ഈ കഥ ഉല്‍പ്രേക്ഷയില്‍ പെടില്ല

'അവസാനത്തെ വിസില്‍' എന്ന എന്റെ കഥ പ്രസിദ്ധപ്പെടുത്തിയത് 1998-ലെ കലാകൗമുദി ഓണപ്പതിപ്പിലായിരുന്നു. ഈ കഥ 'കറുത്ത തമ്പ്രാട്ടി' എന്ന സമാഹാരത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഒരു ഫുട്ബാൾ കളിക്കാരന്റെ കഥയാണത്. ആ കഥ മനസ്സിലാവാതെ ഒരു നിരൂപകന്‍ എന്നെ വിളിച്ചു പറഞ്ഞു. ഇത് ഹിഗ്വിറ്റ തന്നെയല്ലേ? അദ്ദേഹം എന്റെ കഥകളെപ്പറ്റി വിശദമായ പഠനം ചെയ്യാന്‍ പോകുകയായിരുന്നു. എന്റെ മറുപടി ഇതായിരുന്നു. 'നിങ്ങള്‍ക്ക് 'ഹിഗ്വിറ്റ'യും മനസ്സിലായിട്ടില്ല, എന്റെ കഥയും മനസ്സിലായിട്ടില്ല.'

ഒരു കഥ വളരെയധികം പ്രശസ്തിയാര്‍ജ്ജിച്ചാൽ ഒരു പ്രശ്നമുണ്ട്. അതിനു വേണ്ടി ഉപയോഗിച്ച ഏതെങ്കിലും ഒരു ബിംബം മറ്റൊരാളുടെ കഥയില്‍ പ്രത്യക്ഷപ്പെട്ടാൽ 'അതു താനല്ലയോ ഇത്' എന്ന പരാതിയുണ്ടാകും. അതും ഫുട്ബാള്‍, ഇതും ഫുട്ബാള്‍. എന്‍.എസ്. മാധവന്റെ കഥ രചനയിലും ഉള്ളടക്കത്തിലും ഉന്നത നിലവാരം പുലര്‍ത്തുന്ന ഒന്നാണ്. പക്ഷെ രണ്ടു കഥകളും വ്യത്യസ്ത ഉള്ളടക്കവും, ഭാവവും, തലങ്ങളുമുള്ള കഥകളാണ്. മാധവന്റെ കഥയില്‍ ഫൂട്ബാളിനെപ്പറ്റി വളരെ ശക്തമായൊരു പരാമര്‍ശമുണ്ട്, മാത്രമല്ല ഹിഗ്വിറ്റ എന്ന കഥയുടെ ഊര്‍ജ്ജവും ഫുട്ബാൾ കളിയാണ്. കൊളമ്പ്യന്‍ ഗോളിയായ ഹിഗ്വിറ്റയില്‍നിന്നാണ് ഗീവര്‍ഗ്ഗീസച്ചൻ, ജബ്ബാർ എന്ന ഗുണ്ടയെ ആക്രമിച്ച് നിലം പരിശാക്കാനുള്ള ശക്തി സംഭരിക്കുന്നത്. മറിച്ച് എന്റെ കഥയാകട്ടെ ഫുട്ബാള്‍ കളിയുടെ അസന്മാര്‍ഗ്ഗീയതയെപ്പറ്റിയാണ്. സ്റ്റേറ്റ് ടീമിന്റെ സെന്റര്‍ ഫോര്‍വേഡായ രാജന്റെ ഉറ്റ സ്നേഹിതൻ രാമകൃഷ്ണന്റെ അഭിപ്രായം മാത്രമല്ല ഉറച്ച വിശ്വാസംകൂടി ഇതാണ്. ആ കളി ശരിക്കും യുദ്ധമാണ്; അതുകൊണ്ട് യുദ്ധം പാടില്ലെന്നു വാശിപിടിക്കുന്നവര്‍ കളികളെ പ്രോത്സാഹിപ്പിക്കാൻ പാടില്ല എന്നും അയാള്‍ പറയുന്നു. ഞാന്‍ കഥയില്‍നിന്ന് ഉദ്ധരിക്കാം:

