കഥാകൃത്തിന്റെ കാവ്യവായന

നല്ല ഹൈമവതഭൂവിൽ, - ഏറെയായ്
കൊല്ലം - അങ്ങൊരു വിഭാത വേളയിൽ
ഉല്ലസിച്ചു യുവയോഗിയേകനുൽ
ഫുല്ല ബാലരവിപോലെ കാന്തിമാൻ.

ഞാൻ കുമാരനാശാന്റെ നളിനിയും മറ്റു കാവ്യങ്ങളും വായിച്ചത് അമ്മയുടെ നോട്ടു പുസ്തകത്തിൽ നിന്നായിരുന്നു. അച്ചടി കോപ്പിയുണ്ടെങ്കിലും അതെല്ലാം വൃത്തിയായി നോട്ടുപുസ്തകങ്ങളിൽ പകർത്തിവയ്ക്കുക അമ്മയുടെ പതിവായിരുന്നു. കവിതയോട് അത്രമാത്രം ഭ്രമം അവർക്കുണ്ടായിരുന്നു. എട്ടു-പത്തു വയസ്സിൽ ഞാൻ കരുതിയിരുന്നത് അവയെല്ലാം അമ്മയെഴുതിയ കവിതകളാണെന്നായിരുന്നു. പിന്നീട് അർത്ഥമറിയാനായപ്പോൾ ആ കവിതകൾ എന്നെ രസം പിടിപ്പിച്ചു. ആശാന്റെ ഒരുമാതിരി എല്ലാ കാവ്യങ്ങളും വായിച്ചിട്ടുണ്ട്. അർത്ഥതലത്തേക്കാൾ എന്നെ ആ കവിതകളിലേയ്ക്ക് ആകർഷിച്ചത് അവയുടെ ശബ്ദതലമായിരുന്നു.

പ്രണയപരവശേ ശുഭം നിന-
ക്കുണരുക, ഉണ്ടൊരു ദിക്കിൽ നിൻ പ്രിയൻ
ഗുണവതി, നെടുനിദ്രവി-
ട്ടുണരുക, ഞാൻ സഖി, നിന്റെ മാധവി.

ഒരു കേവല സംഗീതം പോലെ എന്റെ സിരകളിൽ പടർന്നു കയറുന്ന വരികൾ. വായന തുടങ്ങിയാൽ മനസ്സ് അന്യോന്യം സമരസപ്പെട്ടുകൊണ്ടുള്ള രണ്ടു ഭാഗങ്ങളായി മാറുന്നു. സംഗീതത്തിന്റെയും അർത്ഥതലത്തിന്റെയും. സംഗീതം അർത്ഥതലത്തിലൂടെ ഒരു പടർവള്ളിപോലെ കയറിയിറങ്ങുന്നതിലൂടെ ആസ്വാദനം പൂർണ്ണമാകുന്നു. പിന്നീട് അച്ഛന്റെ കവിതകൾ വായിച്ചപ്പോഴും എനിക്കിതേ അനുഭൂതിയാണ് ലഭിച്ചത്. ഒരു വ്യത്യാസം മാത്രം അച്ഛന്റെ കവിതകൾ മനസ്സിലാക്കാൻ പ്രയാസമാണ്. പഠിക്കുകതന്നെ വേണം. ഇവിടെ അർത്ഥതലം വല്ലാതെ 'നിമ്‌നോന്നത'മാണ്.

കവിത്രയത്തിൽ ആശാനൊഴിച്ച് മറ്റു രണ്ടുപേരും എന്തുകൊണ്ടോ എന്നെ ആകർഷിച്ചില്ല. ഉള്ളൂരിന്റെയും വള്ളത്തോളിന്റെയും കവിതകൾ വായിച്ചിട്ടുണ്ടെങ്കിലും എന്തുകൊണ്ടോ അവയാൽ ആകർഷികപ്പെട്ടില്ല. 'മണിയേഴു കഴിഞ്ഞു മോശമിപ്പണി പാൽക്കഞ്ഞി തണുത്തുപോയി...' 'വാനമേ, ഗഗനമേ, വ്യോമമേ, സുരസ്സിദ്ധസ്ഥാനമേ, വിഹായസ്സേ, നഭസ്സേ നമസ്‌കാരം...' തുടങ്ങിയ വരികൾ മനസ്സിലുണ്ടെങ്കിൽക്കൂടി.

