കഥകള്‍ മനസ്സില്‍ നിറയുമ്പോള്‍

എന്റെ മനസ്സില്‍ എപ്പോഴും കഥയുണ്ട്. ഒരു ദൃശ്യം, ഒരു നാദം, ഒരു ഗന്ധം. അതെന്നില്‍ സ്മരണകളുടെ വേലിയേറ്റമുണ്ടാക്കുന്നു. ചിലപ്പോള്‍ ഒരു കഥയുടെ ബീജാവാപവും നടക്കുന്നു. മനസ്സ് ഒരു നല്ല ഗര്‍ഭപാത്രമാണ്. അത് ഏതു കഥാബീജത്തെയും വളര്‍ത്തിക്കൊണ്ടുവരുന്നു. നമ്മള്‍ അറിയാതെത്തന്നെ. കഥാപാത്രങ്ങള്‍ ഉരുത്തിരിയുന്നു. സംഭവങ്ങള്‍ വികസിച്ചുവരുന്നു. സംഭാഷണങ്ങള്‍കൂടി മനസ്സിൽ ഉടലെടുക്കുന്നു. ഇനി ഏതാനും ദിവസങ്ങള്‍ അതുകൊണ്ട് കളിക്കാം. ആ കഥാപാത്രങ്ങളുടെ ഗതിവിഗതിയില്‍ സന്തോഷിക്കാം. സങ്കടപ്പെടാം. പക്ഷേ, കഥ എഴുതലുണ്ടാവില്ല. കഥ മനസ്സിന്റെ അറിയപ്പെടാത്ത ഏതോ കോണിലേക്ക് സാവധാനത്തില്‍ ഇറക്കിവയ്ക്കപ്പെടുന്നു.

കഥ എഴുതണമെങ്കില്‍ പുറത്തുനിന്ന് സമ്മര്‍ദ്ദമുണ്ടാവണം. എന്റെ കഥ മറ്റുള്ളവരുമായി പങ്കിടാന്‍ അവർ നിര്‍ബന്ധിക്കണം. അപ്പോള്‍ മാത്രമേ ഞാൻ കടലാസും പെന്നും എടുക്കുന്നുള്ളു. എന്നെ സംബന്ധിച്ചിടത്തോളം എഴുത്ത് വളരെ വിഷമം പിടിച്ച ഒരു കാര്യമാണ്. ഒരു നിവൃത്തിയുണ്ടെങ്കില്‍ അതൊഴിവാക്കുകയാണ് പതിവ്. എന്തെങ്കിലും നിസ്സാര ജോലിയുണ്ടെങ്കില്‍ അതൊരു ഒഴിവുകഴിവായി പറഞ്ഞ് ഞാന്‍ എഴുത്ത് മാറ്റിവയ്ക്കും. കൂടുതല്‍ എഴുതിയാൽ കൂടുതൽ പേരെടുക്കാമെന്നെല്ലാം അറിയാം. പ്രശസ്തിയോട് ഒട്ടും വൈമുഖ്യവുമില്ല. പക്ഷേ, അതിനുവേണ്ടി മെനക്കെട്ടിരുന്ന് എഴുതാന്‍ വയ്യ. അതുകൊണ്ട് ഒരു എഴുതപ്പെട്ട കഥയ്ക്കുശേഷം ചുരുങ്ങിയത് പത്ത് എഴുതപ്പെടാത്ത കഥകള്‍ എന്റെ മനസ്സിലുണ്ടാവുന്നു.

ഒരു കഥ എഴുതാന്‍ ഒന്നോ രണ്ടോ മാസങ്ങൾ വേണം. ഒന്നോ രണ്ടോ ദിവസങ്ങള്‍കൊണ്ട് തീര്‍ത്ത കഥകളുമുണ്ട്. രണ്ടു ദിവസം കൊണ്ടെഴുതിയാലും രണ്ടു മാസമെടുത്തെഴുതിയാലും എനിക്ക് തൃപ്തിയായ കഥ മാത്രമേ ഞാന്‍ മുഴുമിക്കാറുള്ളൂ. എഴുതിക്കഴിയുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു. ആശ്വാസവും.

