വി.യു സുരേന്ദ്രന്‍

കേരള സാഹിത്യ അക്കാദമി അവാർഡ് 88

വി.യു സുരേന്ദ്രന്‍

1988 ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ ഇക്കഴിഞ്ഞ ജനുവരി 29-ന് തൃശ്ശൂരിലെ അക്കാദമി ഹാളിൽവച്ച് വിതരണം ചെയ്തു. അയ്യായിരം രൂപയും പ്രശസ്തിപത്രവുമടങ്ങിയ ആറ് അക്കാദമി അവാർഡുകളും അഞ്ച് എൻഡോവ്‌മെന്റ് അവാർഡുകളും ജേതാക്കൾക്ക് നൽകിയത് സാഹിത്യ അക്കാദമി അധ്യക്ഷൻ പ്രൊഫ. എം.കെ. സാനുവാണ്.

'ഒരേ ദേശക്കാരായ ഞങ്ങൾ' എന്ന നോവലിന് ഖാലിദ്, 'പുലിജന്മം' എന്ന നാടകത്തിന് എൻ. പ്രഭാകരൻ, 'കിളിമൊഴികൾ' എന്ന കവിതാസമാഹാരത്തിന് മാധവൻ അയ്യപ്പത്ത്, 'ദിനോസറിന്റെ കുട്ടി' എന്ന കഥാസമാഹാരത്തിന് ഇ. ഹരികുമാർ, മാർക്‌സിസ്റ്റ് സൗന്ദര്യശാസ്ത്രം- ഉദ്ഭവവും വളർച്ചയും എന്ന പഠനഗ്രന്ഥത്തിന് പി. ഗോവിന്ദപിള്ള, എം.എന്റെ ഹാസ്യകൃതികൾ എന്ന ഗ്രന്ഥത്തിന് എം.എൻ. ഗോവിന്ദൻനായർ എന്നിവർക്കാണ് ഈ വർഷത്തെ അക്കാദമി അവാർഡുകൾ ലഭിച്ചത്. കുറ്റിപ്പുഴ, സി.ബി. കുമാർ, ഐ.സി. ചാക്കോ, കെ.ആർ. നമ്പൂതിരി, ശ്രീപദ്മനാഭസ്വാമി എന്നിവരുടെ പേരിലുള്ള അഞ്ച് എൻഡോവ്‌മെന്റ് അവാർഡുകൾ യഥാക്രമം രാഘവൻ പയ്യനാട് (ഫോക്‌ലോർ), കെ.പി. നാരായണപിഷാരടി (കവിഹൃദയത്തിലേക്ക്), ഇന്ദുചൂഡൻ (പുല്ല് തൊട്ട് പുനാരവരെ). എം.പി. ശങ്കുണ്ണിനായർ (നാട്യമണ്ഡപം) ഇ.എ. കരുണാകരൻ നായർ (അരുത് കാട്ടാള ബാലസാഹിത്യം) എന്നിവർക്കാണ് ലഭിച്ചത്.

കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഭാഷയിൽ വിവിധ ശാഖകളിൽ പിറന്നു വീണ തിളക്കമാർന്ന കൃതികൾക്കാണ് അക്കാദമി അംഗീകാരം നൽകിയത്. സാധാരണയായി അവാർഡ് കാലത്ത് ഉയർന്നു കേൾക്കാറുള്ള മുറുമുറുപ്പുകൾ ഇല്ലാതെ കഴിക്കാൻ ഇത്തവണത്തെ വിധിതീർപ്പിന് കഴിഞ്ഞുവെന്നത് ശുഭോദർക്കമാണ്. ഉന്നതങ്ങളിലെ 'ഉദാത്ത'കാര്യങ്ങളുടെ ആഖ്യാനമല്ല, നിമ്‌നലോകത്തെ നെടുവീർപ്പുകളുടെ കഥകളാണ് ഖാലിദ് മലയാളിക്ക് പകർന്നുനൽകിയത്. ഒരു ദേശാടനപ്പക്ഷിയെപ്പോലെ ഇന്ത്യൻ ഗ്രാമങ്ങളിലലഞ്ഞ് ജീവിതത്തെ പച്ചയായി അവതരിപ്പിച്ച എഴുത്തുകാരനാണ് ഖാലിദ്. മരിച്ചെന്നും ജീവിക്കുന്നെന്നും മരവിച്ചെന്നും പലപാട് ആരോപിക്കപ്പെടുന്ന കഥാലോകത്ത് പുതിയ ഭാവുകത്വത്തിന്റെ നക്ഷത്രവെളിച്ചവുമായി രംഗത്തുവന്ന കഥാകൃത്താണ് ഇ. ഹരികുമാർ. തുലോം അന്തസ്സാരഹീനമായിത്തീർന്നുവെന്ന മുൻവിധിയോടെ പണ്ഡിതന്മാർ മുഖംതിരിക്കുന്ന നാടകശാലയിൽ പുതിയ കരുത്ത് വാഗ്ദാനം ചെയ്യുന്ന സാർത്ഥകമായ പുലിജന്മവുമായാണ് പുരസ്‌കാരങ്ങളുടെ സോപാനത്തിൽ എൻ. പ്രഭാകരൻ എത്തിനിൽക്കുന്നത്.