എന്റെ കവിതാവായന വളരെ പരിമിതമായിരുന്നു. വളരെ പെട്ടെന്നാണ് കഥകളിലേയ്ക്ക് ഞാൻ ചാടിയത്. പക്ഷെ സ്വന്തം എഴുത്തു തുടങ്ങിയപ്പോൾ ആദ്യമായി എഴുതിയത് കവിതകളായിരുന്നു. വീട്ടുമാസികയിലായിരുന്നു അവ പ്രസിദ്ധീകരിച്ചത്. ആ കാലത്തായിരുന്നു ടി.കെ. പത്മിനി ഞങ്ങളുടെ വീട്ടിൽ താമസിച്ച് ആദ്യം എ.വി. ഹൈസ്‌കൂളിലെ ദേവസ്സി മാസ്റ്ററുടെയും പിന്നീട് ആർട്ടിസ്റ്റ് നമ്പൂതിരിയുടെയും ശിഷ്യയായി കലാപരിശീലനം തുടങ്ങിയത്. അവർ ഞങ്ങളുടെ മാസികയിൽ ചിത്രങ്ങൾ വരക്കാറുണ്ട്. എന്റെ ഒരു കവിതയ്ക്ക് അവർ വരച്ച ചിത്രം ഞാനിന്നും സൂക്ഷിക്കുന്നു. പത്മിനിയേടത്തിയെന്ന കലാകാരി എന്റെ ഒരു കവിതയ്ക്ക് ചിത്രം വരക്കുക! ഞങ്ങൾ തമ്മിൽ പ്രായത്തിൽ മൂന്നു വയസ്സിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അവരെ വളരെ ഉയരത്തിലാണ് ഞാൻ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ അവർ എന്റെ കവിതയക്ക് വേണ്ടി ചിത്രം വരച്ചുവെന്നത് എന്റെ ആത്മവിശ്വാസം ഉയർത്തുകയുണ്ടായി. ആ ഉയർന്നുവന്ന ആത്മവിശ്വാസത്തിന് തടയിട്ടത് അച്ഛനായിരുന്നു. മറ്റൊരു കവിത തിരുത്താൻ കൊടുത്തപ്പോൾ അച്ഛൻ സ്വതസിദ്ധമായ സൗമ്യതയോടെ പറഞ്ഞു. നീ ഇനി കഥകളെഴുതിയാൽ മതി. എന്തർത്ഥത്തിലാണത് പറഞ്ഞതെന്ന് അന്നു മനസ്സിലായില്ല. കഥയിൽ ഞാൻ മിടുക്കു കാണിക്കുന്നു എന്നാണോ, അതോ കവിതയെഴുതിയാൽ ശരിയാവില്ലാ എന്നാണോ. പിന്നീട് ഒരിക്കൽ ശ്രീ കുട്ടികൃഷ്ണമാരാർ വീട്ടിൽ വന്നപ്പോൾ എന്റെ കവിതയുള്ള വീട്ടുമാസിക അദ്ദേഹത്തെ കാണിച്ചു. അഭിനന്ദിക്കുമെന്നാണ് കരുതിയത്. അദ്ദേഹം അതു മുഴുവൻ ഓന്നോടിച്ചു വായിച്ചശേഷം ഒന്നും പറയാതെ പുസ്തകം തിരിച്ചുതന്നു. 'നീയിനി കഥയെഴുതിയാൽ മതി' എന്ന അച്ഛന്റെ നിർദ്ദേശത്തിന്റെ അർത്ഥവും വ്യാപ്തിയും അപ്പോഴാണ് മനസ്സിലായത്.

ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്താണ് സുഗതകുമാരിയുടെ 'കാളിയമർദ്ദനം' എന്ന കവിത മാതൃഭൂമിയിൽ വന്നത്.

കുനിഞ്ഞതില്ലീ പത്തികൾ കണ്ണാ
കുലുങ്ങിയില്ലി കരളേതും
ഓളമടിച്ചു സമുദ്രം പോലീ
കാളിന്ദി നദി പൊങ്ങുമ്പോൾ.....

ഈ കവിത വായിച്ചശേഷം അച്ഛൻ അമ്മയോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. 'എടോ ഞാനീ കവിതയുമായി പ്രണയത്തിലായിരിക്കുന്നു.' ഞാൻ വളരെയധികം പ്രാവശ്യം വായിച്ച കവിതയാണത്. സുഗതകുമാരിയുടെ ഒരുപാട് കവിതകൾ വായിച്ചിട്ടുണ്ടെങ്കിലും എനിക്കിഷ്ടമായത് ഒരു ചെറിയ കവിതയാണ്. അല്പം അമൂർത്തമായ ഒരു കവിത. 'വെറുതെ, വെറുമൊരു വേദനയോടെ.'