എഴുതിക്കഴിഞ്ഞശേഷം ഒന്നോ രണ്ടോ ദിവസം ഞാൻ അത് മാറ്റിവയ്ക്കും. പിന്നീട് വായിച്ചുനോക്കി തിരുത്തലുകള്‍ നടത്തും. ഇത് പലകുറി ആവര്‍ത്തിക്കുന്ന ഒരു പ്രക്രിയയാണ്. ചിലപ്പോള്‍ പത്തോ പന്ത്രണ്ടോ തവണ വായിച്ച് തിരുത്താറുണ്ട്. വാചകങ്ങളുടെ ഘടനകള്‍ മാറ്റുന്നു. കുറെക്കൂടി മെച്ചമായ വാക്കുകൾ കണ്ടുപിടിക്കുന്നു. ചിലപ്പോള്‍ പാരഗ്രാഫുകൾ തന്നെ മാറ്റുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യുന്നു. കഥ മുഴുവന്‍ ഉടച്ചുവാര്‍ക്കേണ്ടിവന്ന ഘട്ടങ്ങളുമുണ്ട്. അതു വളരെ വിഷമം പിടിച്ചതാണ്.

കാരണം ഒരു കഥ എഴുതിക്കഴിഞ്ഞാല്‍ അതിന്റെ ഘടന എന്റെ മനസ്സിൽ രൂഢമൂലമാവുന്നു. പിന്നീട് ആ കഥ തന്നെ വേറൊരു രൂപത്തിൽ എഴുതുക എന്നതു പോകട്ടെ ആലോചിക്കുക തന്നെ വിഷമം പിടിച്ചതാണ്. അങ്ങനെ പാടേ മാറ്റിയെഴുതിയ കഥകളാണ് 'സൂര്യകാന്തിപ്പൂക്കളും' 'ഇടയ്ക്കയുടെ ശബ്ദവും'.

