ഡോ. കെ.എ. വാസുക്കുട്ടന്‍
മലയാളത്തിലെ ഏറ്റവും സജീവമായ സാഹിത്യശാഖയാണ് ചെറുകഥ. സമകാലിക ജീവിതത്തിനു നേരെ പിടിച്ച കണ്ണാടിയാണ് പലപ്പോഴും ചെറുകഥകൾ.
ചെറുകഥയുടെ ആചാര്യന്മാരായ ചെക്കോവിന്റെയും മോപ്പസാങ്ങിന്റെയും കാലം തൊട്ടു ജീവിതത്തിന്റെ സവിശേഷമായ ഏതെങ്കിലും ഒരു മുഹൂർത്തത്തെ കൈക്കുടന്നയിൽ എടുത്തു കാണിച്ചുതരാൻ കഥാകൃത്തുകൾ ചെയ്യുന്ന ശ്രമം ഇന്നും കൈവെടിഞ്ഞിട്ടില്ല. സമീപനങ്ങളും രചനാതന്ത്രങ്ങളും മാറിയിട്ടുണ്ടെന്നുമാത്രം.
മലയാളത്തിലെ പ്രശസ്തരായ രണ്ടു കഥാകൃത്തുക്കളായ ഇ. ഹരികുമാറിന്റെ ദൂരെ ഒരു നഗരത്തിൽ എന്ന സമാഹാരവും യു. പി. ജയരാജിന്റെ 'ഓക്കിനാവയിലെ പതിവ്രതകൾ' എന്ന സമാഹാരവുമാണ് ഇന്നത്തെ പുസ്തകനിരൂപണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടു പുസ്തകങ്ങളും കോട്ടയത്തെ ഡി. സി. ബുക്‌സ് കഴിഞ്ഞ ജനുവരി മാസത്തിൽ പ്രസിദ്ധപ്പെടുത്തിയവയാണ്.
1962-ൽ തന്റെ ആദ്യത്തെ കഥ - മഴയുള്ള രാത്രിയിൽ - പ്രകാശിപ്പിച്ച ഹരികുമാർ ഇന്നു മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ കഥാകൃത്തുക്കളിൽ ഒരാളാണ്. ദൂരെ ഒരു നഗരത്തിൽ എന്ന ഈ സമാഹാരത്തിൽ 14 കഥകളുണ്ട്.
ഇതിലെ ആറാമത്തെ കഥയുടെ പേരാണ് ഗ്രന്ഥശീർഷകമായി നൽകിയിരിക്കുന്നത്. റോഡപകടങ്ങളെ മുൻനിർത്തിയുള്ള ഒരു കഥയാണ് ഇത്. അപകടങ്ങൾക്ക് പലപ്പോഴും കാരണം അധികൃതരുടെ ഭാഗത്തുള്ള നിസ്സാരമായ ഏതെങ്കിലും വീഴ്ചയായിരിക്കും. ഇവിടെയും അങ്ങനെതന്നെ. റോഡ് ടാറിടുന്ന സമയത്ത് ടാറിന്റെ വീപ്പചൂടാക്കാൻ റോഡിൽ ഒരു അടുപ്പുണ്ടാക്കി. പണികഴിഞ്ഞു പോയവർ അടുപ്പു കല്ല് എടുത്തുമാറ്റുവാൻ ശ്രദ്ധിച്ചില്ല. ആ കല്ലിൽത്തട്ടി അനവധി അപകടങ്ങളുണ്ടായി. നവദമ്പതികൾ സഞ്ചരിച്ച ഒരു സ്‌ക്കൂട്ടർ ആ കല്ലിൽത്തട്ടി. വധു അപ്പോൾത്തന്നെ മരിച്ചു. വരൻ ആശുപത്രിയിൽ അബോധാവസ്ഥയിൽ. ശുശ്രൂഷിക്കാൻ അയാളുടെ പിതാവും ഒപ്പമുണ്ട്.
