച്ചിയുടെ, പ്രത്യേകിച്ച് നഗരസന്ധ്യകളുടെ സൗന്ദര്യം കാണുന്നില്ല. കൊച്ചിയിലെ സന്ധ്യയെപ്പറ്റി അറിയണമെങ്കിൽ പുറത്തുനിന്ന് ഒന്നോ രണ്ടോ ദിവസത്തെ അല്ലെങ്കിൽ ഒരാഴ്ചത്തെ താമസത്തിന്നായി വന്നു താമസിക്കുന്ന ഒരാളോടു ചോദിക്കണം. നഗരം അവരെ സംബന്ധിച്ചേടത്തോളം വളരെ വർണ്ണശബളമാണ്. ഇന്ത്യയിലെ മറ്റു മഹാനഗരങ്ങളിൽനിന്നു വരുന്നവർ പോലും കൊച്ചിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടരായി നിന്നു പോകുന്നു. നഗരത്തിന്റെ ഏറ്റവും മോശമായ ചുറ്റുപാടുകളിൽപ്പോലും അവർ സൗന്ദര്യം ദർശിക്കുന്നു. ഉദാഹരണമായി കോയമ്പത്തൂരിൽനിന്ന് വീഗാലാന്റ് കാണുക എന്ന ഉദ്ദേശ്യത്തോടെ എത്തിയതാണ് എന്റെ മരുമകളുടെ മൂന്നു വയസ്സായ മകൻ. അവർ എത്തുമ്പോൾ മഴയായിരുന്നു. സ്വാഭാവികമായും ഞങ്ങളുടെ റോഡ് ഒരു തോടായി മാറിയിരുന്നു. അതിലൂടെ നീന്തി ഒരുവിധം വീടണഞ്ഞ അവൻ ബാൽക്കണിയിൽനിന്ന്, ഒരുവശത്തെ കടകളിൽനിന്നുള്ള പ്രകാശം ചായക്കൂട്ടുണ്ടാക്കുന്ന വെള്ളത്തിലൂടെ നടന്നു നീങ്ങുന്ന ആൾക്കാരെയും വാഹനങ്ങളേയും നോക്കി ആഹ്ലാദത്തോടെ ചാോദിച്ചു, 'ഇതാണോ വിഗാലാന്റ്?' ഈ കാല്പനികത പുറത്തുനിന്ന് വരുന്നവർക്കേ ഉണ്ടാകൂ. കൊച്ചിക്കാരുടെ സഹൃദയത്വം അതിപരിചയത്തിൽ നിന്നുളവായ സാധാരണത്വത്തിൽ പുറത്തുവരുന്നില്ല.
കൊച്ചിക്കാരാകട്ടെ ഇവിടെ ജീവിക്കാൻ വിധിക്കപ്പെട്ടവരാണ്. കാല്പനികതയ്ക്കുമപ്പുറത്ത് ഒരു ഉത്തരാധുനികതയുടെയോ, മാജിക്കൽ റിയലിസത്തിന്റെയോ ഒക്കെ തലത്തിൽ ജീവിക്കാൻ വിധിക്കെപ്പട്ടവർ. അവർ ഒരു മഞ്ഞുകാലപ്പക്ഷിയെപ്പോലെ പ്രതികൂല കാലാവസ്ഥയുമായി പൊരുത്തെപ്പട്ടുപോകുന്നു. വൈകുന്നേരങ്ങളിൽ ആർത്തുവരുന്ന കൊതുകുകളിൽനിന്ന് രക്ഷപ്പെടാൻ നേരത്തെതന്നെ ജനലുകളും വാതിലുകളും അടച്ചിടുന്നു. ഇരട്ടി ചാർജ്ജുചെയ്യുകയും അതിനെപ്പറ്റി ചോദിച്ചാൽ ചീത്ത പറയുകയും ചെയ്യുന്ന ഓട്ടോ റിക്ഷക്കാരിൽനിന്ന് രക്ഷപ്പെടാൻ ബസ്സുകളിൽ യാത്രചെയ്യുകയും, നോർത്ത് സ്റ്റേഷനും സൗത്ത് സ്റ്റേഷനും ഇടയിലുള്ള ചേമ്പിൻ കാട്ടിൽ ട്രെയിൻ പിടിച്ചിടുമ്പോൾ വണ്ടിയിറങ്ങി പാളത്തിലൂടെ പരാതിയില്ലാതെ നടന്ന് വീടണയുകയും, ഉന്തുവണ്ടികളിൽ ഭംഗിയുള്ള തുടുത്ത പഴങ്ങൾ പുറമെ പ്രദർശിച്ച് അതിനു പിന്നിലുള്ള ചീഞ്ഞ പഴങ്ങൾ വിറ്റഴിക്കുന്ന വഴിവാണിഭക്കാരെ തന്ത്രപൂർവ്വം ഒഴിവാക്കുകയും ചെയ്ത് അവർ കൊച്ചിവാസം എന്ന സാഹസത്തെ അതിജീവിക്കുന്നു.