സ്വാനുഭവങ്ങള്‍ പല കഥകളുടെയും സൃഷ്ടിക്കു കാരണമായിട്ടുണ്ട്. അങ്ങനെയുള്ള ഒരു കഥയാണ് 'വൃക്ഷഭത്തിന്റെ കണ്ണ്' ബോംബെയില്‍ ഞങ്ങളുടെ ഫ്ലാറ്റിന് താഴെ നിലയിൽ താമസിച്ചിരുന്ന പഞ്ചാബികളുടെ മകന്‍. നാലഞ്ചു വയസ്സു പ്രായം. അവന്‍ എന്നും ഞങ്ങളുടെ വീട്ടിൽ കളിക്കാന്‍ വരാറുണ്ട്. അന്ന് ഒന്നര വയസ്സുള്ള ഞങ്ങളുടെ മകനുമായി കളിക്കും, അവന്‍ തിരിച്ചുപോകുന്നത് മോനിഷ്ടമല്ല. അവന്‍ കരയാൻ തുടങ്ങും. ആ കുട്ടി ഒരു വിഷമസന്ധിയിലാവും. അവൻ തിരിച്ചുപോയി അമ്മയെ കാണാൻ തോന്നുന്നുണ്ടാവും. ഞങ്ങളുടെ മകനെ കരയിപ്പിക്കാനും വയ്യ. നല്ല കൗതുകമുള്ള ഒരു കുട്ടിയായിരുന്നു അവന്‍. ഒരുദിവസം സ്‌ക്കൂട്ടറപകടത്തിൽ അവൻ മരിച്ചു. ചെറിയച്ഛന്റെ ഒപ്പം സ്‌ക്കൂട്ടറില്‍ പോകുകയായിരുന്നു. അവന്റെ ചെറിയച്ഛനും മരിച്ചു. മൃതദേഹം കാണാന്‍ ഞാൻ ആശുപത്രിയിൽ പോയിരുന്നു. തിരിച്ചുവരുമ്പോള്‍ ഞാൻ പലതും ആലോചിച്ചു. എന്താണിതിന്റെയൊക്കെ അര്‍ഥം. ഓടിക്കളിച്ചുകൊണ്ടിരുന്ന ഒരു കുട്ടി. എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു ആ കുട്ടി. ഒരു ദിവസം പെട്ടെന്ന് അവന്റെ ഭാവിക്കു നേരെ ഒരു വലിയ ശൂന്യത മാത്രം അവശേഷിപ്പിച്ച് ഇല്ലാതാവുന്നു. ഇതെന്നെ വല്ലാതെ അലട്ടി. പ്രപഞ്ചത്തിലെ ഓരോ അണുവും അന്യോന്യം ബന്ധപ്പെട്ടതാണെന്നും അതില്‍ എവിടെയെങ്കിലും ഉണ്ടാവുന്ന ചെറിയ ചലനം പോലും മുന്‍കൂട്ടി നിശ്ചയിച്ചതായിരിക്കണമെന്നും എനിക്കു തോന്നി. മാറ്റാന്‍ കഴിയാത്ത വിധം ആ ചലനം പ്രപഞ്ചരഹസ്യങ്ങളുടെ കലവറയിലെവിടെയോ കൂട്ടിയിട്ട താളിയോലഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുകയാണെന്നും എനിക്ക് തോന്നി. ഈ സംഭവം കുറെ ദിവസങ്ങളോളം എന്നെ അലട്ടി. അവസാനം ആ കഥ എഴുതിത്തീര്‍ന്നപ്പോഴാണ് ആശ്വാസം തോന്നിയത്.

കൂറകള്‍ എന്ന സമാഹാരത്തിലെ എന്റെ ആദ്യകാല കഥകൾ ഇഷ്ടപ്പെട്ടിരുന്ന ചിലർ എന്റെ പിന്നീടുള്ള കഥകള്‍ സംശയദൃഷ്ടിയോടെ വീക്ഷിച്ചിട്ടുണ്ട്. ശരിക്കുള്ള ഹരികുമാര്‍ കഥകൾ അവയാണെന്നും എന്റെ സര്‍ഗചേതന വഴിയിലെവിടെയോവച്ച് നഷ്ടപ്പെട്ടുവെന്നും അവർ വാദിക്കുന്നു. എന്റെ അഭിപ്രായത്തില്‍ കൂറകളിലെ കഥകൾ ഒരു പരീക്ഷണഘട്ടത്തിലെ കഥകളാണ്. എഴുതാന്‍ തുടങ്ങുന്ന ഒരാള്‍ തന്റെ മാധ്യമം കൊണ്ട് പരീക്ഷണം നടത്തുന്നതാണത്. ആ കാലത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ വായിച്ചിരുന്നത് ചിത്രകലയെയും ശില്പകലയെയും പറ്റിയുള്ള പുസ്തകങ്ങളായിരുന്നു. കല്‍ക്കത്തയിലെയും ദല്‍ഹിയിലെയും ആര്‍ട് ഗ്യാലറികളായിരുന്നു എന്റെ അഭയസ്ഥാനങ്ങള്‍. അക്കാലത്ത് എഴുതിയ പല കഥകളിലും ചിത്രകലയുടെയും ശില്പകലയുടെയും സ്വാധീനം വ്യക്തമായി കാണാം, പിന്നീട് ഞാന്‍ ആ സ്വാധീനത്തില്‍നിന്ന് കുതറിയോടുകയാണ് ചെയ്തതെങ്കിലും. പില്‍ക്കാലത്ത് എഴുതിയ കഥകളിലെല്ലാം വായനക്കാര്‍ക്കിഷ്ടമായ ആര്‍ദ്രതയുടെ സ്രോതസ്സുകൾ എന്റെ ആദ്യകാല കഥകള്‍തൊട്ടേ ഉണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. രൂപത്തിലും ഭാവത്തിലും വന്ന മാറ്റം ആരോഗ്യപരമായ ഒരു വളര്‍ച്ചയുടെ അനിവാര്യവും തീരിച്ചുപോക്കില്ലാത്തതുമായ വ്യതിയാനങ്ങളാണ്.

