പുസ്തകങ്ങളോടുള്ള കമ്പം വളരെ കുട്ടിക്കാലത്തു തന്നെയുണ്ടായിരുന്നു. അതുകൊണ്ട് ഒഴിവു ദിവസങ്ങളില്‍ ഉച്ചഭക്ഷണം കഴിഞ്ഞ് തൊടിയിൽ വേനല്‍ചൂടിനു ആശ്വാസം പകര്‍ന്ന് വീശുന്ന ഇളം കാറ്റേറ്റ് നടക്കുമ്പോള്‍ പോലും ഓര്‍മ്മ വരുന്നത് അച്ഛന്റെ പുസ്തക ഷെല്‍ഫായിരുന്നു. തേക്കു പലകകള്‍കൊണ്ടുണ്ടാക്കിയ ആറടി പൊക്കവും മൂന്നടി വീതിയുമുള്ള അലമാറി. അതിരിക്കുന്നതാകട്ടെ കൊടുങ്കാറ്റു തന്നെ വീശിയാലും അറിയാത്ത ഇരുട്ടു പിടിച്ച ഇടനാഴിയിലും. ഈ ഇളം കാറ്റിൽ, ചെടികള്‍ക്കും മരങ്ങള്‍ക്കുമിടയിൽ നിന്ന് പോവാൻ തോന്നില്ല. എങ്കിലും പുസ്തകങ്ങളുടെ വിളി വളരെ ശക്തമാകും. തുറന്നിട്ട അലമാറിയ്ക്കു മുമ്പില്‍ ഞാനിരുന്ന് അലമാറിയുടെ തേക്കുമണത്തെയും കടന്നു നില്‍ക്കുന്ന പുസ്തകങ്ങളുടെ വാസനയാസ്വദിച്ച് ഇരിക്കും. അന്ന് വായന തുടങ്ങിയിരുന്നില്ല, വെറുതെ മറിച്ചു നോക്കുക മാത്രം. ഞാനതില്‍ ആനന്ദം കണ്ടെത്തി. അങ്ങിനെയിരിക്കുമ്പോഴാണ് അച്ഛന്റെ ആദ്യ കവിതാസമാഹാരമായ അളകാവലി ഒരട്ടിയായി കാണുന്നത്. (ഇതിന്റെ പശ്ചാത്തലം ഞാന്‍ മുമ്പ് വിവരിച്ചിട്ടുണ്ട്.) ആദ്യമായി വായിച്ച പുസ്തകവും അളകാവലിയായിരുന്നു. ഒന്നും മനസ്സിലായിട്ടില്ല, പക്ഷെ വായിക്കാനുള്ള ഉത്സാഹം കൊണ്ട് വായിക്കുകയായിരുന്നു. പിന്നീട് എപ്പോഴോ ആണ് അച്ഛന്റെ 'പൊരിച്ച നഞ്ഞ്' 'നാല്‍പ്പത്തൊന്നു സുന്ദരിമാർ' എന്നീ കഥകൾ വായിച്ചത്. അച്ഛന്‍ കുറേക്കൂടി കഥകളെഴുതേണ്ടതായിരുന്നു എന്ന് തോന്നി. ഈ മനോഹരങ്ങളായ കഥകൾ അച്ഛന്റെ വെബ് സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. (www.edasseri.org).
പിന്നീട് വായിക്കാറായപ്പോള്‍ അച്ഛന്റെ പുസ്തകഷെല്‍ഫ് ഒരു ഖനിയായിരുന്നു. പല വിശ്വസാഹിത്യകാരന്മാരേയും പരിചയപ്പെടുന്നത് ഇതിലെ പുസ്തകങ്ങള്‍ വഴിയാണ്. വിക്ടര്‍ യുഗോവിന്റെ ഒരു മാതിരി എല്ലാ നോവലുകളുടെയും പരിഭാഷയുണ്ടായിരുന്നു. അതുപോലെത്തന്നെ റോസി തോമസ് തര്‍ജ്ജമ ചെയ്ത അനിമൽ ഫാം, സി.ഇ.എം. ജോഡിന്റെ മോഡേണ്‍ തിങ്കിങ്, അങ്ങിനെ വളരെ നല്ല പുസ്തകങ്ങളുടെ ഒരു വലിയ നിര.
ഹൈസ്കൂളിലെ ലൈബ്രറിയിൽ ഡിറ്റക്ടീവ് നോവൽ വകുപ്പിൽ ധാരാളം പുസ്തകങ്ങളുണ്ടായിരുന്നു. പത്മാലയത്തിലെ കൊലപാതകം, വിഷസൂചി തൊട്ട് അപ്പന്‍ തമ്പുരാന്റെ ഭാസ്‌കരമേനോൻ വരെ. നോത്‌ദ്രാമിലെ കൂനൻ വായിക്കുന്ന അതേ താല്പര്യത്തോടെ ഗൗരവമായിത്തന്നെ ഞാന്‍ ഈ ഡിറ്റക്ടീവ് നോവലുകളും ദിവസത്തിൽ ചുരുങ്ങിയത് ഒരെണ്ണം വീതം വായിച്ചു തള്ളി.
