പൊന്നാനിയിൽ വീടുപണിക്കാലത്ത് അച്ഛന് (ഇടശ്ശേരി) ഉണ്ടായ രസാവഹങ്ങളായ അനുഭവങ്ങളിൽ ഒന്ന് മൂത്താശ്ശാരി ജനൽപ്പാളിയുണ്ടാക്കിയതായിരുന്നു. കൽക്കത്തയിൽനിന്നു ഞാൻ ലീവിൽ വരുമ്പോൾ ഈ അനുഭങ്ങളെല്ലാം വളരെ തന്മയത്വത്തോടുകൂടി പറഞ്ഞുതരാറുണ്ട് അച്ഛൻ. എല്ലാം നഷ്ടങ്ങളുടെ കഥകളാണ്. നഷ്ടങ്ങളെ ലാഭകരമാക്കിത്തീർക്കാൻ മാത്രം ശുഭാപ്തിവിശ്വാസമുള്ള അച്ഛന്റെ പ്രതീക്ഷകളെ കടത്തിവെട്ടുന്ന അനുഭവങ്ങൾ. വൈകുന്നേരം കോടതിയിൽനിന്നു വന്നു ജുബ്ബ അഴിച്ചുമാറ്റി, അമ്മ ഉണ്ടാക്കിക്കൊടുത്ത ചായയും കുടിച്ചു ബീഡിയും വലിച്ച് അച്ഛൻ ആ കഥകൾ പറയും. അതിൽ ഒരു കഥയ്ക്കാണ് ഇവിടെ പ്രസക്തി.
ഒരു വയസ്സനായ ആശാരിയെയാണ് അച്ഛനു കിട്ടിയത്. വളരെ അമാന്തക്കാരൻ. സാധാരണ ഒരു ആശാരി ഒരു മണിക്കൂർകൊണ്ടു ചെയ്യുന്നത് ഇദ്ദേഹം ഒരു ദിവസംകൊണ്ടേ തീർക്കൂ. ഒരു ദിവസം ആശാരി ജനൽപാളി ഉണ്ടാക്കാൻ അളവെടുത്തു. രാവിലെ തുടങ്ങിയ അളവെടുക്കൽ ഉച്ച തിരിയുവോളം തുടർന്നു. അത്ര സൂക്ഷ്മം. പിന്നെ പ്ലാവിന്റെ നല്ല വീതിയുള്ള പലക എടുത്ത് അതെല്ലാം വിശദമായി അടയാളപ്പെടുത്തി. പലക അറുത്തെടുത്തു ചിപ്പുളിയിട്ട് ഉളികൊണ്ടുള്ള ജോലി തുടങ്ങി. പിറ്റേന്നു വൈകുന്നേരമാകുമ്പോഴേയ്ക്കു രണ്ടു ജനൽപാളികൾ തയാറായി. വൈകുന്നേരം അച്ഛൻ കോടതിയിൽനിന്നു വന്നപ്പോൾ കണ്ട കാഴ്ച വളരെ പരിതാപകരമായിരുന്നു. രണ്ടു ജനൽപാളികളിലും ഫ്രെയിമിനുള്ളിൽ രണ്ടിഞ്ചു വിടവ്. ആ വിടവിൽ നോക്കി അന്തംവിട്ടു നിൽക്കുന്ന വൃദ്ധനായ മൂത്താശാരി.
''ഞാൻ ശരിക്ക്യന്നാ അളവെടുത്തതൊക്കെ, ഇങ്ങനെ വരാൻ ഒരു ഞായംല്ല്യ'', ആശാരി കൈമലർത്തി.
''ആട്ടെ ഇനീപ്പൊ എന്താ ചെയ്യാ?- അച്ഛൻ ചോദിച്ചു.
ഞാനൊരു കാര്യം ചെയ്യാം. ആശാരി ഉത്സാഹത്തോടെ പറഞ്ഞു. ഫ്രെയിം ഊരിയെടുത്തിട്ട് ഒരു ചെറിയ കഷ്ണം പലക കൂട്ടിച്ചേർക്കാം. കൂട്ടിച്ചേർത്തതാന്ന് അറിയില്ല്യ.