ശില്പകലയുടെ പ്രകടമായ സ്വാധീനമുള്ള ഒരു കഥയാണ് 'മധുവിധു'. മറ്റൊരുവിധത്തിലും ആ കഥയെ വ്യാഖ്യാനിക്കാനും വയ്യ. ഒരു രാത്രി വളരെ അസാധാരണമായ ഒരു ദൃശ്യം സ്വപ്‌നരൂപത്തില്‍വന്ന് എന്നെ അലട്ടി. ഇലകൊഴിഞ്ഞ ഒരു മരത്തിനു ചുവട്ടില്‍ ഒരാൾ കിടക്കുകയാണ്. അയാള്‍ തലയുയര്‍ത്തി നോക്കുന്നത് ദൂരെ മഞ്ഞുമൂടിയ മലനിരകളാണ്. ഹെന്റി മൂറിന്റെ റിക്ലൈനിങ് ഫിഗറുകളിൽ ഒന്നിനെ അനുസ്മരിപ്പിക്കുന്ന ഈ ദൃശ്യം ഒരു നിശ്ചലചിത്രം പോലെ മനസ്സില്‍ വന്ന് എന്നെ അലട്ടാൻ തുടങ്ങി. ഉറക്കം നഷ്ടപ്പെട്ടുവെന്ന് മനസ്സിലായപ്പോള്‍ ഞാൻ കടലാസും പെന്നും എടുത്ത് ആദ്യത്തെ വരി എഴുതി:

''അവര്‍ വേനലിൽ മരത്തിനു ചുവട്ടിൽ മണ്ണിൽ നീണ്ട ചാലുകൽ കീറി താമസമാക്കിയപ്പോൾ മരത്തിന് യുവത്വത്തിന്റെ അഴകുണ്ടായിരുന്നു.''

പിന്നീടുള്ള വരികളും വളരെ അനായാസേന പേനത്തുമ്പില്‍ വരുന്നത് എന്നെ അത്ഭുപ്പെടുത്തി. പുലര്‍ച്ചയായപ്പോഴേയ്ക്കും ആ കഥ എഴുതിക്കഴിയുകയും ചെയ്തു. കാര്യമായ മാറ്റങ്ങളൊന്നും ആ കഥയ്ക്ക് വേണ്ടി വന്നില്ല.