ഇത്രയുമായപ്പോൾ നഗരസഭ കല്ലുമാറ്റാൻ നടപടി തുടങ്ങി. ടെന്റർവിളിച്ച് 75,000-നുറപ്പിച്ചു. അതിന്റെ പരസ്യച്ചെലവിന് 22,000 ആയി. മീറ്റിങ്ങ്കൂടിയതിനു റെസ്റ്റോറണ്ടിലും നല്ല ഒരു തുക ചെലവായി. 15 ദിവസം കൊണ്ട് കല്ലു മാറ്റാനാണ് അവർ ആലോച്ചിച്ചുറപ്പിച്ചത്.
ഈ സംഗതികൾ പുരോഗമിക്കുമ്പോൾ ക്രിക്കറ്റ് കളിക്കുന്ന കുട്ടികൾ കല്ല് എടുത്തുമാറ്റി. അപകടങ്ങളെല്ലാം കണ്ടിരുന്ന ഒരധ്യാപകൻ ആ കുഴി നികത്തുകയും ചെയ്തു. പ്രശ്‌നം ലളിതമായി തീർന്നപ്പോഴേക്കും ആശുപത്രിയിൽകിടന്ന ആ മകൻ മരണമടയുന്നു.
മാതൃഭൂമി ഓണപ്പതിപ്പിൽ വന്ന ഈ കഥ അനേകം വായനക്കാർ ഉള്ളിൽത്തട്ടി വായിച്ച ഒരു സൃഷ്ടിയാണ്. നഗരസഭകളെയും പഞ്ചായത്തുകളെയും പൗരബോധത്തെയും ഉണർത്താൻ പോന്ന ഈ കഥ നമ്മുടെ പാഠപുസ്തകങ്ങളിൽ സ്ഥാനം പിടിക്കേണ്ടതാണ്.
ഹരികുമാറിന്റെ ഇഷ്ടവിഷയങ്ങളിലൊന്നാണ് കുട്ടികളുടെ മനോലോകം. 'ചിരിക്കാനറിയാത്ത കുട്ടി' എന്ന കഥയും 'പുഴയ്ക്കക്കരെ കൊച്ചുസ്വപ്നങ്ങൾ' എന്ന കഥയും രണ്ടു കുട്ടികളുടെ മാനസികനിലയിലേക്കുള്ള അന്വേഷണയാത്രയുടെ വിശിഷ്ടഫലങ്ങളാണ്. 'കുഞ്ഞിന്റെ മനസ്സു തോണ്ടിയെടുക്കുന്നത് തനിക്കിഷ്ടമല്ല എന്നു ചിരിക്കാനറിയാത്ത കുട്ടിയിലെ ഡേകെയർ സെന്റർ നടത്തുന്ന സ്ത്രീ പറയുന്നത് അവരെ സംബന്ധിച്ചു സത്യമായിരിക്കാമെങ്കിലും കഥാകൃത്തിനെ സംബന്ധിച്ചു സത്യമല്ല. കുഞ്ഞുമനസ്സുകളിലെ ചെറുതും വലുതുമായ ദുഃഖങ്ങൾ ഈ കഥാകാരനെ എന്നും വേട്ടയാടുന്ന വിഷയമാണ്.
'എനിക്കു ചിരിക്കാനറിയില്ല, ആന്റീ' എന്നു സത്യം പറയുന്ന മൂന്നുവയസ്സുള്ള ഇന്ദു എത്രയോ കുഞ്ഞുങ്ങളുടെ പ്രാതിനിധ്യംവഹിക്കുന്ന കഥാപാത്രമാണ്. അച്ഛനുമമ്മയും സ്‌ക്കൂട്ടറിൽ കൊണ്ടുവന്നു വിടുമ്പോൾ സാധാരണകുട്ടികളെപ്പോലെ ഇന്ദു ടാറ്റ പറയാറില്ല. മകൾ ഇറങ്ങിയ ഉടനെ സ്‌നേഹപ്രകടനങ്ങൾക്കു നിൽക്കാതെ അച്ഛൻ സ്‌ക്കൂട്ടർ വിട്ടുപോവുകയാണ് പതിവ്. ഒരു ദിവസം ആ കുട്ടിയെ വിളിക്കാൻ മാതാപിതാക്കൾ എത്തിയില്ല.