കൊച്ചിയിൽ കാണാൻ പറ്റിയ സ്ഥലങ്ങളേതൊക്കെയാണെന്ന് ചോദിച്ചാൽ ആദ്യം നാവിൽ വരിക റെസ്റ്റോറണ്ടുളെന്നാണ്, അവസാനവും. എവിടെ പോകുകയാണെങ്കിലും തുടങ്ങേണ്ടത് ഏതെങ്കിലും റെസ്റ്റോറണ്ടിൽ നിന്നാണ്. ഏതു തരക്കാർക്കും അവരവരുടെ കീശക്കൊത്ത ഭക്ഷണം കഴിക്കാൻ പറ്റുന്ന റെസ്റ്റോറണ്ടുകൾ കൊച്ചിയിലുണ്ട്. സന്ദർശകർക്കൊപ്പമാണ് പോകുന്നതെങ്കിൽ, (മിക്കവാറും അങ്ങിനെയാവും, കാരണം കൊച്ചിവാസികൾ സ്ഥലം കാണുന്നത് പുറെമനിന്നുള്ള സന്ദർശകരാവശ്യപ്പെടുമ്പോൾ മാത്രമാണ്,) ഭക്ഷണത്തിനു ശേഷം വെയ്റ്റർ കൊണ്ടുവന്നു വയ്ക്കുന്ന ബില്ലെടുക്കാൻ ധൃതി കൂട്ടരുത്. ആഥിത്യമര്യാദയെല്ലാം തൽക്കാലം മറന്നേയ്ക്ക്. വെറും മസാലദോശ തൊട്ട് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ റെസ്റ്റോറണ്ടുകളിലെ ബുഫേ ലഞ്ചുവരെ നിങ്ങളുടെ അതിഥികളുടെ ബജറ്റുപ്രകാരം ലഭ്യമാണ്. ചില റെസ്റ്റോറണ്ടുകളിൽ സ്ത്രീകൾക്ക് ബുഫേ ലഞ്ചിന്റെ ചാർജ്ജിൽ ഇളവുണ്ടെന്നതും ഇവിടെ എടുത്തു പറയണം. വീട്ടിൽ നിന്നുണ്ടാക്കിയ ഭക്ഷണം കഴിച്ച് കാഴ്ചകൾ കാണാൻ ഇറങ്ങുകയും, അടുത്ത ഭക്ഷണസമയത്തേയ്ക്ക് കൂടണയുകയും ചെയ്യുന്ന ഒരു പറ്റം കൂട്ടരെ നിങ്ങൾ മാറി നിൽക്കൂ. നിങ്ങൾ കൊച്ചിയുടെ സമ്പദ്ഘടനയിലോ ഹോട്ടലുടമകളുടെ കീശ വീർപ്പിക്കുന്നതിലോ ഒട്ടും സഹായിക്കുന്നില്ല.