'ശ്രീപാര്‍വതിയുടെ പാദം' എഴുതാനുണ്ടായ പ്രചോദനം ഭാര്യ തന്നെയാണ്. അവള്‍ക്ക് ഏതാനും മാസത്തെ നഗരജീവിതം കഴിഞ്ഞാല്‍ നാട്ടിൽ പോകണം. ഒരുതരം ആത്മശുദ്ധീകരണത്തിനാണത്രെ. ഈ കഥയില്‍ ഗൃഹാതുരത്വം ഉണ്ടെങ്കിലും അതിന് ഊന്നൽ കൊടുക്കാനല്ല ഞാന്‍ ഉദ്ദേശിച്ചത്. ആ രണ്ട് കഥാപാത്രങ്ങളുടെ സ്വഭാവവൈരുധ്യമാണ് കാര്യം. ശാരദയുടെ നിസ്സഹായതയില്‍നിന്നുണ്ടായ അരക്ഷിതബോധവും അതിന്റെ പരിണത ഫലമായ കണക്കുപറച്ചിലും ഒരു ഭാഗത്ത്. മറുഭാഗത്താകട്ടെ കണക്കുകൂട്ടലുകള്‍ക്കപ്പുറത്ത് സ്നേഹത്തിന്റെ അക്ഷയസ്രോതസ്സിന്റെ ഉടമയായ ഒരു വലിയ മനസ്സ്. അവളെ സ്നേഹം എന്ന വികാരം പഠിപ്പിച്ച മുത്തശ്ശി. ഈ കഥാപാത്രങ്ങള്‍ എന്റെ മനസ്സിൽ കുറെക്കാലമായി ഉണ്ടായിരുന്നു. ഒരു മഴയുള്ള രാത്രിയില്‍ ഭാര്യ ഞാൻ നാളെ അന്നകരയ്ക്ക് പോകട്ടെ എന്നു പറഞ്ഞപ്പോൾ ഈ കഥാപാത്രങ്ങള്‍ വീണ്ടും എന്റെ മനസ്സില്‍ തള്ളിക്കയറി. പിറ്റേന്ന് കഥയെഴുതാനും തുടങ്ങി. ഇതിലെ ഗൃഹാതുരത്വം സ്വാഭാവികമായ ഒരു ഉപോല്പന്നം മാത്രമാണ്.

'ഒരു കൊത്തുപണിക്കാരന്‍' എന്ന കഥയിലെ തീം കലക്ക് പ്രതിഫലമായി കുമ്പിൾ കിട്ടുന്നതിന്റെ ദുരന്തമാണ്. കലക്ക് കുമ്പിള്‍ എന്ന് ആശയം ഇടശ്ശേരിയും എം. ഗോവിന്ദനും കവിതയിലൂടെ കൈകാര്യം ചെയ്തിട്ടുള്ളതാണ്. ഇടശ്ശേരിയുടെ 'അപ്പക്കാള', എം. ഗോവിന്ദന്റെ ''മനോധര്‍മം.' അതിനോടൊപ്പം തന്നെ സ്വന്തം കലയെ തത്വദീക്ഷയില്ലാത്ത കച്ചവടക്കാരില്‍നിന്ന് രക്ഷിക്കാന്‍ പൊരുതുന്ന ഒരാളെ ചിത്രീകരിക്കുകകൂടി ചെയ്തപ്പോൾ ചിത്രം പൂര്‍ത്തിയായി.

പരസ്യത്തിനോ പ്രത്യയശാസ്ത്രങ്ങളുടെ അകമ്പടിക്കോ വേണ്ടി ഞാന്‍ എഴുതാറില്ല. എന്റെ ആത്മാവില്‍ തട്ടുന്ന വിഷയങ്ങളാണ് ഞാൻ കൈകാര്യം ചെയ്യാറ്. ''ഒരു ദിവസത്തിന്റെ മരണം', ''ഒരു കങ്ഫൂ ഫൈറ്റര്‍', 'ഒരു വിശ്വാസി', ''ഡോക്ടര്‍ ഗുറാമിയുടെ ആശുപത്രി' എന്നീ കഥകള്‍ വായിക്കുമ്പോൾ ഇപ്പോഴും എന്റെ കണ്ണുകള്‍ ഈറനാവുന്നുണ്ട്.

നല്ല കോപ്പി എഴുതിയുണ്ടാക്കുന്നത് ഭാര്യയുടെ ചുമതലയാണ്. അത് അവള്‍ ഭംഗിയായി ചെയ്യുന്നു. എന്റെ ഭാഷയുടെ കോട്ടങ്ങള്‍ തീര്‍ത്ത് അവൾ ചില്ലറ എഡിറ്റിങ്ങും നടത്തും.