കുറച്ചുകൂടി വലുതായപ്പോഴാണ് പൊന്നാനിയിൽ തുടങ്ങിയ ലോക്കൽ ലൈബ്രറിയിൽ മെമ്പറായത്. ലോക്കല്‍ ലൈബ്രറി പ്രസ്ഥാനം പി.ടി. ഭാസ്‌കര പണിക്കരുടെ ഉത്സാഹത്തിൽ രൂപീകൃതമായതാണ്. മലയാളികളെ വായനാശീലരാക്കാന്‍ ആ മഹാൻ ചെയ്ത കാര്യങ്ങൾ അറിയാവുന്നതാണല്ലൊ. അതോടെ വായനയുടെ ആഴവും പരപ്പും കൂടി.
പിസിമ്മാമയുടെ (ഉറൂബ്) വീട്ടില്‍നിന്നാണ് മലയാളത്തിലെ വളരെയധികം നോവലുകളും ചെറുകഥാ പുസ്തകങ്ങളും വായിച്ചത്. വേനലവധിയ്ക്ക് ഞങ്ങള്‍ കോഴിക്കോട്ടു പോകാറുണ്ടായിരുന്നു. അവിടെയുള്ള ഏറ്റവും വലിയ ആകര്‍ഷണം പിസിമ്മാമയുടെ പുസ്തക ശേഖരമായിരുന്നു. അച്ഛന്റെ അലമാറിയില്‍ അധികവും കവിതാപുസ്തകങ്ങളായിരുന്നു, ആശാന്‍, വളളത്തോൾ, ഉള്ളൂർ, വൈലോപ്പിള്ളി, അക്കിത്തം, എന്‍.വി. തുടങ്ങിയവര്‍. നേരെ മറിച്ചായിരുന്നു പിസിമ്മാമയുടെ ശേഖരം. അവിടെ എല്ലാ തരത്തിലുള്ള പുസ്തകങ്ങളുമുണ്ടായിരുന്നു. അവിടെനിന്നു വായിച്ച പുസ്തകങ്ങളില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് നാലപ്പാട്ട് നാരായണ മേനോന്റെ രതിസാമ്രാജ്യമായിരുന്നു. വളര്‍ന്നു വരുന്ന ആ കാലഘട്ടത്തില്‍ എന്റെ ലൈംഗിക ധാരണകളെ വളരെയധികം സ്വാധീനിച്ചതായിരുന്നു ആ പുസ്തകം. അതുപോലൊരു പുസ്തകം മലയാളത്തില്‍ പിന്നീടുണ്ടായിട്ടില്ല. പ്ലസ് ടൂവിലോ കോളജ് സിലബസ്സിലോ അതൊരു പാഠ്യപുസ്തകമാക്കിയാല്‍ ഇനി വരുന്ന തലമുറയെങ്കിലും ആരോഗ്യപരമായ മനസ്സോടെ വളരുമെന്ന് തീര്‍ച്ച. സ്കൂളിൽ പഠിക്കുന്ന കാലത്ത് വായിച്ച എറ്റവും നല്ല പുസ്തകം വിക്ടർ യൂഗോവിന്റെ പാവങ്ങള്‍ (ലേ മിസറാബ്‌ള്) ആണ്. നാലപ്പാട്ടിന്റെ തര്‍ജ്ജമ ഇംഗ്ലീഷ് തര്‍ജ്ജമയെക്കാൾ മെച്ചമാണെന്ന് ഞാന്‍ പറയും.