കൊച്ചിയുടെ നിറഞ്ഞ സന്ധ്യകളിൽ കാണേണ്ട കാഴ്ചകൾ നിരവധിയാണ്. കൊച്ചിക്ക് മിനിബോംബെയെന്ന പേര് നൽകാൻ കാരണമായ മറീൻഡ്രൈവു നല്ലൊരനുഭവമാണ്, നിങ്ങൾ മുംബായിലെ ഒറിജിനൽ മറീൻഡ്രൈവ് കണ്ടിട്ടില്ലെങ്കിൽ പ്രത്യേകിച്ചും. പൊടുന്നനെ നിങ്ങളുടെ മുന്നിൽ പൊന്തിവരുന്ന ആകാശചുംബികളും (ചുംബിക്കാൻ പാകത്തിൽ താഴ്ന്നു കിടക്കുന്നു കൊച്ചിയിലെ ആകാശം), കായലിൽനിന്ന് പുറപ്പെട്ട് മാർക്കറ്റിലൂടെ ഒഴുകുന്ന കനാലിന്റെ കുറുകെ കെട്ടിയ മഴവിൽപ്പാലത്തിന്മേൽ കയറിനിന്ന് താഴെ മാർക്കറ്റിലേയ്ക്ക് ഉൾനാട്ടിൽനിന്ന് സാമാനങ്ങൾ കൊണ്ടുവരുന്ന വഞ്ചികൾക്കിടയിൽ മുകളിൽനിന്ന് വിതറിക്കൊടുക്കുന്ന പോപ്പ്‌കോണിനുവേണ്ടി തിങ്ങിക്കൂടുന്ന തടിച്ച മീനുകളും, കായലിന് നടവിലുള്ള ചാനലിൽക്കൂടി സാവധാനത്തിൽ നീങ്ങുന്ന കപ്പലുകളും ഒരുപക്ഷേ കൊച്ചി മറീൻഡ്രൈവിന് ബോംബെ മറീൻഡ്രൈവിനെക്കാൾ ഓമനത്തം കൊടുക്കുന്നു. രാത്രിവിളക്കുകളുടെ പ്രഭയിൽ, സൗന്ദര്യത്തിൽ മുഴുകി അധികനേരം അവിടെ കഴിച്ചുകൂട്ടാമെന്ന് വ്യാമോഹിക്കണ്ട, കാരണം കൊച്ചി വേഗം ഉറങ്ങുന്നു. നാൻസി സിനാത്രയുടെ 'ദ സിറ്റി നെവർ സ്ലീപ്‌സ് അറ്റ് നൈറ്റ് ' എന്ന മനോഹരഗാനം കൊച്ചിയെ ഉദ്ദേശിച്ചല്ല എഴുതിയിട്ടുള്ളത്. എട്ടു മണി കഴിഞ്ഞാൽ ഈ സ്ഥലങ്ങളെല്ലാം വേറൊരു വിഭാഗം ഏറ്റെടുക്കുന്നു. നിങ്ങൾ അവിടെ അധികപ്പറ്റാണെന്ന് മനസ്സിലാക്കാൻ ഏറെ സമയമൊന്നും വേണ്ടിവരില്ല. കടകളും എട്ടുമണിയോടെ അടയ്ക്കുന്നു. അതോടെ രാവിലെ മുതൽ പുറംലോകത്തിന്റെ വെളിച്ചം കാണാതെ നിന്നുകൊണ്ട് ജോലിയെടുത്തിരുന്ന പെൺകുട്ടികളും പുറത്തിറങ്ങുന്നു. ബസ്സ് സ്റ്റോപ്പുകളിലെ തിരക്ക് മുതലെടുക്കുവാൻ കാത്തിരിക്കുന്ന സാമൂഹ്യവിരുദ്ധരുടെ കൈയിൽ ഈ പെൺകുട്ടികൾ നേരിടുന്ന കഷ്ടപ്പാടുകൾ കാണാൻ താൽപര്യമില്ലെങ്കിൽ മുഖം തിരിച്ച് വേഗം വീടണയുകയേ നിവൃത്തിയുള്ളൂ.