''ഞാന്‍ പറയുന്നത് ശരിയല്ലേ. ഫുട്ബാളിന്റെ കാര്യംതന്നെ എടുക്കാം. രണ്ടു ടീമുകള്‍, രണ്ടു രാജ്യങ്ങളാണ്. നടുവില്‍ അതിര്‍ത്തിരേഖയുമുണ്ട്. നിങ്ങള്‍ മറുരാജ്യത്തിന്റെ അതിര്‍ത്തി ലംഘിച്ചു കടക്കുകയാണ് ചെയ്യുന്നത്. ആക്രമണം. അതിന് നിങ്ങള്‍ ബലം പ്രയോഗിക്കുന്നു, എതിരാളിയുടെ എതിര്‍പ്പിനെ തട്ടിമാറ്റി മുന്നേറുന്നു. നഗ്നമായ ബലപ്രയോഗം. അവസാനം ഗോള്‍ പോസ്റ്റിന്റെ സ്വകാര്യതയിലേയ്ക്ക് അതിക്രമിച്ചുകടക്കുന്നു. അതിനെ കളിയെന്നെങ്ങിനെ പറയാം?'

'-എല്ലാ കളികളും അങ്ങിനെത്തന്നെയല്ലേ?' രാജന്‍ ചോദിക്കും.

'ആവണമെന്നില്ല. ടെന്നീസ്, ഒരുദാഹരണം. നിങ്ങള്‍ നിങ്ങളുടെ തട്ടകത്തിൽ നിന്നുകൊണ്ടാണ് അഭ്യാസങ്ങള്‍ കാട്ടുന്നത്. എതിരാളിയേക്കാൾ നൈപുണ്യമുണ്ടെന്നു കാണിക്കുക മാത്രമേ വേണ്ടൂ നിങ്ങള്‍ക്കു ജയിക്കാന്‍. മറുവശത്തേയ്ക്ക് ഇരച്ചുകയറേണ്ട. ഫുട്ബാള്‍ അങ്ങിനെയല്ല. അതില്‍ അക്രമസ്വഭാവമുണ്ട്, അശ്ലീലമായൊരു മനശ്ശാസ്ത്രമാണതിനു പിന്നിൽ. ആന്റ് ആന്‍ ഇമ്മോറൽ ഫിലോസഫി.' ''

കളികള്‍ രാഷ്ട്രങ്ങൽ തമ്മിലുള്ള സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നുവെന്ന രാജന്റെ പ്രസ്താവനയോട് രാമകൃഷ്ണന്‍ പ്രതികരിക്കുന്നത് ഇങ്ങനെയാണ്. 'അങ്ങിനെയാണെങ്കില്‍ ഇന്ന് ഏറ്റവും മൈത്രിയില്‍ വര്‍ത്തിക്കുന്ന രണ്ടു രാജ്യങ്ങൾ ഇന്ത്യയും പാകിസ്ഥാനുമായിരിക്കണം.'

രാജന്റെ വ്യക്തി ജീവിതം താറുമാറാവുന്നതിന്റെ ദൃശ്യം കഥയിലുണ്ട്. മറ്റൊരു സ്നേഹിതൻ, ശശി തന്റെ ഭാര്യയുടെ ജീവിതസൗകര്യങ്ങളോടുള്ള ആര്‍ത്തിയും ആസക്തിയും ചൂഷണം ചെയ്ത് മുന്നേറുന്ന ദൃശ്യമാണയാള്‍ കാണുന്നത്. ശശിയുടെ വരവിനെപ്പറ്റിയുള്ള തന്റെ ചോദ്യങ്ങള്‍ക്കുള്ള ഭാര്യയുടെ മറുപടിയില്‍ വാക്കുകൾക്കിടയിലെ വിടവുകൾ, പ്രാക്ടീസ് കഴിഞ്ഞ് വീട്ടിൽ വരുമ്പോൾ കാണുന്ന ചായക്കപ്പിലെ ഉണങ്ങിയ ചായക്കറ, ഇതെല്ലാം അയാളെ അസ്വസ്ഥനാക്കുന്നു. ഒരു കളിക്കാരനായ രാജൻ തന്റെ ജീവിതം ഒരു ഫുട്ബാൾ കോര്‍ട്ടായി കാണാൻ അധിക സമയമൊന്നും വേണ്ടിവന്നില്ല.