ഒരു കാറ്റിന്നിതൾ വീണു, വാന-
ത്തൊരു കീറമ്പിളി മിന്നിമറഞ്ഞു
വെറുതെ വെറുമൊരു പുഞ്ചിരിയോടെ.
ഇലകളിലരികുകൾ തോറും മിന്നും
മഴനീർത്തുള്ളി, കടക്കൺ കോണിലു-
മൊരു നീർത്തുള്ളി തുളുമ്പി മറഞ്ഞു.
ഒരു മേഘത്തിൻ സ്വപ്നാടനഭുവി-
യൊരു മിന്നൽപിണരാളിയുയർന്ന
ക്കാളിമയൊന്നു തിളങ്ങി മറഞ്ഞു....
അവസാനത്തെ വരികൾ...
ഞാനുയിരേകിയ പൂവിൻ മണവും
ഞാനണിയിച്ച നിലാവിൻ നിറവും
താനേ കണ്ട കിനാവും മാത്രം
തരുവാൻ മറ്റെന്തുള്ളു! ഹാ, നിൻ കരതാർ
നീളുവതല്ലോ, തരുവാൻ
വെറുതെ, വെറുമീ വേദന മാത്രം.

ഈ കവിത ഞാൻ പകർത്തിയെഴുതി പത്താം ക്ലാസ്സിലെ എന്റെ സഹപാഠികൾക്ക് വായിക്കാൻ കൊടുക്കുകയുണ്ടായി. പഴക്കംകൊണ്ട് മാഞ്ഞുതുടങ്ങിയ ആ കോപ്പി ഞാനിന്നും സൂക്ഷിക്കുന്നു. സുഗതകുമാരിയുടെ കവിതകളിൽ ആകൃഷ്ടനായി അതിൽ തിരഞ്ഞെടുത്തവ കവിയെക്കൊണ്ടു പാടിച്ച് ആലേഖനം ചെയ്യാൻ ഞാൻ തിരുവനന്തപുരത്ത് പോയിരുന്നു. വളരെ നല്ല സ്വീകരണമാണ് അവരിൽ നിന്നും, ജ്യേഷ്ഠത്തി പ്രൊഫ. ഹൃദയകുമാരിയിൽ നിന്നും ലഭിച്ചത്. രണ്ടു കാസ്സറ്റിനുള്ള കവിതകൾ റെക്കോർഡ് ചെയ്തു. പക്ഷെ എനിക്കവരോട് നീതി കാട്ടാൻ കഴിഞ്ഞില്ല. അതെന്നെ ഇപ്പോഴും വേദനിപ്പിക്കുന്നു. തിരിച്ചുവന്ന് എന്റെ സ്‌നേഹിതൻ മാങ്ങോട്ട് കൃഷ്ണകുമാറിനെ കേൾപ്പിച്ചപ്പോഴാണ് പറഞ്ഞത്, കവിതകൾ കവിയുടെ ശബ്ദത്തിലാണെങ്കിലും വാദ്യോപകരണങ്ങളോടെ ഇറക്കിയാൽ മാത്രമേ ജനങ്ങൾക്കിഷ്ടമാകൂ. അതിനർത്ഥം ഞാൻ വീണ്ടും തിരുവനന്തപുരത്തു പോയി വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ സുഗതകുമാരിയെക്കൊണ്ട് പാടിക്കണം. വാദ്യോപകരണങ്ങളോടൊപ്പം പാടാൻ അവർക്കു കഴിയുമോ എന്നും സംശയമുണ്ടായിരുന്നു. പിന്നെ അക്കാലത്ത് എന്റെ സാമ്പത്തികസ്ഥിതിയും വളരെ മോശമായിരുന്നു. ഭാഗ്യത്തിന് എന്റെ സ്‌നേഹിതൻ ജോണി സാഗരിക സഹായത്തിനെത്തി. അദ്ദേഹമത് പ്രസിദ്ധപ്പെടുത്താമെന്ന് ഏറ്റു. സുഗതകുമാരിയ്ക്ക് ഒരു ചെറിയ റോയൽറ്റിയും കൊടുത്തു. ആ കാസ്സറ്റ് പക്ഷെ അധികം ചെലവായില്ല എന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. പാരഡികളുടെയും കോമഡികളുടെയും പ്രളയത്തിൽ അതു മുങ്ങിപ്പോയില്ലെങ്കിലല്ലെ അദ്ഭുതമുള്ളു. ഒരു കാസ്സറ്റിനും കൂടിയുള്ള കവിതകൾ റെക്കോഡ് ചെയ്തത് എന്റെ പക്കലുണ്ടായിരുന്നത് ഞാൻ സുഗതകുമാരിയ്ക്ക് അയച്ചുകൊടുത്തു. എന്റെ നിസ്സഹായത അറിയിക്കുകയും ചെയ്തു. അവർ തെറ്റിദ്ധരിച്ചുവോ എന്നറിയില്ല. എന്തായാലും തിരുവനന്തപുരത്തു പോയി റെക്കോഡിങ്ങ് സ്റ്റുഡിയോവിനും മറ്റുമായി വന്ന ചിലവിനെപ്പറ്റി എനിക്കു വിഷമമില്ല, പക്ഷെ പ്രിയപ്പെട്ട കവിയ്ക്കു വേണ്ടി എനിക്ക് കാര്യമായൊന്നും ചെയ്യാൻ പറ്റാത്തതിൽ ഇപ്പോഴും ഖേദമുണ്ട്. എന്റെ ആവശ്യപ്രകാരം അവർ 'വെറുതെ, വെറുമൊരു വേദനയോടെ' എന്ന കവിതയും ആലപിച്ചിരുന്നു, ഞാനുദ്ദേശിച്ച, ചൊല്ലിയിരുന്ന ഈണത്തിലല്ലെങ്കിൽക്കൂടി.