കൊച്ചിയുടെ ഹൃദയം എം.ജി. റോഡാണ്. ഏതാനും ദശകങ്ങൾക്കുമുമ്പ് സഹോദരൻ അയ്യപ്പന്റെ ശ്രമഫലമായി നിർമ്മിച്ച 70 അടി റോഡാണ് രാഷ്ട്രപിതാവിന്റെ പേരിലുള്ള ഈ നിരത്ത്. ഏറ്റവും തിരക്കു പിടിച്ച ഈ നിരത്തിൽ 70 അടി എവിടെനിന്ന് എവിടംവരെ അളന്നാലാണ് കിട്ടുക എന്ന ചോദ്യം ഗണിതശാസ്ത്രജ്ഞന്മാർക്കും പി.ഡബ്ലിയു.ഡി. എഞ്ചിനീയർമാർക്കും വിട്ടുകൊടുക്കുക.
അപ്പം കൊണ്ടു മാത്രമായില്ലെങ്കിൽ ശരി, നിങ്ങൾക്ക് ഒരു സുന്ദര സായാഹ്നം ചെലവിടാൻ പറ്റിയ സ്ഥലങ്ങൾ ഇഷ്ടം പോലെയുണ്ട് കൊച്ചിയിൽ. ഫോർട്ടുകൊച്ചിയിലെ ജൂതപ്പള്ളി ഇന്ന് വിജനമാണ്. കഴിഞ്ഞു പോയ ഒരുജ്ജ്വല കാലഘട്ടത്തിന്റെ ഓർമ്മകൾ വഴി നിങ്ങളുടെ ആത്മാവിനെ അഭൗമതലങ്ങളിലേയ്ക്കുയർത്തുന്നു ഈ വിശുദ്ധക്ഷേത്രം. ഇടപ്പള്ളിയിൽ വിശുദ്ധ ഗീവർഗ്ഗീസ് പുണ്യാളന്റെ പള്ളിതൊട്ട് കലൂരിലെ ചൊവ്വാഴ്ചപ്പള്ളി വഴി, മറീൻ ഡ്രൈവിലെ കപ്പൽപള്ളി വഴി ഫോർട്ട്‌കൊച്ചിയിലെ സാന്താക്രൂസ് പള്ളിവരെ നീണ്ടുകിടക്കുന്ന വിശുദ്ധിയുടെ ഇരിപ്പിടങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ മതമേതെന്ന ചോദ്യമുദിക്കുന്നില്ല. ഹിന്ദുദൈവങ്ങളുടെ ആസ്ഥാനങ്ങളും നിങ്ങളെ സ്വാഗതം ചെയ്യുന്നു, നിങ്ങൾ ഹിന്ദുവാണെങ്കിൽ മാത്രം. എറണാകുളത്തപ്പനോ, വളഞ്ഞമ്പലത്തെ ദേവിയോ, രവിപുരം കൃഷ്ണനോ ദീപാരാധനയുടെ സൗന്ദര്യം കൊണ്ട് നിങ്ങളുടെ ആത്മാവിനെ ശുദ്ധീകരിക്കുന്നു. (നിങ്ങൾക്കൊരാത്മാവുണ്ടെങ്കിൽ). മുസ്ലീം പള്ളികളിൽ നിന്ന് ഉയരുന്ന വാങ്ക്‌വിളി നമ്മെ സർവ്വശക്തനായ അള്ളാഹുവിനെ സദാസമയവും ഓർമ്മിപ്പിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ കൊച്ചിയിലെ സന്ധ്യകൾ ഭക്തിനിർഭരമാണ്. നിങ്ങൾക്കതിനു കണ്ണും കാതുമുണ്ടായിരിക്കണെമെന്നു മാത്രം.