പുതിയൊരു നല്ല പ്ലാവിൻ പലക എടുത്ത് മുറിച്ച് ആ വിടവു നികത്തി. വീണ്ടും ഒരു ദിവസത്തെ തച്ച്. രണ്ടു ദിവസത്തെ തച്ച് രണ്ടിഞ്ചു വീതിയിൽ ഒരു വിടവുണ്ടാക്കാൻ. പിന്നെ ആ വിടവു നികത്താൻ വീണ്ടും ഒരു ദിവസത്തെ തച്ച്. നല്ലൊരു പ്ലാവിൻ പലക മുറിച്ച് നാശമാക്കിയതു മിച്ചവും.
അതും പറഞ്ഞ് അച്ഛൻ കുലുങ്ങിച്ചിരിക്കാൻ തുടങ്ങി. എനിക്കന്നു ചിരി വന്നുവോ എന്നു സംശയം.
പക്ഷേ, ഇന്നു കോട്ടയത്ത് സാഹിത്യ പ്രവർത്തക സഹകരണസംഘം ഓഫീസിൽവച്ച് എന്റെ 'കാനഡയിൽനിന്നൊരു രാജകുമാരി' എന്ന പുസ്തകത്തിന്റെ ചട്ടയില്ലാത്ത രൂപം കണ്ടപ്പോൾ ഞാൻ ഉറക്കെ ചിരിക്കുകതന്നെയാണു ചെയ്തത്. കഥകളുടെ പേരു കൊടുത്ത ആദ്യത്തെ പേജിൽത്തന്നെ തെറ്റ്. ഡോക്ടർ ഗുറാമിയുടെ ആശുപത്രി' എന്നത് 'ഡോക്ടർ ഗുറ്റമിയുടെ ആശുപത്രി' എന്നാക്കിയിരിക്കുന്നു. ഞാൻ ഉള്ളിൽ മറിച്ചുനോക്കി. ഇല്ല. അവിടെ ഗുറാമി തന്നെയാണ്. പേജുകൾക്കു മുകളിൽ കഥയുടെ പേരു കൊടുക്കുമല്ലോ? 'പുതിയൊരു വെളിപാടിനുവേണ്ടി' എന്ന കഥയിൽ ഒരു പേജിൽ മാത്രം 'പുതിയൊരു വെളിച്ചത്തിനുവേണ്ടി' എന്നാക്കിയിരിക്കുന്നു.
ഏറ്റവും വഷളായത് 'കാനഡയിൽ നിന്നൊരു രാജകുമാരി' എന്ന കഥയിലെ തെറ്റുകളാണ്. മലയാളം അല്പം മാത്രമറിയുന്ന രാജകുമാരിയുടെ ഭാഷ ചിരിയുണർത്തുന്നതാണ്. ഇംഗ്ലീഷ് മലയാളത്തിലേക്കാക്കിയിട്ടാണ് അവൾ ആശയവിനിമയം നടത്തിയിരുന്നത്. അതായത് 'ഒന്നു മാത്രം തെറ്റിച്ചു' എന്നതിനുപകരം അവൾ പറയുക 'മാത്രം ഒന്നു തെറ്റിച്ചു' എന്നാണ്. അതുപോലെ 'ഉപദ്രവിക്കുന്നു' എന്നതിന് അവൾ പറയുന്നത് 'ഉപദ്രവി ചെയ്യുന്നു' എന്നാണ്. ഈ ഭാഷ കേട്ടിട്ടാണു വിമലയ്ക്കു ചിരി വന്നത്. എന്നാൽ അച്ചു നിരത്തുന്നവർ എന്റെ ഭാഷ തിരുത്തി. 'മാത്രം ഒന്ന്' എന്നത് 'ഒന്നു മാത്രം' എന്നും 'ഉപദ്രവി' എന്നത് 'ഉപദ്രവം' എന്നുമാക്കി. അതുചെയ്തുകഴിഞ്ഞശേഷം അവർ നിവർന്നുനിന്ന് ഒരു ദീർഘനിശ്വാസം വിട്ട്, ഒരു സാഹിത്യകാരനെ തിരുത്തിയതിലുള്ള ആത്മാഭിമാനത്തിലും സംതൃപ്തിയിലും ഒരു സിഗരറ്റ് മുഴുവൻ വലിച്ചുതീർന്നിട്ടുണ്ടാകണം. എന്റെ കഥ നശിക്കുകയും ചെയ്തു. പോട്ടെ, പോ.