'നാൾതോറുമിങ്ങനെ പറഞ്ഞതുതന്നെ പറയുന്നു' പദ്യരീതിയിൽ ഷോക്ട്രീറ്റ്‌മെന്റായിത്തീർന്ന ആധുനിക കവിതയുടെ ശക്തനായ വക്താവും പ്രയോക്താവുമാണ് മാധവൻ അയ്യപ്പത്ത്. വളരെക്കുറച്ചുമാത്രം പറയുന്ന അയ്യപ്പത്ത് കിളിമൊഴികളിലൂടെയാണ് അക്കാദമിയുടെ അവാർഡ് പുസ്തകത്തിൽ സ്ഥാനം പിടിച്ചത്.

സമകാലിക ധൈഷണികമണ്ഡലത്തിലെ തിളക്കമുറ്റ വ്യക്തിത്വത്തിനുടമയാണ് പി. ഗോവിന്ദപ്പിള്ള. മാർക്‌സിസ്റ്റ് സൗന്ദരശാസ്ത്രത്തിന്റെ ഉദ്ഭവത്തെയും വളർച്ചയെയും വിമർശനാത്മകമായി അവലോകനം ചെയ്ത് അദ്ദേഹം രചിച്ച ഉജ്ജ്വലകൃതിക്കാണ് നിരൂപണ പഠന വിഭാഗത്തിന്റെ ഈ വർഷം അവാർഡ് ലഭിച്ചത്. ഇ.വി., സഞ്ജയൻ തുടങ്ങിയവരുടെ കാലഘട്ടത്തിനുശേഷം ചെറിയൊരു കാറ്റുവീഴ്ച സംഭവിച്ച ഹാസസാഹിത്യത്തിൽ ആശാസ്യമായ മാറ്റം കുറിച്ചവരിലൊരാളായ എം.എൻ. ഗോവിന്ദൻനായരുടെ ഹാസ്യകൃതികൾക്കാണ് ഇതരഗദ്യസാഹിത്യത്തിനുള്ള അവാർഡ്.

കുറ്റിപ്പുഴ അവാർഡ് ലഭിച്ച ഫോക്‌ലോർ ആ രംഗത്ത് നാളിതുവരെയായി മലയാളത്തിലുണ്ടായ ഏറ്റവും പ്രൗഢമായ കൃതിയെന്ന നിലയിൽ കൊണ്ടാടപ്പെട്ടതാണ്. കെ. ദാമോദരൻ അവാർഡും രാഘവൻ പയ്യനാടിന്റെ ഈ കൃതിക്കുതന്നെയാണ് കിട്ടിയത്. പാണ്ഡിത്യഗരിമയും പ്രതിഭത്തിളക്കവും ഒത്തുചേർന്ന കെ.പി. നാരായണ പിഷാരടിയുടെ 'കവിഹൃദയ ത്തിലേക്ക്' എന്ന കൃതിയാണ് സി.ബി. കുമാർ എൻഡോവ്‌മെന്റ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. 'കാവ്യവ്യുത്പത്തി' 'ഛത്രവും ചാമരവും' തുടങ്ങിയ പ്രൗഢോപന്യാസ സമാഹാരങ്ങളെഴുതി മലയാളത്തിലെ ഏറ്റവും ധിഷണാശാലിയായ നിരൂപകൻ എന്ന് അനുവാചകരാൽ വിശേഷിപ്പിക്കപ്പെടുന്ന എം.പി. ശങ്കുണ്ണിനായരുടെ 'നാട്യമണ്ഡപം' എന്ന പ്രൗഢനിബദ്ധത്തിനാണ് വൈദികസാഹിത്യത്തിനുള്ള കെ.ആർ. നമ്പൂതിരി അവാർഡ്. ഡോ. സലിം അലിയെപ്പോലെ പക്ഷിനിരീക്ഷണത്തിനായി സ്വജീവിതം ഉഴിഞ്ഞുവച്ച ഇന്ദുചൂഡന്റെ (പ്രൊഫ. കെ.കെ. നീലകണ്ഠൻ) 'പുല്ല് തൊട്ട് പുനാരവരെ' ഐ.സി. ചാക്കോ അവാർഡിനർഹമായി. ബാലസാഹിത്യത്തിനുള്ള ശ്രീപദ്മനാഭസ്വാമി സമ്മാനം നേടിയത് 'അരുത് കാട്ടാളാ' എന്ന കൃതിയെഴുതിയ ഇ.എ. കരുണാകരൻ നായരാണ്.