കലയിലും സാഹിത്യത്തിലും തല്പരനാണെങ്കിൽ നിങ്ങളെ കാത്ത് ഏതാനും ആർട്ട് ഗ്യാലറികൾ നിലകൊള്ളുന്നു. ചിത്രം ആർട്ഗ്യാലറിയിലോ, ഗ്യാലറിയാ മരീചികയിലോ, കലാപീഠത്തിലോ നടക്കുന്ന ചിത്രപ്രദർശനങ്ങളും കലാപീഠത്തിലെ അപൂർവ്വമായ കൂടിച്ചേരലുകളും, ജി. ആഡിറ്റോറിയത്തിലോ, പബ്ലിക് ലൈബ്രറി ഹാളിലോ, ഭാരതീയ വിദ്യാഭവൻ ഹാളിലോ നടക്കുന്ന സമ്മേളനങ്ങളും നിങ്ങളെ സ്വാഗതം ചെയ്യുന്നു. അവിടെയെല്ലാം നടക്കുന്ന പ്രസംഗങ്ങളുടെ പേരിൽ എനിക്കെതിരെ ഒരു കേസുമെടുക്കാൻ വകുപ്പില്ലെന്ന് ഇപ്പോൾത്തന്നെ പറയട്ടെ. ആ രക്തത്തിൽ എനിക്ക് പങ്കില്ല. വല്ലേപ്പാഴും ഒരു സംഗീതവിരുന്നൊരുക്കുന്ന ഫൈൻ ആർട്‌സ് ഹാൾ ഫോർഷോ റോഡിൽ കായലിനെ അഭിമുഖീകരിച്ചുകൊണ്ട് നിലകൊള്ളുന്നു. നിങ്ങൾ ഒരു വിവാഹത്തിൽ പങ്കുകൊള്ളാനാണ് കൊച്ചിയിൽ എത്തിയതെങ്കിൽ ഒന്നുകിൽ ഈ ഹാളിലോ, അല്ലെങ്കിൽ ടി.ഡി.എം. ഹാളിലോ, മാസ് ആഡിറ്റോറിയത്തിലോ, ഗംഗോത്രി ആഡിറ്റോറിയത്തിലോ അതുമല്ലെങ്കിൽ ഗൾഫാർ ആഡിറ്റോറിയത്തിലോ എത്തിപ്പെടാനാണ് സാധ്യത. അല്ലെങ്കിൽ അമ്പലങ്ങളോ പള്ളികളോ അനുബന്ധിച്ചുള്ള ഹാളുകളിൽ. കൊച്ചിക്കാർ പൊതുവേ നല്ല ഭക്ഷണം ഇഷ്ടപ്പെടുന്നവരായതുകൊണ്ട് കല്യാണസദ്യകൾ പൊതുവേ നിലവാരം കൂടിയതാണ്. നിങ്ങൾ നിരാശരാവില്ല.
അറബിക്കടലിന്റെ റാണിയെന്നാണ് കൊച്ചിയെ വിശേഷിപ്പിക്കുന്നത്. പക്ഷേ അറബിക്കടൽ ഒരു സാധാരണകൊച്ചിക്കാരനിൽനിന്ന് ഒളിച്ചുകളിക്കുകയാണ്. എവിടെ നോക്കിയാലും കായൽ മാത്രം, അറബിക്കടലിന്റെ മുഖം കാണണമെങ്കിൽ ഫോർട്ടുകൊച്ചിയിലെ ബീച്ചിൽത്തന്നെ പോകണം. എം.ജി. റോഡിലെയും വെണ്ടുരുത്തിപ്പാലത്തിലെയും ഗതാഗതക്കുരുക്കുകൾ കഴിഞ്ഞ് അവിടെ എത്താൻ കഴിഞ്ഞാൽ ഒരിക്കലും മറക്കാനാവാത്ത സൗന്ദര്യദർശനമാണ് നമ്മെ കാത്തിരിക്കുന്നത്.
ഏതാനും ദിവസത്തെ താമസത്തിനുശേഷം കൊച്ചി വിടുമ്പോൾ നമ്മുടെ അതിഥികളുടെ മുഖം വാടുന്നത് കൊച്ചിയോട് വിടപറയേണ്ടെ എന്നു കരുതിയാണ്. അവർ കൊച്ചിയെ അത്രയ്ക്കു സ്നേഹിച്ചിട്ടുണ്ടാവും. അതിഥികളുടെ മുഖം വാടുന്നതിന്റെ കാരണം ഒരുപക്ഷേ കൊച്ചിക്കാർക്ക് ഒരിക്കലും മനസ്സിലായില്ലെന്നു വരാം.