ഈ തെറ്റുകൾ ചൂണ്ടിക്കാട്ടിയപ്പോൾ എസ്.പി.സി.എസ്. ഭാരവാഹികൾ പണ്ട് അച്ഛനോട് മൂത്താശാരി പറഞ്ഞപോലെതന്നെ എന്നോടു പറഞ്ഞു. ഞങ്ങൾ ഒരു കാര്യം ചെയ്യാം. വേറൊരു കഷ്ണത്തിൽ ശരിയായ വാക്കുകൾ അച്ചടിച്ച് ഈ രണ്ടു സ്ഥലത്തും വെട്ടി ഒട്ടിക്കാം. അറിയ്യേ ഇല്ല. പോരേ തക്ഷന്ന്യായം. ഈ ഇരട്ടിപ്പണിയുടെ ചെലവ് ഞാൻ വഹിക്കേണ്ടിവരുമോ എന്നറിയില്ല. അതുപോലെ ഡോക്ടർ ഗുറാമിയെ ഗുറ്റമിയാക്കി മാറ്റിയ പേജുകൾ വേറെ അച്ചടിക്കാനുള്ള ചെലവും. അതറിഞ്ഞിട്ടുമതി, ഇനി ചിരി.
ഇതെല്ലാം പുസ്തകം പുറത്തിറങ്ങാൻ വൈകിക്കുന്നു എന്ന ദുഃഖസത്യം അവശേഷിപ്പിക്കുന്നു. ഈ പുസ്തകം ഒരാറുമാസം മുൻപെങ്കിലും പുറത്തുവരും എന്ന ധാരണയിൽ അതിന്റെ പ്രകാശനം എം. ഗോവിന്ദനെക്കൊണ്ടു ചെയ്യിക്കാമെന്നു കരുതിയിരുന്നു. എന്റെ ആഗ്രഹം സഫലീകരിക്കാതെ എം. ഗോവിന്ദൻ അന്തരിച്ചു.
ഒരു പുസ്തകം അച്ചടിച്ചിറക്കാൻ ഇത്ര കാലതാമസമോ? ഇതുപക്ഷേ, നിസ്സാരമാണ്. ഇതിനു മുൻപിറങ്ങിയ 'ദിനോസറിന്റെ കുട്ടി'യുടെ കാര്യമാലോചിച്ചാൽ. കൈയെഴുത്തുപ്രതി അയച്ചുകഴിഞ്ഞ് അതിനെപ്പറ്റി അന്വേഷിക്കുമ്പോഴെല്ലാം അച്ചടിയിലാണെന്ന മറുപടി കിട്ടും. (ഈ പുസ്തകങ്ങളെല്ലാം വിതരണത്തിനു കൊടുത്തവയാണെന്നുകൂടി ഓർക്കണം. അതായത് അച്ചടിച്ചെലവ് ഗ്രന്ഥകർത്താവ് വഹിച്ചു വിതരണം മാത്രം എസ്.പി.സി.എസ്. ഏറ്റെടുക്കുക. അച്ചടിയും മറ്റും എസ്.പി.സി.എസ്സിന്റെ മേൽനോട്ടത്തിലാണെന്നു മാത്രം.) അവസാനം ക്ഷമകെട്ട് കൈയെഴുത്തുപ്രതി തിരിച്ചുതരണമെന്നാവശ്യപ്പെട്ട് ഒരു രജിസ്‌ട്രേഡ് കത്തയച്ചപ്പോഴാണ് എന്തോ പന്തിയില്ലായ്മ തോന്നിയത്.