എല്ലാകുട്ടികളും ഡേകെയർ സെന്റർ വിട്ടിട്ടും രാത്രി എട്ടുവരെ മാലതി ആ കുട്ടിയെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. ഭക്ഷണം കൊടുത്തപ്പോൾ അവൾ കഴിച്ചില്ല. ആ കുഞ്ഞ് നിർവികാരമായി പറയുന്നു. 'അവർ മരിച്ചു പോയിക്കാണും'.
സംഭവിച്ചതും അതായിരുന്നുവോ? ആത്മഹത്യയെക്കുറിച്ച് അമ്മ പറയാറുള്ളവാക്കുകൾ ആ കുരുന്നുഹൃദയത്തിൽ അത്ര അഗാധമായി പതിഞ്ഞിരിക്കുന്നു. അച്ഛനമ്മമാർ തമ്മിലുള്ള കലഹം കുഞ്ഞുങ്ങളെ അനാഥരാക്കുന്നു എന്ന പാഠമാണ് ഈ കഥ നൽകുന്നത്.
'പുഴയ്ക്കക്കരെ കൊച്ചുസ്വപ്നങ്ങൾ' ഒരു വീട്ടുവേലക്കാരിയുടെ പത്തുവയസ്സുള്ള മകളുടെ സ്വപ്നങ്ങളാണ്. റിട്ടയർ ചെയ്ത നല്ലവനായ ഒരു ഉദ്യോഗസ്ഥന്റെ വീട്ടിലാണ് അവളുടെ അമ്മ ജോലിക്കുനിൽക്കുന്നത്. ഒരു ദിവസം ആ വീട്ടിൽ ചെന്ന കുട്ടിയെ ഉദ്യോഗസ്ഥൻ സ്വന്തം കാറിൽ കയറ്റി നഗരത്തിലെ മുന്തിയ ഒരു ഹോട്ടലിൽകൊണ്ടുപോയി സിങ്കപ്പൂർ ന്യൂഡിൽസും പഴച്ചാറും വാങ്ങിക്കൊടുത്തു. ഹോട്ടലിലെ അവിസ്മരണീയമായ അനുഭവം ആ കുട്ടിയുടെ മനസ്സു മാറ്റിമറിച്ചു.
വലിയ പണക്കാരനെ വിവാഹം കഴിച്ചാൽ ഇതുപോലുള്ള സുഖജീവിതം ആസ്വദിക്കാമെന്നവൾ ഓർത്തു. ആ ഉദ്യോഗസ്ഥൻ തന്നെ വിവാഹം കഴിക്കണമെന്ന് അവൾ ആവശ്യപ്പെടുകയാണ്. അവിടെയും നിന്നില്ല അവളുടെ മോഹം. തന്റെ ചെറിയവീട് ആ ഉദ്യോഗസ്ഥന്റെ വീടുപോലെയാക്കണമെന്നും അവൾ വിചാരിച്ചു. വീടുമോടിപിടിപ്പിച്ച് ഒരു ദിവസം ഉദ്യോഗസ്ഥനെയും ഭാര്യയെയും അവൾ വീട്ടിലേക്കു ക്ഷണിച്ചു. അവളുടെ കൊച്ചു സ്വപ്നങ്ങളെ അന്ധകാരം വിഴുങ്ങുന്നതാണ് നാം കാണുന്നത്.
'മറ്റൊരു ലോകത്തിൽ മറ്റൊരു കാലത്തിൽ' എന്ന കഥയും കുട്ടികളുടെ ലോകം തന്നെ. വലിയ തറവാട്ടിലെ സന്തതിയായ രാഘവന് സഹപാഠിയും ഊമയുമായ രാഗിണിയോട് സ്‌നേഹം തോന്നുന്നു. പക്ഷേ, അവന് ആ പെൺകുട്ടിയോട് അടുപ്പം സ്ഥാപിക്കാൻ കഴിയുന്നില്ല. അവന്റെ അനിയൻ വാസു രാഗിണിയുമായി ഗാഢബന്ധം സ്ഥാപിച്ചത് അസൂയയോടും അമർഷത്തോടുമാണ് രാഘവൻ കണ്ടത്. വാസുവിന് രാഗിണിയോടുള്ള അടുപ്പവും രാഘവന് വാസുവിനോടുള്ള അമർഷവും വർധിച്ചു കൊണ്ടിരുന്നു. ഒരിക്കൽ കാവിൽ ഉത്സവം നടക്കുമ്പോൾ മായികമായ ഒരന്തരീക്ഷത്തിൽ വാസു എന്നന്നേക്കുമായി അപ്രത്യക്ഷമാകുന്നു. അസാമാന്യമായ കൈയ്യടക്കത്തിൽ എഴുതിയിട്ടുള്ള ഈ ഫാന്റസിയിൽ വാസുവിന് എന്തുസംഭവിച്ചു എന്നു പറയുന്നില്ല.