അക്കാദമി വർഷംതോറും നടത്തിവരുന്ന തുഞ്ചൻ, സി.ബി. കുമാർ പ്രബന്ധമത്സരങ്ങളിൽ ഈ വർഷം വിജയികളായത് യഥാക്രമം പി.ആർ. ഹരികുമാറും കെ.കെ. കൃഷ്ണൻകുട്ടിയുമാണ്. കാവ്യഭാഷയുടെ വികാസം - സ്വാതന്ത്ര്യാനന്തര മലയാള കവിതയിൽ എന്ന വിഷയത്തെ അധികരിച്ചു നടന്ന തുഞ്ചൻ പ്രബന്ധമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ പി.ആർ. ഹരികുമാർ കാലടി ശ്രീശങ്കരാകോളേജിലെ മലയാളം അധ്യാപകനാണ്. കഥാകൃത്തും പ്രബന്ധകാരനുമായ അദ്ദേഹത്തിന് ഇതിനകം തന്നെ പല പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

'വൈലോപ്പിള്ളിക്കവിത' എന്ന വിഷയത്തെ ആധാരമാക്കി നടത്തിയ സി.ബി. കുമാർ പ്രബന്ധമത്സരത്തിൽ വിജയം നേടിയ കെ.കെ. കൃഷ്ണൻകുട്ടി കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ മൂന്നാം വർഷം മലയാളം ബിരുദവിദ്യാർത്ഥിയാണ്. നിത്യജീവിതത്തിനും പഠനത്തിനും നന്നെ വിഷമിക്കുന്ന കൃഷ്ണൻകുട്ടി കൂലിപ്പണി ചെയ്താണ് ഉപജീവനം കഴിക്കുന്നത്. അതിനിടയിൽ പഠനവും സാഹിത്യപ്രവർത്തനവും നടത്തുന്നു.

ജനുവരി 29-ന്റെ സായാഹ്നം തൃശ്ശൂർ നഗരവാസികളുടെ മനസ്സിൽ എന്നും തങ്ങി നിൽക്കും. മുൻകാലങ്ങലിൽ മുക്കാലും ഒഴിഞ്ഞ ഇരിപ്പിടങ്ങൾക്ക് മുൻപിൽവച്ചായിരുന്നു അവാർഡ് ദാനം. ഇത്തവണ പക്ഷേ, അക്കാദമി ഹാളിന് ഉൾക്കൊള്ളാനാവാത്തത്ര ആസ്വാദകരും എഴുത്തുകാരും ചടങ്ങിനെത്തിയിരുന്നു. ആർഭാടലേശം പോലുമില്ലാതെ ഉടനീളം ലാളിത്യവും കുലീനത്വവും നിറഞ്ഞുനിന്ന ചടങ്ങ് അക്കാദമി സെക്രട്ടറി എരുമേലി പരമേശ്വരൻപിള്ളയുടെ സ്വാഗതഭാഷണത്തോടെയാണ് ആരംഭിച്ചത്.

അവാർഡുകളുടെ പ്രാധാന്യത്തെയും ഗുണദോഷങ്ങളെയും കുറിച്ച് സാമാന്യമായി പ്രതിപാദിച്ചുകൊണ്ടാണ് അക്കാദമി അദ്ധ്യക്ഷൻ പ്രൊഫ. എം.കെ. സാനു, എം.എൽ.എ. അവാർഡ് വിതരണപ്രസംഗം തുടങ്ങിയത്. സാഹിത്യത്തിലെ വർത്തമാനകാല തർക്കവിതർക്കങ്ങൾ ഭാവി സാഹിത്യത്തിന് എത്രകണ്ട് ഉപകാരപ്രദവും പ്രചോദകവുമെന്ന് സാനുമാസ്റ്റർ വിശദീകരിച്ചു. അവാർഡ് ജേതാക്കളെയും കൃതികളെയും പരിചയപ്പെടുത്തിയത് എം. കുട്ടികൃഷ്ണനാണ്.

പി. ഗോവിന്ദപിള്ള, കെ.പി. നാരായണപിഷാരടി, എം.പി. ശങ്കുണ്ണിനായർ, എം. എൻ. ഗോവിന്ദൻനായർ തുടങ്ങിയ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാർക്ക് ഇതുവരെ അവാർഡ് ലഭിച്ചില്ലെന്ന് മലയാളികൾ ഇപ്പോഴാണറിയുന്നത് എന്ന് ആശംസാ പ്രസംഗം നടത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ടി.എൻ. ജയചന്ദ്രൻ അദ്ഭുതം കൂറി. ഹരികുമാർ, എൻ. പ്രഭാകരൻ തുടങ്ങിയ നവാഗതരെ കണ്ടെത്താൻ കഴിഞ്ഞത് ഈ വർഷത്തെ അവാർഡിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു എന്നതിൽ അദ്ദേഹം സന്തുഷ്ടി രേഖപ്പെടുത്തി.