അതുശരിയാണെന്നു പിന്നീടുണ്ടായ സംഭവങ്ങൾ തെളിയിക്കുകയും ചെയ്തു. 'ദിനോസറിന്റെ കുട്ടി'യുടെ കൈയെഴുത്തുപ്രതിതന്നെ എസ്.പി.സി.എസ്. ഓഫീസിൽനിന്നു കളഞ്ഞുപോയതായി ഞാൻ എങ്ങനെയോ അറിഞ്ഞു. അച്ചടി തുടങ്ങി, അച്ചടി പകുതിയായി, കഴിയാറായി എന്നൊക്കെ കത്തുകൾ എനിക്കു വിശ്വസ്തതയോടെ അയച്ചുകൊണ്ടിരിക്കുമ്പോഴൊന്നും ആ കൈയെഴുത്തുപ്രതി പോലും അവരുടെ ഓഫീസിൽ ഉണ്ടായിരുന്നില്ല. ഉണ്ടോ എന്നു നോക്കാനും അവർ ശ്രദ്ധിച്ചില്ല. പിന്നെ കൈയെഴുത്തുപ്രതി തിരിച്ചയയ്ക്കാൻ ഞാൻ രജിസ്‌ട്രേഡ് കത്തയച്ചപ്പോഴാണ് അവർ അതു പരതുന്നതും നഷ്ടപ്പെട്ട വിവരം മനസ്സിലാക്കുന്നതും. കൈയെഴുത്തുപ്രതി നഷ്ടപ്പെട്ടുവെന്ന കാര്യം, ഗ്രന്ഥകർത്താവിനെ അറിയിക്കാതിരിക്കാൻ അവർ ആവുംവിധം ശ്രമിച്ചു. എങ്ങനെയുണ്ട്. എന്റെ ഭാഗ്യം കൊണ്ടും മലയാള ചെറുകഥാ വായനക്കാരുടെ ദൗർഭാഗ്യംകൊണ്ടും കൈയെഴുത്തുപ്രതി വീണ്ടെടുക്കുകയും അടുത്ത ആറുമാസത്തിനുള്ളിൽ പുറത്തിറങ്ങുകയും ചെയ്തു.
പുസ്തകങ്ങൾ എഡിറ്റുചെയ്യുന്നതിനെപ്പറ്റി എനിക്കു വലിയ സങ്കല്പങ്ങളാണുണ്ടായിരുന്നത്. മഹാന്മാരായ ഒരുപറ്റം പത്രാധിപന്മാർ മേശയ്ക്കു ചുറ്റും ഇരുന്നു വിമർശനബുദ്ധിയോടെ ദയാദാക്ഷിണ്യമില്ലാതെ നമ്മുടെ പുസ്തകങ്ങൾ വായിച്ചു ചുവന്ന മഷിയടയാളം വീഴ്ത്തുമെന്നൊക്കെ. അങ്ങനെയൊന്നുമല്ല സംഗതിയെന്നും, നമ്മുടെ പുസ്തകങ്ങൾ എഡിറ്റ് ചെയ്യുന്നത് വാസ്തവത്തിൽ അച്ചു നിരത്തുന്നവരാണെന്നും മനസ്സിലായതു വൈകിയാണ്.
ഇനി മറ്റൊരു കാര്യം. എന്റെ പുസ്തകങ്ങളിൽ പലതും ബ്രാഞ്ചുകളിൽ കിട്ടാനില്ലെന്നറിഞ്ഞപ്പോൾ ഞാൻ എറണാകുളം ബ്രാഞ്ചിൽ അന്വേഷിച്ചു. ഒരു പുസ്തകം തീർന്നുപോയാൽ എന്താണു പതിവ്?
മാനേജർ വളരെ സൗഹാർദ്ദത്തോടുകൂടി പറഞ്ഞു. പുസ്തകത്തിന്റെ പ്രതികൾ അഞ്ചെണ്ണം മാത്രം ബാക്കി വരുമ്പോൾ ഞങ്ങൾ ഹെഡ് ഓഫീസിന് ഇന്റന്റയയ്ക്കും. കോപ്പികൾ മുഴുവൻ തീർന്നാൽ വീണ്ടും ഇന്റന്റ് അയയ്ക്കും. എന്നിട്ടും പുസ്തകം കിട്ടിയില്ലെങ്കിൽ ആ പുസ്തകത്തിന്റെ കോപ്പി സ്റ്റോക്കില്ലെന്ന് അനുമാനിക്കും. ആറാറു മാസം കൂടുമ്പോൾ സ്റ്റോക്കിലുള്ള പുസ്തകങ്ങളുടെ കണക്ക് കോട്ടയത്ത് എത്തിക്കും. മാർച്ച് അവസാനം വർഷാന്ത്യ സ്റ്റോക്കെടുപ്പുമുണ്ട്. ചുരുക്കത്തിൽ ഒരു പുസ്തകം ബ്രാഞ്ചിലേക്കയയ്ക്കാൻ കൊല്ലത്തിൽ അഞ്ച് ഓർമക്കുറിപ്പുകൾ ബ്രാഞ്ചിൽനിന്നു പോകുന്നുണ്ടെന്നർത്ഥം.