'എന്റെ തട്ടകത്തിൽ ഞാൻ മാത്രം മതി' എന്ന വെളിച്ചപ്പാടിന്റെ അട്ടഹാസത്തിൽ വാസുവിന്റെ തിരോധാനത്തിന്റെ പൊരുൾ കണ്ടെത്താനാവും. ബോംബെയിൽ നിന്നു വർഷങ്ങൾക്കുശേഷം നാട്ടിലെത്തുന്ന രാഘവന്റെ ഓർമകളിലൂടെയാണ് ഈ കഥ വിരിയുന്നത്.
പത്തുവയസുകാരി സുചിത്ര എന്ന കഥാകാരിയുടെ കഥയെഴുത്തിനെക്കുറിച്ചാണ് 'ദുഷ്ടകഥാപാത്രങ്ങളുള്ള കഥകൾ' എന്ന കഥ. സുചിത്രയുടെ കഥകളെല്ലാം ദുഷ്ടകഥാപാത്രങ്ങളെക്കുറിച്ചാണ്. കഥാരചനയുടെ രഹസ്യങ്ങൾ പലതും ഇതിൽ ഹരികുമാർ ഒളിപ്പിച്ചുവച്ചിരിക്കുന്നു. 'തുടർക്കഥ വായിക്കുന്ന സ്ത്രീ' എന്ന കഥ സവിശേഷമായ ഒരു രചനയാണ്. തുടർക്കഥ വായനയിൽ വലിയ ഭ്രമമുള്ള ഒരു സ്ത്രീ കഥവായിച്ചു നീങ്ങുമ്പോൾ അതെല്ലാം സ്വയം അനുഭവിക്കേണ്ടതായിവരുന്ന വിചിത്രമായ സ്ഥിതിയാണ് ഈ കഥയിൽ.
സുബർക്കത്തിന്റെ ശില്പി' ഈ സമാഹാരത്തിലെ സവിശേഷ കഥകളിലൊന്നാണ് രണ്ടാഴ്ചത്തേക്കു ദുബായിക്കുപോയ പോക്കർസായ്‌വിന്റെ ഒഴിഞ്ഞ ബംഗ്ലാവിൽ അയാളുടെ ആശ്രിതനും ഭാര്യയും മധുവിധു ആഘോഷിക്കാനെത്തുന്നു. പക്ഷേ, അപ്രതീക്ഷിതമായി രാത്രിയിൽ സായ്‌വ് യാത്ര റദ്ദുചെയ്ത് ആ ബംഗ്ലാവിൽ എത്തുന്നതോടെ മധുവിധു രാത്രി കാളരാത്രിയാവുന്നു. ഈ കഥയിലെ ഭാഷയും അന്തരീക്ഷവുമെല്ലാം തികച്ചും വ്യത്യസ്തമായ ഒരു ഭാവമണ്ഡലം സൃഷ്ടിക്കുന്നു.
അഞ്ചുവർഷത്തെ കരാറ് ഒപ്പിട്ട് ഒരു വീഡിയോ താരമായ രമ്യ എന്ന നാട്ടുമ്പുറത്തുകാരി പെൺകുട്ടിക്ക് വിലപ്പെട്ടപലതും നഷ്ടപ്പെടുന്നു. 'ഒരു വീഡിയോ സ്വപ്നം' എന്ന കഥയിൽ കലയുടെ വ്യാപരവൽക്കരണത്തിൽ ഇന്നുനടക്കുന്ന പലതും അവതരിപ്പിക്കുന്നു.
