കണക്കൂർ ആർ സുരേഷ്‌കുമാറിന്റെ 'ഗോമന്തകം' എന്ന നോവൽ
'ഗോമന്തകം' എന്നത് ഗോവയുടെ പുരാതന പേരാണ്. പറങ്കികൾ എത്തുന്നതിനു മുമ്പുണ്ടായിരുന്ന മനോഹരമായ പേര്. കണക്കൂർ ആർ സുരേഷ്‌കുമാറിന്റെ ഈ നോവൽ ഗോവയുടെ പശ്ചാത്തലത്തിലാണ് എഴുതിയിട്ടുള്ളത്. നാട്ടിൽ ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന ആകാശ് എന്ന ചെറുപ്പക്കാരൻ കുറേക്കൂടി നല്ല ജീവിതത്തിന്നായി ഗോവയിലേയ്ക്കു വണ്ടി കയറുന്നു. നാട്ടിലുള്ള ഒരു ബന്ധു തന്ന പരിചയക്കാരന്റെ ഫോൺ നമ്പറും വിലാസവും മാത്രമാണ് കയ്യിലുള്ളത്, പിന്നെ വായിച്ചു കൊണ്ടിരുന്ന നോവലും. മഡ്ഗാവ് സ്റ്റേഷനിൽ വണ്ടി നിന്നപ്പോൾ ആകാശ് ഇറങ്ങിയത് ഗോവയുടെ മണ്ണിലേയ്ക്കല്ല മറിച്ച് ഗോമന്തകത്തിന്റെ ഏറെ ഭ്രമാത്മകവും അക്രമാസക്തവുമായ ചരിത്രത്തിലേയ്ക്കാണ്.
ബന്ധുവിന്റെ പരിചയക്കാരന്റെ കട അന്വേഷിച്ച് പിടിക്കുന്നതിൽ പരാജയപ്പെടുന്നതോടെ ആകാശ് മറ്റൊരു തലത്തിലേയ്‌ക്കെത്തുകയാണ്. മലയാളി സമാജത്തിൽ പരിചയപ്പെട്ട ഒരാൾ എർപ്പാടാക്കിത്തന്ന കുടുസ്സായ മുറിയും അദ്ഭുതങ്ങളുടെ ചെപ്പായി മാറുകയാണ്. തനിക്കുമുമ്പ് ഏതോ കാലത്ത് ആ മുറിയിൽ താമസിച്ചിരുന്ന ഒരാൾ ഉപേക്ഷിച്ചുപോയ സഞ്ചികളിലെ പൊടിഞ്ഞുപോകാറായ വസ്തുക്കളുടെ ഇടയിൽനിന്നു കിട്ടിയ ഡയറി ഒരു വലിയ ലോകംതന്നെ തുറന്നുകൊടുക്കുകയായിരുന്നു. വളരെ അദ്ഭുതാവഹവും ഒപ്പംതന്നെ ഭീകരവുമായ ഒരു ലോകം. ഒപ്പം പെട്ടിയിൽനിന്നു കിട്ടുന്ന കത്തുകളാകട്ടെ ആർദ്രസ്‌നേഹത്തിന്റെയും നിരാശയുടെയും കഥകൾ പറയുന്നു. അവ ആ അജ്ഞാതനായ മനുഷ്യന്റെ തുമ്പില്ലാത്ത തിരോധാനത്തിന്റെ രഹസ്യാത്മകത കൂട്ടുന്നു.
ജോലി കിട്ടിയ ശേഷം ഉഴിച്ചിൽകേന്ദ്രത്തിലെ ഏകാന്തമായ മുറിയിൽ, ഉഴിച്ചിൽ വിഭാഗത്തിലേയ്ക്ക് മരുന്നുകൾ എടുത്തു കൊടുക്കുന്ന പൊത്തിലൂടെ കാണുന്ന വളയിട്ട ഒരു കൈ അയാളിൽ ഉണ്ടാക്കുന്ന സംഗീതവും അഭിനിവേശവും നോവലിസ്റ്റ് വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. ആ കൈകളുടെ ഉടമയാകട്ടെ അയാളുടെ ജീവിതത്തിൽ സംഭവിക്കാനിരിക്കുന്ന വിചിത്രങ്ങളായ സംഭവങ്ങൾക്ക് നാന്ദി കുറിക്കുകയുമാണ്.