ഒരു കാലത്ത് ആഴ്ചപ്പതിപ്പുകൾ കിട്ടിയാൽ ആദ്യം വായിക്കുക അതിലെ കവിതകളായിരിക്കും. അവ കഥകളുമായി താരതമ്യം ചെയ്യുമ്പോൾ ചെറുതാണെന്നതു മാത്രമല്ല കാരണം. അവയ്ക്ക് ഒരു പ്രത്യേക വശ്യതയുണ്ട്. നമ്മെ മാടിവിളിക്കുന്ന സൗന്ദര്യമുണ്ട്.

മഹാകവി ജി.യുടെ കവിതകൾ എനിക്കിഷ്ടമാണ്. ചന്ദനക്കട്ടിൽ, പെരുന്തച്ഛൻ, ഇന്നു ഞാൻ നാളെ നീ, സൂര്യകാന്തി, പഥികന്റെ പാട്ട്....

വെമ്പലനാട്ടിലെ തമ്പുരാന്റെ
തമ്പുരാട്ടിക്കൊരു കട്ടിൽ വേണം
കട്ടിൽ കടയുവാനാക്കിഴക്കൻ-
കാട്ടിലെച്ചന്ദനംതന്നെ വേണം.

മഹാകവിയുടെ കവിതകൾ മാത്രമല്ല അദ്ദേഹത്തിന്റെ ഗീതാഞ്ജലി തർജ്ജമയും എനിക്കിഷ്ടമായിരുന്നു. ഈ തർജ്ജമകൾ മനോഹരമായി ആലപിച്ച് സി.ഡി.യായി ഇറക്കിയിട്ടുണ്ട് ശ്രീ വി.കെ. ശശിധരൻ. അവയെല്ലാം തന്നെ യൂട്യൂബിൽ വി.കെ. ശശിധരൻ ചാനലിൽ ലഭ്യമാണ്. ഒമാർ ഖയ്യാമിന്റെ റുബായിയത്ത് മഹാകവി ജി. തർജ്ജമ ചെയ്തത് മനോഹരമായിരിക്കുന്നു. 'വേല നാളെ, ജഗത്തിനിന്നുത്സവവേളയെന്നു വിളംബരം ചെയ്യുക.' എത്ര അനായാസേന ചെയ്ത മൊഴിമാറ്റം!

ചങ്ങമ്പുഴക്കവിതകൾ എന്നെ എന്തുകൊണ്ടോ സ്പർശിച്ചില്ല. വീട്ടിൽ അദ്ദേഹത്തിന്റെ കവിതാസമാഹാരങ്ങളുണ്ടായിരുന്നു. അച്ഛനും അമ്മയും അവ ചൊല്ലിയിരുന്നത് എനിക്കോർമ്മയുണ്ട്. ഒരിക്കൽ ഞങ്ങളുടെ സ്‌കൂൾ വാർഷികത്തിന് ചങ്ങമ്പുഴയുടെ 'കാവ്യനർത്തകി' ചൊല്ലി കുട്ടികളുടെ നൃത്തമുണ്ടായിരുന്നു. അവർ ചൊല്ലിയത് കേട്ട് അമ്മ ചിരിക്കാൻ തുടങ്ങി. 'ഒരു പകുതി പ്രജ്ഞയിൽ നിഴലും നിലാവും മറു പകുതി പ്രജ്ഞയിൽ കരിപൂശിയ മാവും.' വീട്ടിൽ വന്ന് അമ്മ അതുതന്നെ പറഞ്ഞ് കുലുങ്ങി ചിരിക്കുന്നുണ്ടായിരുന്നു.