തന്റെ കുട്ടിക്കാലത്തെ ഓർമകൾ തേടി ബോംബെയിൽ നിന്നും നാട്ടിലെത്തിയതാണ് രാജു എന്ന ചെറുപ്പക്കാരൻ. ഒരു ദിവസം മരിച്ചുപോയ അമ്മാവന്റെ തറവാട്ടിൽ ചിലവാക്കാൻ അവൻ എത്തുകയാണ്. ബാല്യസ്മൃതികൾതേടി, അവിടെ അമ്മാവന്റെ മകൾ അവിവാഹിതയായ സുഭദ്രയുടെ ഏകാന്തദുഃഖങ്ങൾ അവന് ഏറ്റുവാങ്ങേണ്ടിവരുന്നു. ഗ്രാമവിശുദ്ധിയുടെയും അതിന്റേതായ നന്മകളുടെയും പശ്ചാത്തലത്തിൽ രണ്ടു ഹൃദയങ്ങൾ വീർപ്പുമുട്ടിനിൽക്കുന്നത് 'മാങ്ങാറിച്ചെടികൾ' എന്ന കഥയിൽ അവതരിപ്പിക്കുന്നു. ഈ കഥയിൽ കഥാകൃത്ത് സൃഷ്ടിച്ചിരിക്കുന്ന ഭാവാന്തരീക്ഷം വായനക്കാരന്റെ മനസ്സിൽ നിന്നു പെട്ടെന്നൊന്നും മാഞ്ഞുപോകുന്നതല്ല. (അപഥസഞ്ചാരത്തിനു നഗരത്തിലെത്തിയ രണ്ടു സ്ത്രീകളെക്കുറിച്ച് രണ്ടുകഥകൾ ഇതിലുണ്ട്. ബോംബെയിൽ ഭീകർ നടത്തിയ സ്‌ഫോടനത്തിൽ മകൻ മരിച്ചതോർത്തു വ്യാകുലപ്പെടുന്ന പിതാവിനെയാണ് മറ്റൊരു കഥയിൽ അവതരിപ്പിക്കുന്നത്.)
നല്ല റെയിഞ്ചുള്ള എഴുത്തുകാരനാണ് ഹരികുമാർ. അടിത്തട്ടു നല്ലവണ്ണം കാണാവുന്ന ശുദ്ധമായ ജലാശയം പോലെയാണ് ഹരികുമാറിന്റെ കഥകൾ. നമ്മൾ എവിടെയോ കണ്ടതോ അനുഭവിച്ചതോ ആയ ഒരു തോന്നൽ ഈ കഥകൾ മനസ്സിൽ ഉളവാക്കുന്നു. നിത്യജീവിതവുമായി ഇഴുകിച്ചേർന്നുനിൽക്കുന്ന സംഭവങ്ങളും കഥാപാത്രങ്ങളും ഈ കഥകളുടെ എല്ലാം പ്രത്യേകതയാണ്. എറണാകുളം നഗരത്തിലെ ബ്രോഡ്‌വേ, ജോസ്ജംങ്ഷൻ, ഫോർട്ടുകൊച്ചി, പനമ്പിള്ളിനഗർ തുടങ്ങിയ സ്ഥലങ്ങളും അവിടെകൂടെ നീങ്ങുന്ന കഥാപാത്രങ്ങളും പല കഥകളും സമകാലികമാക്കുന്നു. നദീതീരത്തു ചൂണ്ടലുമായികാത്തിരുന്നു ജീവനോടെ ഒരു മത്സ്യത്തെപ്പിടിച്ചു നമ്മുടെ മുമ്പിലിടുന്ന പ്രതീതി ഓരോ കഥകൾക്കുമുണ്ട്.
ഓരോകഥയും വായിച്ചുകഴിയുമ്പോൾ അതിനടിയിൽ ഏതെങ്കിലും ഒരു സാമൂഹികസത്യം കനൽപോലെ നീറിപ്പിടിച്ചിരിക്കുന്നതായി വായനക്കാർക്ക് അനുഭവപ്പെടും. അമ്പെയ്തുകൊള്ളിക്കുന്ന സൂക്ഷ്മതയോടെ അതു ഹൃദയത്തിൽ പതിപ്പിക്കുവാൻ കഥാകൃത്തിനുള്ള കഴിവ് ഒന്നു വേറെതന്നെ.