ദ്രവിച്ചു തുടങ്ങിയ സഞ്ചിയിൽനിന്ന് ആകാശിനു കിട്ടിയ പുസ്തകങ്ങളിൽ ഒന്ന് ഗോവൻ ഇൻക്വിസിഷനെപ്പറ്റിയുള്ളതായിരുന്നു. പോർച്ചുഗീസ് കാത്തലിക്ക് പാതിരിമാർ നടത്തിയ നിർബ്ബന്ധിത മതം മാറ്റങ്ങൾ, മാറാത്തവരെ തടവിലാക്കി ചെയ്തിരുന്ന വിചാരണകൾ ശിക്ഷകൾ, ഭീകരവും കുത്സിതവുമായ പീഡനങ്ങൾ, ടോർച്ചർ ചേമ്പറുകൾ. ഗോവയിലെത്തിയ അന്നുതന്നെ പരിചയപ്പെട്ട ബൈക്ക് ടാക്‌സിക്കാരൻ സോഹന്റെ മുത്തച്ഛനിൽനിന്നാണ് ശരിക്കും ഗോവയുടെ ചരിത്രം മനസ്സിലാകുന്നത്. ഒരു ഭാഷയെ, ഒരു സംസ്‌കാരത്തെ മുഴുവനായി നശിപ്പിച്ച് സ്വന്തം ഭാഷയും സംസ്‌കാരവും മതവും അടിച്ചേൽപ്പിച്ച ക്രൂരരായ പറങ്കികളുടെ പീഡനകഥകൾ അദ്ദേഹത്തിൽനിന്ന് കേട്ടപ്പോൾ ആകാശ് ഗോവയുടെ ഇരുണ്ട ചരിത്രത്തിലേയ്ക്കും, അതുവഴി ആഭിചാരത്തിലേയ്ക്കും, സ്വയം ബലിയർപ്പിക്കേണ്ടി വരുന്ന അപകടകരമായ സാഹചര്യത്തിലേയ്ക്കും എത്തിപ്പെടുകയാണ്. ജോലിയെടുത്തുകൊണ്ടിരുന്ന സ്ഥാപനത്തിൽ ചുമരിലെ പൊത്തിൽക്കൂടി തന്നെ മോഹിപ്പിച്ച് പ്രത്യക്ഷപ്പെടാറുള്ള കൈകളുടെ ഉടമയായ പെൺകുട്ടി ഇതിലൊക്കെ ഒരു ഭാഗമായി മാറുകയാണ്.
തികച്ചും അസാധാരണവും വൈചിത്ര്യമാർന്നതുമായ ഒരു നോവൽ. ആദ്യത്തെ അദ്ധ്യായം തൊട്ട് ഈ പുസ്തകം വായനക്കാരനെ അടിമയാക്കുകയാണ്. തുടർന്ന് വായിച്ച് നോവൽ അവസാനിപ്പിച്ചാലും അത് നമ്മെ ഒഴിയാബാധയായി പിൻതുടർന്നുകൊണ്ടിരിക്കും. നമ്മെ മോഹിപ്പിക്കുന്ന ഒരസാധാരണ സൗന്ദര്യം സുരേഷ്‌കുമാറിന്റെ ഭാഷയ്ക്കുണ്ട്. വാചക കസർത്തുകളോ നമ്മെ ഭ്രമിപ്പിക്കാനായി മാത്രം ഉപയോഗിക്കുന്ന പദപ്രയോഗങ്ങളോ ഇല്ല. നോവലിന്റെ ആഴം വാക്യങ്ങളിലല്ല ഉള്ളടക്കത്തിലാണ്. ധാരാളം കഥാപാത്രങ്ങളുള്ള ഈ നോവലിലെ ഓരോ കഥാപാത്രവും മിഴിവുള്ളവരാണ്. അവർ നമ്മെ വിടാതെ പിൻതുടരുന്നു. വെറും കിറുക്കനും മുഴുക്കുടിയനുമായ ജയമോഹൻകൂടി ഈ നോവലിലെ വർണ്ണശബളമായ ഒരിഴയായി ഭവിക്കുന്നു. തനിക്ക് ഒരിക്കലും മനസ്സിലാക്കാൻ പറ്റാത്ത സ്വന്തം അമ്മ, നാട്ടിലെ പേരപ്പൻ, എന്താണ് സ്ത്രീ എന്നു ഒരു രാത്രിയിൽ മനസ്സിലാക്കിക്കൊടുത്ത വേശ്യ, ഗോവയിലെ ബൈക്കുകാരൻ സോഹൻ, അയാളുടെ അച്ഛൻ, മുത്തച്ഛൻ, വീട്ടുടമയായ സിൽവിയാമ്മ, വാടകമുറിയിൽ പണ്ടെങ്ങോ താമസിച്ച് പൊടിഞ്ഞുതുടങ്ങിയ സഞ്ചികളിൽ ജീവിതസമ്പാദ്യമായ ഏതാനും പുസ്തകങ്ങൾ ഉപേക്ഷിച്ച് അപ്രത്യക്ഷനായ, ആകാശിന്റെ ഏകാന്തരാത്രികളിൽ ഒരു സ്വത്വസാന്നിദ്ധ്യമാകുന്നതുമായ മനുഷ്യൻ, ഇവരെല്ലാംതന്നെ നമ്മുടെ മനസ്സിൽനിന്ന് വിട്ടുപോകാൻ മടിക്കുന്നവരാണ്.