പി. കുഞ്ഞിരാമൻ നായർ, അക്കിത്തം, കടവനാട് കുട്ടിക്കൃഷ്ണൻ, എം.എൻ. പാലൂര്, ഒളപ്പമണ്ണ, ഡോ. ഒ.എം. അനുജൻ, വൈലോപ്പിള്ളി, ഒ.എൻ.വി., എൻ.വി. കൃഷ്ണവാരിയർ, പി. ഭാസ്‌കരൻ, ശ്രീകുമാരൻ തമ്പി(എനിക്ക് വളരെ ഇഷ്ടപ്പെട്ട പല സിനിമാഗാനങ്ങളും ഈ കവിയുടേതായിരുന്നെന്ന് അടുത്ത കാലത്ത് മനസ്സിലാക്കിയപ്പോൾ സന്തോഷം തോന്നി), ആറ്റൂർ രവിവർമ്മ, കെ.വി. രാമകൃഷ്ണൻ, വിഷ്ണുനാരായണൻ നമ്പൂതിരി, കടമ്മനിട്ട, ബാലചന്ദ്രൻ ചുള്ളിക്കാട്, ഏഴാച്ചേരി രാമചന്ദ്രൻ, മാധവൻ അയ്യപ്പത്ത്, കെ. ജയകുമാർ, സച്ചിദാനന്ദൻ, പി.കെ. ഗോപി, പ്രഭാവർമ്മ, മധുസൂദനൻ നായർ, ഒ.വി. ഉഷ, തൊട്ട് റഫീഖ് അഹമ്മദ്, വിജയലക്ഷ്മി. പി.പി. രാമചന്ദ്രൻ, വി.എം. ഗിരിജ, കുരീപ്പുഴ ശ്രീകുമാർ, ഗിരീഷ് പുത്തഞ്ചേരി, ആലങ്കോട് ലീലാകൃഷ്ണൻ, സച്ചിദാനന്ദൻ പുഴങ്കര, എസ്. ജോസഫ് വരെ എന്റെ വായന തുടർന്നു. ആത്മാരാമൻ വൈകിയാണ് കവിതയെഴുത്തു തുടങ്ങിയതെന്നു തോന്നുന്നു. ഒരു പുസ്തകമേ ഞാൻ വായിച്ചിട്ടുള്ളു. പെട്ടെന്ന് ഓർമ്മയിൽ വന്ന പേരുകൾ എടുത്തു പറഞ്ഞു എന്നു മാത്രം. എന്തുകൊണ്ടോ വിട്ടുപോയ വായനയിൽ ആർ. രാമചന്ദ്രനും എൻ.എൻ. കക്കാടും പെട്ടത് വലിയ നഷ്ടമായി തോന്നുന്നു. കുറച്ചു കാലമായി വായന വല്ലാതെ കുറഞ്ഞിരിക്കയാണ്.

ഞാൻ ദില്ലിയിലായിരുന്ന കാലത്ത് കടമ്മനിട്ട രാമകൃഷ്ണൻ വീട്ടിൽ വരാറുണ്ട്, കവിതകൾ, പ്രത്യേകിച്ചും 'കിരാതവൃത്തം' ചൊല്ലാറുണ്ട്. 'ഈറ്റപ്പുലി പെറ്റുകിടക്കും, ഈറൻ കണ്ണു തുറന്നും.......' പിന്നീട് പലതവണ അദ്ദേഹം ആ കവിത സ്റ്റേജിൽ നിറപ്പകിട്ടോടെ അരങ്ങറിയത് ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് പക്ഷെ ഏറ്റവും ഇഷ്ടപ്പെട്ടത് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതാലാപനമാണ്. അത് സ്വന്തം കവിതയായാലും മറ്റുള്ളവരുടെ കവിതയായാലും. ബാലചന്ദ്രനെപ്പറ്റി പറഞ്ഞപ്പോൾ ഒരു കാര്യം ഓർത്തു. ഒരിക്കൽ കണ്ടുമുട്ടിയപ്പോൾ അദ്ദേഹം ചോദിച്ചു. 'ഞാനിപ്പോൾ വാക്കുകൾക്കു വേണ്ടി ഏതു പുസ്തകമാണ് ആശ്രയിക്കുന്നതെന്ന് അറിയാമോ?' ഞാൻ പറഞ്ഞു. ശബ്ദതാരാവലി? 'അല്ല...' ഒന്നുകൂടി ആലോചിച്ച് ഞാൻ സംശയത്തോടെ പറഞ്ഞു. അമരകോശം? 'അല്ല, അദ്ധ്യാത്മരാമായണം.' ഞാൻ ആ മനുഷ്യമെ മനസ്സിൽ നമിച്ചു.