ഒരു സ്‌നേഹിതനു കൊടുക്കാനായി 'കൂറകളു'ടെ ഒരു കോപ്പി തേടി എറണാകുളം ബ്രാഞ്ചിലെത്തിയപ്പോഴാണ് 'കൂറകൾ' കുറേക്കാലമായി കിട്ടാനില്ലെന്നു മാനേജർ അറിയിച്ചത്. കോട്ടയത്തു പോയപ്പോഴാണു മനസ്സിലാവുന്നത് കണക്കുപ്രകാരം 432 കോപ്പികൾ ഇനിയും വിൽക്കാനുണ്ട്.
'ദിനോസറിന്റെ കുട്ടി'ക്ക് അവാർഡ് കിട്ടിയപ്പോൾ എനിക്കു സന്തോഷമായത് ഒരേ ഒരു കാരണത്താലായിരുന്നു. ഇനിയെങ്കിലും നാലുപേർ എന്റെ കഥകൾ വായിക്കുമല്ലോ? പക്ഷേ, ഏതാനും ദിവസങ്ങൾക്കകം ഒരു കാര്യം എനിക്കു മനസ്സിലായി. എന്റെ പുസ്തകം ഒരു സാധാരണ വായനക്കാരനു കിട്ടണമെങ്കിൽ കഠിനാദ്ധ്വാനം ചെയ്യണമെന്ന്.
എന്റെ ഈ ദുരന്തം മറ്റു പല സാഹിത്യകാരന്മാർക്കും ഉണ്ടായിട്ടുണ്ട്, ഉണ്ടാവുന്നുമുണ്ട് എന്നും പലരും നേരിൽ കാണുമ്പോൾ പറയുന്നു. പ്രസിദ്ധീകരണത്തിനു കാലതാമസം, അച്ചടിപിശാച്, വിതരണത്തിലെ വൈകല്യങ്ങൾ എല്ലാം തന്നെ.
തിരുത്തപ്പെടില്ല എന്ന ഒരു വാശി എസ്.പി.സി.എസ്സിന് ഉണ്ടെന്നു തോന്നുന്നു. കഴിഞ്ഞ കൊല്ലം കോട്ടയത്തു പോയപ്പോൾ യാദൃച്ഛികമായി അവരുടെ കാറ്റലോഗ് കാണാനിടയായി. വെറുതെ മറിച്ചുനോക്കുകയാണെന്ന വ്യാജേന എന്റെ പുസ്തകങ്ങളുടെ പേരെല്ലാം വന്നിട്ടുണ്ടോ എന്നു നോക്കി. ഉണ്ട്. പുസ്തകങ്ങളുടെ പേരെല്ലാമുണ്ട്. എന്റെ പേരില്ലെന്നു മാത്രം. 'ദിനോസറിന്റെ കുട്ടി' എഴുതിയിരിക്കുന്നത് 'ഹരിലാൽ' ആണ്. (കാറ്റലോഗ് പേജുകൾ 15, 50) അവർ എന്റെ പുറത്തു തട്ടി ആശ്വസിപ്പിച്ചു. തിരുത്താം അടുത്ത കാറ്റലോഗിലാകട്ടെ...''
എന്നിട്ട് സംഭവം ശുഭമായി പര്യവസാനിച്ചു എന്നു നിങ്ങൾ കരുതണ്ട. പുതിയ കാറ്റലോഗിലും 'ദിനോസറിന്റെ കുട്ടി'യുടെ കർത്തൃത്വം ആരോപിച്ചിരിക്കുന്നത് 'ഹരിലാലി'ൽത്തന്നെ.