കള്ളുകുടിച്ച് സെമിത്തേരിയിൽ കിടന്നുറങ്ങിയിരുന്ന ജയമോഹനാണ് ആകാശിന്റെ ഭ്രമാത്മക സ്വപ്നങ്ങളുടെ അപഗ്രഥനത്തിന്നായി ഫാദർ സോസെ എന്നൊരു വൈദികനെ കണ്ടാൽ മതിയെന്നു പറഞ്ഞത്. സോസെ ആഭിചാരകർമ്മങ്ങൾ ചെയ്യുന്ന മന്ത്രവാദിയാണ്. പറങ്കികളുടെ കാലത്ത് പീഡനഫലമായി മരിച്ചു പോയ ഭാഗ്യദോഷികളുടെ ആത്മാക്കളാണ് ആകാശിനെ ശല്യം ചെയ്യുന്നതെന്നാണദ്ദേഹത്തിന്റെ കണ്ടുപിടുത്തം. ഫാദർ ഹോസെയുമായുള്ള ആകാശിന്റെ കൂടിക്കാഴ്ചയും നിഗൂഢതയുടെ ആവരണത്താൽ ചുറ്റപ്പെട്ടതാണ്. വളരെ നേരിയ നൂലിഴപോലുള്ള സൂചനകൾ ആകാശിലെന്നല്ല നമ്മിലും ഉളവാക്കുന്നത് ആശ്ചര്യമാണ്. ആദ്യമായി കാണുകയാണെങ്കിലും മുമ്പ് നീ ഇവിടെ വന്നിട്ടുണ്ട്, ഒരു നോട്ടുപുസ്തകത്തിൽ എന്തൊക്കെയോ എഴുതിയെടുത്തിട്ടുണ്ട് എന്ന് ഫാദർ ഹോസെ പറയുമ്പോൾ നമ്മൾ ഏതൊക്കെയോ കണ്ണികളെ കൂട്ടിച്ചേർക്കാൻ ശ്രമിക്കുകയാണ്.
അതുപോലെത്തന്നെ പറങ്കികളുടെ ക്രൂരപീഡനത്തിനിരയായി വെള്ളംപോലും കിട്ടാതെ മരിച്ചുപോയ കൊങ്ങിണികൾ, ആ പീഡനങ്ങൾക്ക് മേൽനോട്ടം വഹിച്ച പോർച്ചുഗീസ് പാതിരിമാർ, നൂറ്റാണ്ടുകൾക്കു ശേഷം ആ ഹതഭാഗ്യരുടെ ബാധ ഒഴിപ്പിക്കാനായി ശ്രമിക്കുന്നതോടൊപ്പം പറങ്കികൾ നശിപ്പിച്ച അമ്പലം പുനർനിർമ്മിക്കാനായി പണം സ്വരൂപിക്കുന്നവർ, ഇവരെല്ലാംതന്നെ മിഴിവുള്ള കഥാപാത്രങ്ങളാണ്. ഇതിനിടയിൽ ആകാശ്, ഗതികിട്ടാതെ മരിച്ചവർക്കും മുക്തിയുടെ ദ്വീപിനുമിടയിലെ പാലമായി, അല്ലെങ്കിൽ ഒരുപക്ഷെ ബലിമൃഗമായിത്തന്നെ ഭവിക്കുന്നുവെന്നത് ഞെട്ടലുണ്ടാക്കുന്നു. പക്ഷെ അപ്പോഴേയ്ക്ക് അയാൾ യാഥാർത്ഥ്യത്തിനും മിഥ്യക്കുമിടയിൽ കിടന്നു ഞെരുങ്ങുന്ന കാഴ്ചയാണ് നാം കാണുന്നത്. അതിൽനിന്ന് അയാളെ ഉണർത്താൻ ശ്രമിക്കുന്ന നീല എന്ന ചെറുപ്പക്കാരി, മരുന്നു കമ്പനിയിലെ ഏകാന്തമായ മുറിക്കുള്ളിൽ അയാളെ പ്രലോഭിച്ച കൈകളുടെ ഉടമ, ഏത്രത്തോളം വിജയിക്കുന്നുവെന്ന് പറയാനാകാത്തവിധം നാമും ആ ഭ്രമാത്മകതയിൽ അകപ്പെട്ടുപോകുകയാണ്.