പേരെടുക്കണമെന്ന മോഹം നല്ലവണ്ണമുണ്ട്. പക്ഷേ, അതിനുള്ള കുറുക്കുവഴികള്‍ ഇഷ്ടമല്ല. അമ്മയെ തല്ലി പേരെടുക്കാന്‍ എനിക്ക് താല്പര്യമില്ല. നല്ല കഥകള്‍ മാത്രമെഴുതി ആസ്വാദകന്റെ ആസ്വാദനക്ഷമതയെ തൃപ്തിപ്പെടുത്തി കിട്ടുന്ന പേരൊക്കെ മതി. പലരും ചെയ്യുന്നപോലെ സ്റ്റണ്ടുകള്‍ ഇറക്കി കിട്ടുന്ന പേര് എനിക്കുവേണ്ട. കഥയുടെ ഇടയിലോ അന്ത്യത്തിലോ അവ്യക്തത നിറയ്ക്കുക, ഞെട്ടലുണ്ടാക്കുന്നവിധത്തില്‍ കഥയുടെ പരിണാമം സൃഷ്ടിക്കുക തുടങ്ങിയ ചൊട്ടുവിദ്യകളിലൂടെ പേരും പ്രശസ്തിയും ലഭിച്ചവര്‍ ധാരാളമുണ്ട്. രാജാവ് ഉടുത്തിരിക്കുന്ന ഇല്ലാവസ്ത്രത്തെ പുകഴ്ത്തുന്ന ബുദ്ധിമാന്മാരുമുണ്ട്.

എന്റെ വായനക്കാരെ എനിക്ക് ബഹുമാനമാണ്. അവരുടെ സംവേദനക്ഷമതയില്‍ എനിക്ക് വിശ്വാസമുണ്ട്. ഞാന്‍ എഴുത്തിൽ കള്ളത്തരം കാട്ടിയാൽ അവർ കണ്ടുപിടിക്കുമെന്നും മറ്റു പല എഴുത്തുകാര്‍ക്ക് പറ്റിയ പോലെതന്നെ എന്നെയും അവർ പ്രതിക്കൂട്ടിലാക്കുമെന്നും എനിക്കറിയാം. ആ വായനക്കാരാണ് അദൃശ്യസാന്നിധ്യത്തിലൂടെ എന്റെ സാഹിത്യത്തിന്റെ ഗുണനിലവാരത്തിന് കാവല്‍ നില്‍ക്കുന്നത്. കഥ ഇഷ്ടപ്പെട്ടു എന്ന് ഏതെങ്കിലും വായനക്കാരന്‍ എനിക്ക് നേരിട്ടോ വാരികയിലൂടെയോ എഴുതുന്നത് വായിക്കുമ്പോഴാണ് ചാരിതാര്‍ത്ഥ്യം അനുഭവപ്പെടുന്നത്.

എന്റെ കഥകളെപ്പറ്റി ഏതാനും പഠനങ്ങൾ വന്നിട്ടുണ്ടെന്നല്ലാതെ വിമര്‍ശനങ്ങളുണ്ടായിട്ടില്ലെന്നുതന്നെ പറയാം. ഈ പഠനങ്ങളാവട്ടെ നിരൂപകന്റെ മേലങ്കിയണിയാത്ത സഹൃദയരായ വായനക്കാരുമാണ്. പ്രൊഫഷണല്‍ വിമര്‍ശകർ എന്നെ തഴയുകയാണ് ചെയ്തിട്ടുള്ളത്. അവര്‍ പഠിച്ചുവച്ച ജ്യോമട്രിയിൽ ഒതുങ്ങുന്നതല്ല എന്റെ കഥകൾ. നിരൂപകരുടെ ഏറ്റവും പുതിയ തലമുറ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്നാണ് എനിക്കു തോന്നുന്നത്. അവര്‍ക്ക് എന്റെ കഥകളുടെ നേരെ അവരുടെ മുന്‍പുള്ള തലമുറയ്ക്ക് ചെയ്യാൻ കഴിയാതിരുന്ന നീതി പുലര്‍ത്താൻ കഴിയുമെന്നെനിക്ക് ഉറപ്പുണ്ട്.