എം.പി. ശങ്കുണ്ണിനായരും ഇന്ദുചൂഢനും ഒഴികെ മറ്റെല്ലാവരും അവാർഡ് സ്വീകരിക്കാൻ എത്തിച്ചേർന്നിരുന്നു.

''സങ്കുചിതവീക്ഷണമുള്ള നിരൂപകർ മാർക്‌സിസ്റ്റ് സൗന്ദര്യശാസ്ത്രത്തെ വികലമാക്കി അവതരിപ്പിക്കുകയാണ് ചെയ്തത്. അതിന്റെ അന്തസത്ത കണ്ടെത്താതെ ആക്ഷേപിക്കുന്നതിലാണ് അവർക്ക് താല്പര്യം. മാർക്‌സിസ്റ്റ് സൗന്ദര്യശാസ്ത്രത്തിന്റെ അന്തസ്സത്ത കണ്ടെത്താനുള്ള ചിരകാലാന്വേഷണത്തിന്റെ ഫലമാണ് തന്റെ ഗ്രന്ഥം'' അവാർഡ് സ്വീകരിച്ചുകൊണ്ട് പി. ഗോവിന്ദപ്പിള്ള പറഞ്ഞു.

'ഒരേ ദേശക്കാരായ ഞങ്ങൾ' എന്ന എന്റെ കൃതിക്ക് അവാർഡുണ്ടെന്നറിഞ്ഞപ്പോൾ വിശേഷിച്ചൊന്നും തോന്നിയില്ല. ജനങ്ങളിൽനിന്നുള്ള അംഗീകാരമാണ് എനിക്ക് വലുത്. മനുഷ്യനന്മയ്ക്കുവേണ്ടിയാണ് സാഹിത്യം നിലകൊള്ളുന്നത്. ലക്ഷ്യബോധമില്ലാത്ത എഴുത്തുകാരെ നാം തിരിച്ചറിയണം.' ഖാലിദ് തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. മറ്റ് സാഹിത്യരൂപങ്ങളുടെ ഇടയിൽ നാടകം ഒരുതരം അധമബോധം അനുഭവിച്ചുകൊണ്ടിരിക്കുന്ന മാധ്യമമാണെന്ന് എൻ. പ്രഭാകരൻ തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. സാമൂഹ്യമാറ്റത്തിന് നേതൃത്വം കൊടുത്തിരുന്ന നാടകം ഇന്ന് വില്പനച്ചരക്കാക്കിയിരിക്കുന്നു. എല്ലാ ഗഹനവിഷയങ്ങളെയും ആവിഷ്‌കരിക്കാൻ കെല്പുള്ളതാണ് നാടകം എന്ന് തെളിയിക്കേണ്ടിയിരിക്കുന്നു- പ്രഭാകരൻ പറഞ്ഞു.

കവിതയ്ക്ക് അവാർഡ് ലഭിച്ച മാധവൻ അയ്യപ്പത്ത് അവാർഡ് തുകയായ അയ്യായിരം രൂപ തൃശ്ശൂർ ശ്രീ കേരളവർമാ കോളേജിലെ സാഹിത്യവിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകാനായി നൽകി. കഥയ്ക്ക് അവാർഡ് നേടിയ ഇ. ഹരികുമാർ അവാർഡ് തുക പൊന്നാനിയിലെ ഇടശ്ശേരി സ്മാരകത്തിന് (ഇടശ്ശേരിയുടെ പുത്രനാണ് ഹരികുമാർ) സംഭാവന ചെയ്തു. അക്കാദമി എക്‌സിക്യൂട്ടീവ് അംഗം സി.വി. ശ്രീരാമൻ കൃതജ്ഞത രേഖപ്പെടുത്തിയതോടെ അവാർഡ്ദാനച്ചടങ്ങിന് തിരശ്ശീല വീണു.

ദേശാഭിമാനി വാരിക - 1989 മാർച്ച് 12

വി.യു സുരേന്ദ്രന്‍

സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും സാഹിത്യ തല്പരര്‍ക്കും ഏറെ പ്രയോജനകരമാകുന്ന ലേഖന സമാഹാരങ്ങളുടെ രചയിതാവാണ്‌ വി യു സുരേന്ദ്രന്‍. വൈവിധ്യമാര്‍ന്ന വിമര്‍ശന വഴികളിലൂടെയാണ് വി.യു. സുരേന്ദ്രന്റെ യാത്ര.