ആകാശിനെ ഏറ്റവും അധികം സ്വാധീനിച്ച കഥാപാത്രം നാട്ടിലെ പേരപ്പനാണ്. ഒരു മോഷ്ടാവായി ജീവിച്ച മനുഷ്യൻ. അയാളുടെ തത്വം ഇതാണ്. 'ഒരു കണക്കിന് കള്ളനായി ജീവിക്കുന്നതാണടാ നല്ലത്. അതിലൊരു നേരുണ്ട്, നേരിന്റെ സുഖോണ്ട്.' നന്മതിന്മകളെക്കുറിച്ചുള്ള നമ്മുടെ ചിന്തകളെ ചോദ്യം ചെയ്യുകയാണ് ഈ കഥാപാത്രം. ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണിന്റെ അടുത്തേയ്ക്ക് കൊണ്ടുപോയത് ഈ പേരപ്പനായിരുന്നു. പേരപ്പനെക്കുറിച്ച് ആകാശ് ചിന്തിക്കുന്ന ഒരു കാര്യം വളരെ മനോഹരമായിരിക്കുന്നു. 'തെറ്റുകളിലൂടെ സഞ്ചരിച്ച് അവസാനം എത്തിപ്പെടുന്ന ഒരു ശരി'യായിരുന്നു പേരപ്പൻ. നോവലിലുടനീളം ആകാശ് വർത്തമാനത്തിൽനിന്ന് ഭൂതത്തിലേയ്ക്കും തിരിച്ച് വർത്തമാനത്തിലേയ്ക്കും യാത്രചെയ്യുകയാണ്. ഭൂതകാലമെന്നത് തൊട്ടു പിന്നിലുള്ള സംഭവങ്ങൾ മാത്രമല്ല മറിച്ച് നൂറ്റാണ്ടുകൾക്കു പിന്നിൽ ഗോമന്തകത്തിന്റെ ചരിത്രത്തിലേയ്ക്ക്, പറങ്കികളുടെ ക്രൂരമായ പീഡനമുറകളിലേയ്ക്ക്, അതിനു മുമ്പിൽ നിസ്സഹായരായി നിൽക്കുന്ന തലമുറകളുടെ നോവുകളിലേയ്ക്ക്, ഒരു സംസ്‌കാരത്തെ തുടച്ചു നീക്കി സങ്കരസംസ്‌കാരം അടിച്ചേൽപ്പിച്ച നൂറ്റാണ്ടുകളിലേയ്ക്കുള്ള യാത്രയാണ്.
'ഗോമന്തകം' ഒരു ചരിത്രനോവലാണെന്ന് മുഴുവൻ പറയാൻ കഴിയില്ല, പക്ഷെ ഇതിൽ നിറഞ്ഞുനിൽക്കുന്നത് ഗോവയുടെ ചരിത്രമാണ്. ഒപ്പംതന്നെ ഇത് കേരളത്തിലെ ദരിദ്രകുടുംബത്തിൽനിന്ന് ജോലി തേടി ഗോവയിലെത്തിയ ഒരു ചെറുപ്പക്കാരന്റെ ഭ്രമാത്മകതയുടെ കഥയുമാണ്. നാട്ടിൽനിന്നുള്ള തീവണ്ടി മഡ്ഗാവിലെത്തുമ്പോൾ അടച്ചുവെയ്ക്കുന്ന, മഞ്ഞച്ചട്ടയിൽ തലയിലെ എണ്ണമയമുള്ള ഒരു നോവലിലൂടെ തുടങ്ങുന്ന ഈ കഥ വീണ്ടും തീവണ്ടിയിൽ ആ നോവൽ തുറക്കുന്നതുവരെ നിലനിൽക്കുന്നു. ഇതിനിടയിൽ ആകാശ് എന്ന ചെറുപ്പക്കാരന്റെ വിധിയെന്തായിരുന്നുവെന്നതിനെപ്പറ്റി നമുക്ക് ഊഹങ്ങൾ നടത്താൻ മാത്രമെ കഴിയൂ. മനോഹരമായ ഒരു ട്വിസ്റ്റിലൂടെ നോവലിസ്റ്റ് നോവൽ അവസാനിപ്പിക്കുമ്പോൾ വായനക്കാർ തികച്ചും ഭ്രമാത്മകമായ ആ ലോകത്തുനിന്ന് പുറത്തിറങ്ങാനാവാതെ ചുറ്റിത്തിരിയുകയാണ്.
വായിച്ചിരിക്കേണ്ട ഒരസാധാരണ നോവൽ.