എല്ലാ പുസ്തകങ്ങള്‍ക്കും നല്ല റിവ്യൂ ആണ് കിട്ടിയിട്ടുള്ളത്. 'കൂറകള്‍' എന്ന കഥാസമാഹാരത്തിന് ആ പുസ്തകമിറങ്ങിയ കാലത്ത് എം. ഗോവിന്ദനും ഇ. വാസുവും തോട്ടം രാജശേഖരനും വളരെ നല്ല അഭിപ്രായം പറഞ്ഞപ്പോള്‍ മാതൃഭൂമിയിൽ വന്ന റിവ്യു വളരെ മോശമായിരുന്നു.

എന്റെ ചില കഥകളുടെ അവസാനത്തെ വാചകം എടുത്ത് എന്നെ തല്ലിയവരുണ്ട്. അത് ശരിയാണെന്ന് ബോദ്ധ്യമായതിനെത്തുടര്‍ന്ന് പിന്നീട് കഥ പുസ്തകരൂപത്തിലാക്കുമ്പോൾ മാറ്റം വരുത്താന്‍ ശ്രദ്ധിച്ചിട്ടുണ്ട്. 'മേഘങ്ങള്‍ പഞ്ഞിക്കെട്ടുകള്‍പോലെ' എന്ന കഥയിലെ അവസാനത്തെ വാചകം തീരെ അനാവശ്യമാണെന്ന് പ്രൊഫ. എം. കൃഷ്ണന്‍നായർ പറഞ്ഞത് വളരെ കാര്യമാണെന്ന് മനസ്സിലായപ്പോള്‍ ഞാൻ ആ വാചകം വേണ്ടെന്നു വച്ചു.

'സൂര്യകാന്തിപ്പൂക്കള്‍' എന്ന കഥയിലെ അവസാനത്തെ വാചകം വേണ്ടായിരുന്നു എന്നു പറഞ്ഞ് എന്നെ രൂക്ഷമായി വിമര്‍ശിച്ച സ്നേഹിതന്മാരുണ്ട്. വായനക്കാരുടെ സംവേദനക്ഷമതയില്‍ എനിക്കുള്ള മതിപ്പുകുറവാണ് അത് കാട്ടുന്നതെന്ന് അവർ വാദിച്ചു. എനിക്കാ അഭിപ്രായമില്ലായിരുന്നു. അതുകൊണ്ട് ആ വാചകം മാറ്റാനും പോയില്ല. വിമര്‍ശനത്തോട് ഒരു തുറന്ന സമീപനമാണ് ഞാൻ ഉള്‍ക്കൊള്ളാറ്. ചിലപ്പോള്‍ സ്നേഹിതരെ വായിച്ചു കേള്‍പ്പിച്ച് അവർ നിര്‍ദ്ദേശിക്കുന്ന തിരുത്തലുകൾ പ്രായോഗികവും സൗന്ദര്യപരവുമാണെങ്കിൾ സ്വീകരിക്കാറുണ്ട്.

എന്റെ ഏറ്റവും വലിയ പ്രശ്നം എഴുത്തല്ല. പ്രസാധനവുമല്ല. എന്റെ പേരു തന്നെയാണ്. ഹരികുമാര്‍ എന്ന പേരിനുപകരം അത്രതന്നെ മത്സരമില്ലാത്ത വല്ല പേരുമായിരുന്നെങ്കിൽ എന്ന് തോന്നാറുണ്ട്. ഹരികുമാര്‍ എന്നു പേരുള്ളവരെല്ലാം ഏതെങ്കിലും വിധത്തിൽ പ്രഗല്‍ഭരാണെന്ന് തോന്നുന്നു. കലാസാംസ്കാരിക രംഗങ്ങളിൽ, രാഷ്ട്രീയത്തിൽ, ശാസ്ത്രത്തിൽ, സാഹിത്യത്തില്‍.