ലോകക്കപ്പ് നടന്നുകൊണ്ടിരിക്കയാണ്. രാജന്‍ ചോദിക്കുന്നു:
'ഇന്നലെ രാത്രി ബ്രസീലിന്റെ കളി കണ്ടോ?'
'-കണ്ടു.' രാമകൃഷ്ണന്‍ പറഞ്ഞു. 'എനിക്ക് ഫ്രാന്‍സ് ലോകക്കപ്പ് ജയിക്കണമെന്നാണ്.'
'-എന്താണങ്ങനെ?'
'-എല്ലാവരും ബ്രസീലിനെ പിന്‍താങ്ങുമ്പോൾ എനിക്കങ്ങിനെ തോന്നുന്നു.
ഒഴുക്കിനെതിരെ നീന്താനുള്ള താല്പര്യം മാത്രമല്ല. എനിക്ക് ബ്രസീലിന്റെ കളി ഇഷ്ടമല്ല;
തികച്ചും അസന്മാര്‍ഗ്ഗികമായ ഒരു കളിയില്‍ അശ്ലീലമായ എന്തോ ഉണ്ടവരുടെ നീക്കങ്ങളില്‍.
ഫ്രെഞ്ചുകാര്‍ കളിക്കുമ്പോൾ എനിക്കങ്ങിനെ തോന്നിയിട്ടില്ല.' '-പക്ഷേ ഇത്തവണ ബ്രസീല്‍ തന്നെ കൊണ്ടുപോകും കപ്പ്.'
"-ജയിക്കുമായിരിക്കും. ഒരു ജനത എത്രത്തോളം നിഷ്ഠൂരരാകുന്നുവോ, അത്രതന്നെ ജയിക്കാനുള്ള സാധ്യതയും ഏറുന്നു.
പെനല്‍ട്ടി അടിക്കാനൊരുങ്ങുന്ന കളിക്കാരന് മുമ്പിലുള്ള വിശാലമായ ഗോള്‍പോസ്റ്റിൽ ഏകനായി, വിയര്‍ക്കുന്ന കൈകളോടെ നില്‍ക്കുന്ന ഗോളിയിൽ അനുകമ്പ തോന്നിയാല്‍ കുഴഞ്ഞില്ലേ കാര്യം? ആ സമയത്ത് വേണ്ടത് കില്ലിങ് ഇന്‍സ്റ്റിങ്റ്റ് തന്നെ. ആടിന്റെ മുമ്പിലെ അറവുകാരന്റെ മനോഭാവം. ഒരു വെട്ട് രണ്ടു കഷ്ണം. ഒരു കളിക്കാരനില്‍ അന്നേരം കുടികൊള്ളുന്നത് അതേ അറവുകാരനല്ലേ?"

രാജന്‍ എന്ന സെന്റർ ഫോര്‍വേഡ് പെട്ടെന്ന് വിയര്‍ക്കുന്ന കൈകളോടെ നില്‍ക്കുന്ന ഗോളിയാവുകയാണ്. അയാള്‍ക്ക് നഷ്ടമാകാൻ പോകുന്നത് അയാളുടെ ജീവിതത്തിന്റെ സ്വകാര്യതയും ശാന്തിയുമാണ്. ഈ ദ്വന്ദഭാവമാണ് കഥയുടെ കാതല്‍. ഒരാള്‍ ഒരേ സമയത്ത് ഗോളടിക്കുകയും അതേ പന്തില്‍ നിന്നുതന്നെ ഗോള്‍പോസ്റ്റ് രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യുക!