ഏറ്റവും പുതിയ കവികളിൽ പ്രഗൽഭരായവരുണ്ട്. വല്ലപ്പോഴും ഓടിച്ചു വായിക്കുമ്പോൾ കാണുന്ന പ്രതിഭയുടെ തിളക്കം എന്നെ സന്തോഷിപ്പിക്കാറുണ്ട്. കവിത ഇവിടെ തഴച്ചു വളരുകതന്നെ ചെയ്യും. എനിക്കിഷ്ടമാവാത്തത് കവിതയിൽ സംഗീതാംശം ഒട്ടും പാടില്ലെന്ന പുതുകവികളുടെ പിടിവാശിയാണ്. നമ്മുടെയെല്ലാം മനസ്സിൽ സംഗീതമുണ്ട്. വായിക്കുന്ന കവിതകൾ ആ ഈണങ്ങളോട് താദാത്മ്യം പ്രാപിക്കുമ്പോഴാണ് അവ ആസ്വാദ്യകരമാകുന്നത്.

എം. ഗോവിന്ദന്റെ കവിതകൾ എനിക്കിഷ്ടമാണ്. അതിലെ ജൈവഭാഷയെപ്പറ്റി രണ്ടഭിപ്രായമുണ്ടെങ്കിലും.

കാളിദാസന്റെ കാവ്യങ്ങൾ മലയാളത്തിലുള്ളവ ചിലത് വായിച്ചിട്ടുണ്ട്. മേഘസന്ദേശം, കുമാരസംഭവം. ആഷാഢമാസത്തിലെ തുടക്കത്തിലൊരു ദിവസം മേഘങ്ങൾ നിറഞ്ഞ സാനുവിൽ കൂത്തുമറിയുന്ന ആനക്കുട്ടിയെപ്പോലുള്ള ഒരു മേഘം യക്ഷൻ ദർശിക്കുകയാണ്. വിരഹപരവശനായ ദക്ഷന്റെ ആ നിൽപ് ഒരു ചിത്രമായി മനസ്സിൽ തങ്ങിനിൽക്കുന്നു. കുമാരസംഭവത്തിൽ ഏറ്റവും മനോഹരമായ വരികൾ പാർവ്വതിയുടെ തപസ്സിന്റെ വർണ്ണനയാണ്. എ.ആറിന്റെയാണോ അതോ പ്രൊഫ. കെ.പി. നാരായണപിഷാരടിയുടേയാണോ ആ തർജ്ജമ എന്നോർമ്മയില്ല. മറ്റു സംസ്‌കൃതകാവ്യങ്ങളൊന്നുംതന്നെ ഞാൻ വായിച്ചിട്ടില്ല. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ മഹാഭാരതം തർജ്ജമ വീട്ടിലുണ്ടായിരുന്നത് വായിക്കാൻ ശ്രമിച്ചു, ഏതാനും പേജുകൾ മാത്രം. മടിതന്നെ കാരണം.

ഒരു കാര്യം പറയാം. ഞാൻ എഴുതാൻ വിട്ടുപോയ ചില കവിതകളും കവികളുമുണ്ട്. ഉദാഹരണമായി എഴുത്തച്ഛൻ. രാമായണം വായിച്ചിട്ടുണ്ട്, ഒരിക്കൽ മാത്രം. എഴുത്തച്ഛന്റെ കവിതയോടുള്ള അനാദരവല്ല. എനിക്കാ കഥ ഇഷ്ടമല്ല. വല്ലാത്തൊരു ദുരന്തകഥ. ഇപ്പോൾ കല്യാണഹാളുകളിൽ 'സീതാ കല്യാണ വൈഭോഗമേ' എന്ന ത്യാഗരാജ കീർത്തനം ചൊല്ലുന്നത് കേൾക്കുമ്പോൾ ഓർമ്മ വരുന്നത് പരിത്യക്തയായ സീതയുമായി ലക്ഷ്മണൻ കാട്ടിലേയ്ക്കുള്ള കടവ് കടക്കുന്ന ചിത്രമാണ്. രാമായണത്തിലെ ഏറ്റവും ദുഃഖപൂർണ്ണമായ ആ സന്ദർഭം എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. വേദനകൾ മാത്രം സമ്മാനിച്ച ദാമ്പത്യം. പിന്നീട് ആശാന്റെ ചിന്താവിഷ്ടയായ സീത വായിച്ചപ്പോഴാണ് കുറേ ആശ്വാസമായത്. രാമായണത്തിൽനിന്നു കിട്ടാതിരുന്ന ആശ്വാസം കുമാരനാശാൻ തന്നു.

