കുട്ടിക്കാലം തൊട്ട് അച്ഛന്റെ പല കവിതകളും എന്റെ നാവിന്റെ തുമ്പിൽ ഒരു മൂളിപ്പാട്ടുപോലെ എപ്പോഴും ഉണ്ടാവാറുണ്ട്. മുഴുവൻ കവിതകളല്ല, ഏതാനും വരികൾ മാത്രം. അർത്ഥം മനസ്സിലാക്കിയിട്ടുമല്ല, മുതിർന്നവർ ചൊല്ലുന്നതു കേട്ടുണ്ടായ രസത്തിൽ നിന്നുമാത്രം. പിന്നീട് മുതിർന്ന ശേഷം ഈ കവിതകൾ മനസ്സിലാക്കണമെന്ന ആഗ്രഹം മനസ്സിലൂറിയപ്പോഴേയ്ക്കും എനിക്ക് നാടു വിടേണ്ടി വന്നു. അച്ഛന്റെ ഒപ്പമായിരുന്നെങ്കിലതു നടന്നേനെ.
ഇപ്പോൾ ആ കവിതകൾ മനസ്സിലാക്കാനുള്ള ഒരേയൊരുപാധി ലേഖനങ്ങളും പഠനങ്ങളും മാത്രമായിരുന്നു. എൻ.വി. കൃഷ്ണവാരിയരുടെ 'ശക്തിയുടെ കവി' എന്ന ലേഖനമായിരിക്കണം ആദ്യമായി വായിച്ചത്. പിന്നീട് 'കാവിലെ പാട്ട്' എന്ന സമാഹാരത്തെപ്പറ്റി പ്രൊഫ. കെ. പി. ശങ്കരൻ എഴുതിയ ലേഖനമാണ് ആ കവിതയുടെ ഉള്ളിലേയ്ക്ക് എന്നെ കൊണ്ടുപോയത്. ഒരുപക്ഷെ അച്ഛന്റെ കവിതളെപ്പറ്റി ഇത്രത്തോളം ആഴത്തിലുള്ള ആദ്യത്തെ പഠനമായിരിക്കണം അത്. പിന്നീട് ഡോ. എം. ലീലാവതി ഇടശ്ശേരിക്കവിതകളെപ്പറ്റി നിരവധ പഠനങ്ങൾ എഴുതിയിട്ടുണ്ട്. അതെല്ലാം തന്നെ ആ കവിതകൾ കൂടുതൽ മനസ്സിലാക്കാനും ആസ്വദിക്കാനും എനിക്ക് സഹായകമായിട്ടുണ്ട്. പക്ഷെ ഈ പഠനങ്ങളെല്ലാം തന്നെ അക്കാദമിക് പരിവേഷമുള്ളവയായിരുന്നു. ഉദാഹരണമായി ഡോ. ലീലാവതിയുടെ പഠനങ്ങൾ. യുങ്ങിന്റെ കലക്ടീവ് അൺകോൺഷസ്, ആർക്കിടൈപ്‌സ് എന്നീ തിയറികൾ അച്ഛന്റെ കവിതകളിൽ എത്രത്തോളം ആഴത്തിൽ പോകാൻ അവരെ സഹായിച്ചിട്ടുണ്ടെന്ന് അറിയുമ്പോൾത്തന്നെ അതെനിക്ക് അദ്ഭുതമുണ്ടാക്കിയില്ല. കാരണം യുങ്ങിന്റെ കലക്ടീവ് അൺകോൺഷസ് എന്ന പുസ്തകം അറുപതുകളുടെ ആദ്യത്തിൽ ഞാൻ കൽക്കത്തയിലെ നേഷനൽ ലൈബ്രറിയിലിരുന്ന് വായിച്ചിട്ടുണ്ട്. ഒപ്പം വായിച്ച പുസ്തകമാണ് ഹെർബർട്ട് റീഡിന്റെ 'ഫോം ഓഫ് തിങ്‌സ് അൺനോൺ'.