''മുന്നോട്ട്, മുന്നോട്ട്. തടസ്സം സൃഷ്ടിക്കുന്ന പരുഷമായ കാലുകളെ വെട്ടിച്ച് രാജന്‍ കുതിക്കുകയാണ്. ഇടതുവശത്ത് കണ്‍വെട്ടത്ത് ലത്തീഫ് എപ്പോഴുമുണ്ടായിരുന്നു. അടുത്തുകിട്ടിയപ്പോള്‍ അയാള്‍ പറഞ്ഞു. 'രണ്ടു മിനിറ്റേയുള്ളൂ, വേഗം.' തടസ്സങ്ങളെ തട്ടിനീക്കി രാജന്‍ എതിര്‍ദേശത്ത് കുതിക്കുകയാണ്. പെട്ടെന്നയാള്‍ക്ക് അതെല്ലാം വളരെ അധാര്‍മ്മികമായി തോന്നി. അയാള്‍ നീനയെ ഓര്‍ത്തു. ശശിയെ ഓര്‍ത്തു. അവര്‍ വളരെ ദൂരത്താണ്. ശരിക്കും ഉള്ളതിനേക്കാള്‍ ദൂരെ. ഫുട്ബാള്‍ ഒരു ഹിംസ്രജന്തുവിനെപ്പോലെ അയാളുടെ കാലുകളെ നോവിപ്പിച്ചു. അയാള്‍ കാൽ കുടഞ്ഞു. വീണ്ടും പന്ത് അയാളുടെ കാല്‍ക്കീഴില്‍ത്തന്നെ. അയാള്‍ക്ക് വഴി തെളിഞ്ഞു കിട്ടിയിരുന്നെങ്കിലും മുന്നേറാനുള്ള ഇഛാശക്തി നഷ്ടപ്പെട്ടിരുന്നു. കാണികളില്‍നിന്ന് ആരവം തുടങ്ങിക്കഴിഞ്ഞപ്പോഴാണ് താൻ ഗോള്‍പോസ്റ്റിന്റെ വളരെ അടുത്തെത്തിയെന്നു രാജനു മനസ്സിലായത്. അയാള്‍ ഒഴിവാക്കാൻ ശ്രമിക്കുന്ന പന്ത് പിന്നേയും ലത്തീഫ് തന്റെ നേര്‍ക്കിട്ടുതരികയാണ്. കാണികളുടെ പ്രതീക്ഷ ഒരാരവമായി ഇപ്പോള്‍ സ്റ്റേഡിയവും കടന്ന് പുറത്തേയ്‌ക്കൊഴുകി. മുമ്പില്‍ ഗോള്‍പോസ്റ്റിനു നടുവിൽ പോസ്റ്റുകള്‍ക്കിടയിലുള്ള അപാരതയിൽ ഗോളി പന്തിനുനേരെ നോക്കി കുതിച്ചുചാടാൻ പാകത്തിൽ കുനിഞ്ഞു നില്‍ക്കുകയാണ്. അയാള്‍ കൈകൾ തിരുമ്പുന്നു. അയാളുടെ മുഖത്ത് പരിഭ്രമം, നെറ്റിമേല്‍ വിയര്‍പ്പ്. അറവുകാരന്റെ കത്തിക്കുവേണ്ടി രാജന്‍ പരതുകയാണ്. ''

മറ്റേതോ കോര്‍ട്ടിൽ തന്റെ സ്നേഹിതൻ ശശി പന്തുമായി മുന്നേറുന്നതയാൾ ഭാവനയിൽ കണ്ടു. അസന്മാര്‍ഗ്ഗികമായ ആ ഗോളിനെ പ്രതിരോധിക്കാനാനുള്ള അബോധപൂര്‍വ്വമായ ശ്രമമായിരിക്കണം രാജനെ, ഒരു കളിക്കാരന് അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന അവസരം ഉപയോഗിക്കുന്നതില്‍നിന്ന് പിന്തിരിയിപ്പിച്ചത്.

''കളിക്കളം ആക്രമിക്കപ്പെട്ട, നിസ്സഹായയായ ഒരു സ്ത്രീയുടെ നഗ്നശരീരമായും ഗോള്‍പോസ്റ്റ് യോനീമുഖമായും മാറി. അതിക്രമിച്ചുകടക്കാന്‍ വയ്യാതെ അയാൾ നില്‍ക്കുകയാണ്. സദാചാരത്തിന്റെ മുള്‍മുനയിൽ സെക്കന്റിന്റെ നൂറിലൊരുഭാഗം മാത്രം. പന്ത് അക്ഷമമായി കാലില്‍ ഉരുമ്മിനില്‍ക്കുകയാണ്. അറവുകാരന്റെ നിഷ്ഠൂരതയ്ക്കുവേണ്ടി കാത്തിരിയ്ക്കെ അവസാനത്തെ നീണ്ട വിസിലിന്റെ ശബ്ദം ആശ്വാസത്തോടെ അയാള്‍ കേട്ടു.

സ്റ്റേഡിയത്തില്‍ ആരവം കെട്ടടങ്ങിയിരുന്നു.''

ഈ കഥയെഴുതിയത് 1998-ലാണ്. പിന്നീട് ഹിന്ദു ദിനപത്രത്തില്‍ വന്ന ഒരു ചെറിയ കുറിപ്പ് ഞാന്‍ വായിക്കാനിടയായി. 2006 മാര്‍ച്ച് 22-ലെ ഹിന്ദു പത്രത്തില്‍ വന്ന റിപ്പോര്‍ട്ടിന്റെ ആദ്യ പാരഗ്രാഫ് തന്നെ ഇതാണ്.

Playing football turns kids into hooligans
By Laura Clark

Playing sport can make children aggressive and antisocial, claims a controversial study. Youngsters who enjoy football and other games are more likely to play truant, take drugs and steal, say psychologists. The findings, which apparently hold true for both boys and girls, challenge the received wisdom that team games can help tame delinquent children.
Sport is supposed to channel youngsters' aggression, but the Glasgow Caledonian University study claims it increases antisocial behaviour.
ഈ റിപ്പോര്‍ട്ട് മാര്‍ച്ച് 21-ലെ ഡെയ്‌ലി മിററിലാണ് ആദ്യം പ്രസിദ്ധപ്പെടുത്തിയത്.

അതൊക്കെ പോകട്ടെ, ഈ കഥ വായിച്ച് ഇത് ഹിഗ്വിറ്റയാണെന്നു പറഞ്ഞ ആ നിരൂപകനോട് ഞാന്‍ പറഞ്ഞു. ഈ കഥയെപ്പറ്റിയെന്നല്ല എന്റെ ഒരു കഥയെപ്പറ്റിയും എഴുതാൻ നിങ്ങള്‍ യോഗ്യനല്ല. ദയവുചെയ്ത് എന്റെ കഥകള്‍ ഒഴിവാക്കൂ. പല മാനങ്ങളുമുള്ള എന്റെ ഈ കഥ എന്തുകൊണ്ട് വായനക്കാരുടെ ശ്രദ്ധയാകര്‍ഷിച്ചില്ല? എനിക്കിതേ പറയാനുള്ളു, 'വാരിയര്‍ സിന്‍ഡ്രോം'. എന്റെ 'അറിയപ്പെടാത്ത ഒരു പൊന്നാനിക്കാരൻ' എന്ന ലേഖനം വായിക്കുക.

ഈ കഥ ഉല്‍പ്രേക്ഷയിൽ പെടില്ല.

(മറ്റൊന്നിന്‍ ധര്‍മ്മയോഗത്താ-
ലതുതാനല്ലയോ ഇത്
എന്ന് വര്‍ണ്യത്തിലാശങ്ക
ഉല്‍പ്രേക്ഷാഖ്യയലംകൃതി.)

ഇ ഹരികുമാര്‍

E Harikumar