പെരുമാരിയിൽ മുങ്ങിമാഴ്കിടു-
ന്നൊരു ഭൂമിക്കു ശരത്തുപോലവെ
പരമെന്നരികത്തിലെത്തിയ-
പ്പരവിദ്യാനിധി നിന്നതോർപ്പു ഞാൻ.
'നികടത്തിൽ മദീയമാശ്രമം
മകളേ പോരിക,തോർക്കനിൻ ഗൃഹം.'

ഒരു ദുരന്തകഥാപാത്രമാണ് ലക്ഷ്മണൻ. ജ്യേഷ്ഠന്റെ ആജ്ഞ നിറവേറ്റണമെന്ന നിർബ്ബന്ധമുള്ളതുകാരണമാണ് സീതയെ തന്റെ മനസ്സാക്ഷിക്കെതിരായി കാട്ടിലാക്കാൻ കൊണ്ടുപോയത്. അന്ന് ലക്ഷ്മണൻ അനുഭവിച്ച ദുഃഖം കുറച്ചൊന്നുമാവില്ല. അതുപോലെ മാരീചൻ എന്ന മാനിന്റെ പിന്നാലെ പോയ രാമനെ അന്വേഷിച്ചു ചെല്ലാൻ സീത ആവശ്യപ്പെട്ടപ്പോൾ ഇതേ കാരണംകൊണ്ട് ലക്ഷ്മണൻ അനങ്ങിയില്ല. അതുകാരണം സീതയുടെ അടുത്തുനിന്ന് കേൾക്കേണ്ടിവന്ന ശകാരങ്ങൾ അദ്ദേഹത്തെ എത്രത്തോളം വേദനിപ്പിച്ചിട്ടുണ്ടാവണം? രാവണൻ അപഹരിച്ചുകൊണ്ടുപോകുമ്പോൾ സീത അവളുടെ ആഭരണങ്ങൾ മുഴുവൻ അഴിച്ച് ഉത്തരീയത്തിൽ കെട്ടി താഴേയ്ക്കിട്ടു. രാമൻ അന്വേഷിച്ചു വരുമ്പോൾ അദ്ദേഹത്തിന് മാർഗ്ഗനിർദ്ദേശത്തിനായിരുന്നു അത്. ലക്ഷ്മണനോട് ആഭരണങ്ങൾ സീതാദേവിയുടേയാണോ എന്ന ചോദ്യത്തിന് ലക്ഷ്മണൻ പറഞ്ഞത്. അതിൽ കാൽ വിരലിൽ ഇടുന്ന മോതിരം മാത്രമേ തനിക്കറിയൂ എന്നാണ്. എന്നും പ്രഭാതത്തിൽ വന്ന് സീതയെ കുമ്പിട്ടു വന്ദിക്കുമ്പോൾ കാണുന്നതാണത്. അങ്ങിനെയുള്ള ഒരാളെയാണ് സീത വൃത്തികെട്ട ഭാഷയിൽ അധിക്ഷേപിച്ചത്.

അച്ഛന്റെ കവിതകളിൽ എനിക്കേറെ ഇഷ്ടമായത് 'മാപ്പില്ല' എന്ന മുക്തകമാണ്. ഒരു കവിയുടെ എല്ലാ കവിതകളും വായിച്ചിട്ടുണ്ട് എന്ന് ധൈര്യപൂർവ്വം പറയാൻ പറ്റുന്നത് ഇടശ്ശേരിക്കവിതകളെപ്പറ്റി മാത്രമാണ്. വള്ളത്തോൾ വിദ്യാപീഠമാണ് ഇടശ്ശേരിയുടെ സമ്പൂർണ്ണ കവിതകൾ പ്രസിദ്ധീകരിച്ചത്. വല്ലാത്തൊരു സാഹസമായിരുന്നു അത്. രണ്ടാമത്തെ എഡിഷൻ പ്രസിദ്ധീകരിക്കാൻ വിഷമമായപ്പോൾ ആ കർത്തവ്യം ഞാനേറ്റെടുത്തു. ആ കാലത്ത് ടൈപ്പ്‌സെറ്റ് ചെയ്ത കവിതകളുടെ പ്രൂഫ് റീഡിങ് നടത്തിയത് ഞാനായിരുന്നു. ഒരു വട്ടമല്ല, പല വട്ടം ഞാനാ കവിതകൾ വായിച്ചു. കവിഗുരുക്കളോട് സംശയം ചോദിച്ചു തിരുത്തലുകൾ നടത്തിയെങ്കിലും അതിൽ തെറ്റുകൾ ബാക്കിവന്നു. പിന്നീട് മാതൃഭൂമി അതു പ്രസിദ്ധീകരിക്കാൻ താല്പര്യം കാണിച്ചപ്പോൾ വീണ്ടും തെറ്റുകൾ തിരുത്തിയാണ് കൊടുത്തത്. ഇപ്പോൾ പ്രൊഫ. കെ.പി. ശങ്കരൻ അതിൽ കാണാതെ കിടക്കുന്ന തെറ്റുകൾ കൂടി തിരുത്തി കവിതയ്ക്ക് ടിപ്പണി ചെയ്യുന്ന ജോലിയിലേർപ്പെട്ടിരിക്കയാണ്. ഇനിയുള്ള പതിപ്പുകൾ കറ കളഞ്ഞവയാണെന്ന് ഉറപ്പു വരുത്തും. ഒരു കാര്യംകൂടി. ഇടശ്ശേരി എന്ന കവിയെയാണോ അതോ ഇടശ്ശേരിയെന്ന അച്ഛനെയാണോ കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചാൽ മറുപടി ഇതായിരിക്കും. ഇടശ്ശേരി എന്ന കവി. ഒരു കവിയെന്ന നിലയിൽ അച്ഛൻ എന്നെ അദ്ഭുതപ്പെടുത്തുകയാണ്.