പറഞ്ഞുവരുന്നതെന്തെന്നാല്‍ ഹരികുമാർ എന്ന പേരിൽ നിരവധി പേർ എഴുതുന്നുണ്ട്. കഥകള്‍, നോവൽ, ശാസ്ത്രലേഖനങ്ങൾ, സ്‌പോര്‍ട്‌സ്, സിനിമ തുടങ്ങിയവയെപ്പറ്റി, ആദ്യ മൂന്നോ നാലോ കഥകള്‍ പ്രസിദ്ധീകരിച്ചപ്പോൾ മാത്രമെ ഞാൻ എന്റെ ഇനീഷ്യൽ ഇ. ഹരികുമാര്‍ എന്നു വച്ചുള്ളു. അതിനുശേഷം പി.സി.മ്മാവന്റെ (ഉറൂബ്) നിര്‍ദേശപ്രകാരം ഞാൻ ഇനീഷ്യലില്ലാതെ ഹരികുമാര്‍ എന്നു മാത്രമെ എഴുതാറുള്ളൂ. കുറെക്കാലം വലിയ കുഴപ്പമില്ലാതെ കാര്യങ്ങള്‍ നടന്നു. അപ്പോഴാണ് മറ്റ് ഹരികുമാറുമാര്‍ ചിലര്‍ക്കു തോന്നിയത് എന്തിന് ഇനീഷ്യൽ വയ്ക്കുന്നു. ഈയിടെ മനോരമ സണ്‍ഡേ സപ്ലിമെന്റിൽ ഒരു ഹരികുമാർ ഇനീഷ്യലില്ലാതെ ഒരു ലേഖനം ശബരിമല തീര്‍ഥാടനത്തെപ്പറ്റി എഴുതിയിരുന്നു. വളരെ പേര്‍ അത് ഞാനെഴുതിയ ലേഖനമാണോ എന്നന്വേഷിച്ചു. അത് ഞാനല്ല എഴുതിയത് എന്ന് പറഞ്ഞ് മടുത്തു. ഈശ്വരവിശ്വാസിയല്ലാത്ത ഞാന്‍ ശബരിമല അയ്യപ്പനെപ്പറ്റി എഴുതുക! എന്തായാലും ഈ പേര് വളരെ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. മറ്റു ഹരികുമാര്‍ നല്ലതു വല്ലതും എഴുതിയാല്‍ അതിന്റെ ക്രെഡിറ്റ് ഞാൻ അര്‍ഹിക്കാതെ എനിക്ക് കിട്ടുന്നു. മറിച്ച് അവര്‍ മോശമായതെന്തെങ്കിലും എഴുതിയാലോ, ഞാന്‍ അര്‍ഹിക്കാതെ തെറിയും കിട്ടുന്നു. ഇതിനെന്താണ് ഒരു പോംവഴി എന്നറിയില്ല.

കഥാസാഹിത്യത്തിലെ പുതിയ തലമുറയെപ്പറ്റി എനിക്ക് വളരെയധികം ആശയും അഭിമാനവുമുണ്ട്. മുന്‍ തലമുറയില്‍പ്പെട്ടവരുടെപോലെ അവർ അഭ്യാസങ്ങള്‍ക്കും കണ്ണഞ്ചിക്കുന്ന പ്രകടനങ്ങള്‍ക്കും പോകുന്നില്ല. അവര്‍ കൂടുതൽ ആത്മാര്‍ത്ഥതയുള്ളവരായിട്ടാണ് കാണുന്നത്. ഒരു നിയോ റിയലിസത്തിന്റെ ആശാവഹമായ തുടക്കമാണ് പുതിയ എഴുത്തുകാരുടെ രചനകള്‍.

ഇ ഹരികുമാര്‍

E Harikumar