പ്രൊഫ. കെ.പി. ശങ്കരന്റെയും ഡോ. ലീലാവതിയുടെയും, പ്രൊഫ. ശങ്കുണ്ണിനായരുടെയും മറ്റും പ്രൗഢലേഖനങ്ങളോടൊപ്പം തന്നെ നിരവധി പഠനങ്ങൾ ഇടശ്ശേരിക്കവിതയെപ്പറ്റി വന്നിട്ടുണ്ട്. അതിലൊന്നിലും ലഭിക്കാതിരുന്ന ഒരു പുതിയ മാനം, അല്ലെങ്കിൽ ദർശനം എനിക്കു ലഭിച്ചത് നിരൂപകരെന്ന പേരിൽ അറിയപ്പെടാതിരുന്ന രണ്ടു പേരുടെ അടുത്തുനിന്നാണ്. തൊള്ളായിരത്തി എൺപത്തഞ്ചിലാണ് അച്ഛന്റെ കവിതകളുടെ സംഗീതാവിഷ്‌കാരം പ്രസിദ്ധപ്പെടുത്താൻ ഞാൻ ശ്രമമാരംഭിച്ചത്. അതിനെപ്പറ്റി ഞാൻ ജനുവരി 1986 ൽ കലാകൗമുദിയിൽ ഒരു ലേഖനമെഴുതിയിട്ടുണ്ട്. 'ഇടശ്ശേരിയുടെ പൂതപ്പാട്ട് വീണ്ടും' എന്ന പേരിൽ (ഈ ലേഖനം എന്റെ വെബ്ബ് സൈറ്റിൽ ചേർത്തിട്ടുണ്ട്). പൂതപ്പാട്ട് സംഗീതാവിഷ്‌കാരം ചെയ്തത് വി.കെ.എസ് എന്ന പേരിൽ പ്രസിദ്ധനായ വി.കെ. ശശിധരനാണ്. കറുത്ത ചെട്ടിച്ചികൾ, പൂജാപുഷ്പം, മാപ്പില്ല, കാവിലെ പാട്ട് എന്നീ കവിതകൾ ആലപിച്ചത് ഡോ. എസ്. പി. രമേശാണ്. അമ്പാടിയിലേയ്ക്ക് വീണ്ടും, ഉണ്ണിക്കൃഷ്ണനോട് എന്നീ കവിതകൾ എം. കൃഷ്ണകുമാറാണ് സംഗീതം നൽകി ആലപിച്ചത്. കാവിലെ പാട്ട്, അമ്പാടിയിലേയ്ക്ക് എന്നീ കവിതകളിൽ അജിതയും കൂടെ പാടിയിട്ടുണ്ട്. ഈ കവിതാലാപനങ്ങളെല്ലാം ഇടശ്ശേരി വെബ്ബ്‌സൈറ്റിൽ ചേർത്തിട്ടുണ്ട്. ഡൗൺലോഡ് ചെയ്യാം.
ഈ കാലത്ത് ഞങ്ങൾക്കിടയിൽ ഇടശ്ശേരിക്കവിതകളെ പ്പറ്റി നിരന്തരം ചർച്ചയുണ്ടാകാറുണ്ട്. ആ ചർച്ചകളിൽനിന്നാണ് എനിക്ക് അച്ഛന്റെ കവിതകളെപ്പറ്റി ഒരുൾക്കാഴ്ച ലഭിച്ചത്. ഞാൻ നിരുപദ്രവികളെന്നു കരുതിയിരുന്ന പല പദങ്ങളും സൃഷ്ടിക്കുന്ന ചിത്രങ്ങൾ അസാധാരണ സൗന്ദര്യവും ശക്തിയും ഉള്ളവയാണ്. ഒരുദാഹരണമായി ഡോ. എസ്.പി. രമേശ് പറയുന്നത് പൂതപ്പാട്ടിലെ ആൽമരമാണ്. 'ഇടവഴി കേറുമ്പോൾ പടർപന്തൽപോലുള്ളൊരരയാലിൻചോടെത്തി മറയുംവരെപ്പടിപ്പുരയിന്നു നോക്കുന്നു നങ്ങേലി.' ഇവിടെ അരയാൽ എന്നത് ഒരു കാവൽക്കാരൻ ആണ്. ഉണ്ണിയുടെ സുരക്ഷ ആ കാവൽക്കാരനെ ഏല്പിക്കുകയാണ് നങ്ങേലി. ഇത് ഇടശ്ശേരി അറിഞ്ഞുകൊണ്ട് ചേർത്ത ഇമേജറിയാണെന്നാണ് ഡോ. രമേശ് പറഞ്ഞത്. അല്ലെങ്കിൽ ആൽമരത്തിനു പകരം മാവോ പ്ലാവോ ആവാമായിരുന്നില്ലെ. അപ്പോൾ വാക്കുകൾ ഉപയോഗിക്കുന്നതിൽ വളരെ ശുഷ്‌കാന്തിയുള്ള കവി അവിടെ അരയാൽ തന്നെ പ്രതിഷ്ഠിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടുകൂടിത്തന്നെയാണ്. അതുപോലെ പൂതത്തോടു ചേർത്തു പറയുന്ന ബിംബങ്ങളെല്ലാം രാത്രിയുമായി ബന്ധപ്പെട്ടവയാണ്. ആറ്റിലൊലിച്ചെത്തും ആമ്പലപൂ പോലെ, ആടിക്കുഴഞ്ഞെത്തുമമ്പിളിക്കല പോലെ. മാറിലുള്ള അമ്പിളിക്കല, ഇതെല്ലാം തന്നെ നിശയോട് ബന്ധമുള്ളവയാണ്. അതുപോലെ എന്തിനാണ് പൂതം പൂത്ത മരത്തിന്റെ ചോട്ടിൽ പോയി നിന്നത്? പൂക്കാത്ത, വന്ധ്യയായ പൂതത്തിന് ഒരു ആശ്രയമായിട്ടാണ് പൂത്ത മരം വരുന്നത്. അതുപോലെത്തന്നെ സംഗീതം അറിയാത്ത കവിയല്ല ഇടശ്ശേരിയെന്ന് ആണയിടുന്നു ഡോ. രമേശ്. ഉദാഹരണമായി പറയുന്നുത് നങ്ങേലി ഉണ്ണിയെ അന്വേഷിച്ചു നടക്കുന്ന രംഗങ്ങളാണ്. നങ്ങേലിയുടെ ഉള്ളിലെ ദുഃഖത്തിനനുസൃതമായി ആ വരികളിലെല്ലാമുള്ളത് അനുനാസികങ്ങളാണ്. വെയിൽ മങ്ങി, മഞ്ഞക്കതിരു പൊങ്ങി, വിയദങ്കണത്തിലെ കാർകൾ ചെങ്ങി. ........നങ്ങേലി നിന്നു തേങ്ങി. സംഗീതത്തിൽ ഉപയോഗിക്കുന്ന ഒരു ടെക്‌നിക്ക് ആണിത്; ദുഃഖസാന്ദ്രമായ വരികൾക്ക് അനുനാസികം കൊടുത്തുക എന്നത്.
മാങ്ങോട്ട് കൃഷ്ണകുമാറിന് 'അമ്പാടിയിലേയ്ക്കു വീണ്ടും' എന്ന കവിത ഒരു കീറാമുട്ടിയായിരുന്നു. ഏകദേശം മനസ്സിലായി എന്നു കരുതുമ്പോഴാണ് ഒരു വാക്ക്, അല്ലേങ്കിൽ വരി മനസ്സിൽ വരുന്നത്. പിന്നെ അതിന്റെ അർത്ഥം തേടി നടക്കലായി. പല വാക്കുകളും പ്രയോഗങ്ങളും നമ്മെ നയിക്കുന്നത് പുരാണങ്ങളിലേയ്‌ക്കോ വേദങ്ങളിലേയ്‌ക്കോ, കാളിദാസനിലേയ്‌ക്കോ ആയിരിക്കും. ഈ കവിത പഠിക്കാനായി അദ്ദേഹം ഭാഗവതം മാത്രമല്ല പല പുരാണങ്ങളും പഠിക്കുകയുണ്ടായി. അഞ്ചു കൊല്ലമെടുത്തു ആ കവിത പഠിക്കുവാനെന്നാണ് അദ്ദേഹം പറയുന്നത്. ഈ കവിത അദ്ദേഹത്തെ ഇത്രയധികം ആകർഷിക്കുക കാരണം അദ്ദേഹം ആർട്ടിസ്റ്റ് സി.എൻ. കരുണാകരനെക്കൊണ്ട് അതിലെ 'എനിക്കു രസമീ നിമ്‌നോന്നതമാം വഴിക്കു തേരുരുൾ പായിക്കൽ' എന്ന വരികളും, ഗോപികമാരുടെ വരവും കൂട്ടിച്ചേർത്ത് ഒരു പെയിൻറിങ് വരപ്പിച്ചു. ഡോ. എസ്.പി. രമേശിന്റെയും മാങ്ങോട്ട് കൃഷ്ണകുമാറിന്റെയും ലേഖനങ്ങൾ ഇടശ്ശേരി വെബ്ബിൽ കൊടുത്തിട്ടുണ്ട്. അച്ഛന്റെ കവിതകളുടെ സമ്പൂർണ്ണ സമാഹാരം പ്രസിദ്ധപ്പെടുത്തുമ്പോഴാണ് ഞാൻ കുറേ കാര്യങ്ങൾ മനസ്സിലാക്കിയത്.