ഛന്ദോബദ്ധമായവ മാത്രമാണ് കവിതയെന്ന് എനിക്ക് അഭിപ്രായമില്ല. ഗദ്യത്തിലെഴുതിയതും കവിതയാവാം. ഉദാഹരണമായി ഉറൂബിന്റെ ഗദ്യം. അതിൽ കവിതയുണ്ട്, താളമുണ്ട്. ഒരുപക്ഷെ കവിതയിൽ തുടങ്ങിയ ഉറൂബ്, ഇടശ്ശേരിയുടെ നിർദ്ദേശപ്രകാരം കഥയിലേയ്ക്കും നോവലിലേയ്ക്കും ചേക്കേറിയപ്പോൾ അദ്ദേഹത്തിലുള്ള കവിത ഗദ്യമായി ബഹിർഗമിച്ചതാവണം.

ഞാനറിയാതെത്തന്നെ അച്ഛന്റെ കവിതകളിലെ കഥാപാത്രങ്ങൾക്കു സമാനമായ കഥാപാത്രങ്ങൾ എന്റെ കഥകളിലും വന്നുചേർന്നിട്ടുണ്ട്. 'ഇസ്ലാമിലെ വൻമല' എന്ന കവിതയിൽ ബാപ്പയുടെ അടി സഹിക്കാൻ വയ്യാതായപ്പോഴും പേരു പറയാതെ തന്റെ സ്‌നേഹിതന്റെ മാനം കാത്ത അലവിയെന്ന ബാലൻ തന്നെയല്ലെ എന്റെ 'കങ്ഫൂ ഫൈറ്ററും'? 'നെല്ലുകുത്തുകാരി പാറുവിലെ' തീം, അതായത് യന്ത്രവത്കരണം സ്ത്രീകളെ തളർത്തുന്നത്, എന്റെ ഒന്നിലധികം കഥകളിൽ വന്നിട്ടുണ്ട്. 'ഒരു ദിവസത്തിന്റെ മരണം', 'അമ്മേ അവര് നമ്മടെ ആകാശം കട്ടെടുത്തു' എന്നീ കഥകളിൽ. 'മുള്ളൻ ചീര'യാണോ 'പ്രാകൃതനായ തോട്ടക്കാരൻ' എന്ന കഥയ്ക്ക് പ്രചോദനം?

ഞാൻ കഥകളെഴുതാൻ കാരണം വായിച്ച കവിതകളുടെ സ്വാധീനമാണെന്ന് പറയാം. അച്ഛനിൽനിന്നല്ല അമ്മയിൽനിന്നാണ് കഥയെഴുതാനുള്ള പ്രേരണയും കഴിവും ലഭിച്ചത്. അമ്മയുടെ കവിത-കഥയെഴുത്ത് വിവാഹത്തിനുശേഷം പൊടുന്നനെ നിൽക്കുകയാണുണ്ടായത്. അമ്മ നിർത്തിയേടത്തുനിന്ന് ഞാൻ തുടങ്ങണമെന്നുണ്ടായിരുന്നു അമ്മയ്ക്ക്. കഥകളെഴുതിയിരുന്നെങ്കിലും അമ്മയുടെ ആദ്യ പ്രേമം കവിതയോടായിരുന്നു. പിന്നീട് കവിയോടും!

ഇ ഹരികുമാര്‍

E Harikumar