അലമാറിയിലെ പുസ്തകങ്ങള്‍ മറിച്ചു നോക്കുമ്പോൾ ചില തമാശകളും കാണാറുണ്ട്. അക്കിത്തത്തിന്റെ മധുവിധു എന്ന പുസ്തകം അച്ഛൻ അയച്ചു തന്നതിൽ എഴുതിയത് ഇതായിരുന്നു. 'ബ്രഹ്മശ്രീ ഇടശ്ശേരിക്ക്, മ.രാ.രാ. അക്കിത്തം'. (മ.രാ.രാ. എന്നാല്‍ മഹാരാജാ രാജാധിരാജന്‍ എന്നാണ്). ബ്രഹ്മശ്രീ എന്നത് ബ്രാഹ്മണന്മാരേ അഭിസംബോധന ചെയ്യാനുള്ളതാണ്. മ.രാ.രാ. മറിച്ചും. അതു തിരിച്ചിട്ടതിലൂടെ അദ്ദേഹം ഗുരുവായ ഇടശ്ശേരിയ്ക്ക് ബ്രാഹ്മണ്യം അരുളിക്കൊടുക്കുകയാണ് ചെയ്തത്. ഈ തമാശ മനസ്സിലാവാന്‍ അന്നെനിക്ക് അമ്മയുടെ സഹായം വേണ്ടി വന്നു പക്ഷെ. അതുപോലെ കുട്ടികൃഷ്ണമാരാര്‍ എന്റെ അമ്മയ്ക്ക് വിവാഹസമ്മാനമായി കൊടുത്ത പുസ്തകം 'അഭിജ്ഞാന ശാകുന്തളം' മഹാകവി വള്ളത്തോളിന്റെ തര്‍ജ്ജമയായിരുന്നു. അതില്‍ ഉദ്ധരിച്ചിരിക്കുന്നത്, കണ്വന്‍ ശകുന്തളയെ ദുഷ്യന്തന്റെ കൊട്ടാരത്തിലേയ്ക്ക് യാത്രയാക്കുമ്പോള്‍ കൊടുക്കുന്ന ഉപദേശമായിരുന്നു. 'ശുശ്രൂഷിക്ക ഗുരുക്കളെ സപത്‌നീജനേ........' എന്നു തുടങ്ങുന്ന ശ്ലോകം. ഇതു പറഞ്ഞപ്പോഴാണ് ഓര്‍മ്മ വന്നത്. അമ്മയുടെ കവിതകളും, കഥകളും, ഞാന്‍ പഴയ മാതൃഭൂമി ആഴ്ചപ്പതിപ്പ് പരതുമ്പോൾ കണ്ടിട്ടുണ്ട്. വായിച്ചിട്ടുമുണ്ട്. മുപ്പതുകളിലെ മാതൃഭൂമിയുടെ രൂപം അധികം പേരും കണ്ടിട്ടുണ്ടാവില്ല. ഇന്നത്തെ രാഷ്ട്രദീപികയുടെ വലുപ്പം. തര്‍ജ്ജമകൾ (ടാഗോറിന്റെ ഫ്രൂട്ട് ഗാതറിങ്, അബ്ബാസിന്റെ കഥകള്‍, തുടങ്ങിയവ) അരുണയിലും മറ്റും വന്നത് പിന്നീടാണ്.
വളരെ ചെറുപ്പത്തില്‍ ആദ്യമായി വായിച്ച മലയാള ചെറുകഥ ടി. പദ്മനാഭന്റെ 'മൈഥിലി നീ എന്റേതാണ്' എന്നാണോര്‍മ്മ. അതിനുശേഷം അദ്ദേഹത്തിന്റെ എല്ലാ സൃഷ്ടികളും ആവേശത്തോടെ വായിച്ചിട്ടുണ്ട്. കഥകളില്‍ എനിക്ക് എറ്റവും പ്രിയം 'കുടയനെല്ലൂരിലെ സ്ത്രീ' ആണ്, 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി' എന്ന പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത് പൊന്നാനിയിലുണ്ടായിരുന്ന വെസ്റ്റ് കോസ്റ്റ് പബ്ലിഷേഴ്‌സ് ആയിരുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ മാതൃകയിൽ വള്ളുവനാട് സാഹിത്യകാരന്മാര്‍ തുടങ്ങിയ ആ പ്രസിദ്ധീകരണശാല അഞ്ചെട്ടു പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തിയതോടെ നിന്നു പോകുകയാണുണ്ടായത്. ഏകദേശം അക്കാലത്താണ് ഉറൂബിന്റെ ഉമ്മാച്ചുവും സുന്ദരികളും സുന്ദരന്മാരും, ബഷീറിന്റെ ആനവാരിക്കഥകള്‍, ഇവയെല്ലാം മാതൃഭൂമിയിൽ ആര്‍ട്ടിസ്റ്റ് എം.വി. ദേവന്റെ സ്‌കെച്ചുകളോടെ തുടര്‍ച്ചയായി വന്നിരുന്നത്. അതെല്ലാം വലിയ ആവേശത്തോടെ വായിച്ചു തീര്‍ത്തു. പിന്നീടാണ് എം.ടിയുടെ കഥകള്‍ ശ്രദ്ധിക്കുന്നത്. എനിക്കവ വളരെ ഇഷ്ടപ്പെട്ടു. എം.ടി.യുടെ 'വിത്തുകള്‍' ആണ് എനിക്കിഷ്ടം. അവയോടൊപ്പം തന്നെ മാധവിക്കുട്ടിയുടെ കഥകളും എന്നെ ആകര്‍ഷിച്ചു. 'നെയ്പ്പായസം' നമ്മെ വല്ലാതെ വിഷമിപ്പിക്കുന്ന ഒരു കഥയാണ്. എനിക്കിഷ്ടപ്പെട്ട മറ്റ് എഴുത്തുകാര്‍ എസ്.കെ. പൊറ്റെക്കാട്ട്, കാരൂര്‍, ഒ.വി. വിജയന്‍, വി.കെ.എന്‍ തുടങ്ങിയവരാണ്. ഒരു ചെറു ലേഖനത്തില്‍ എന്റെ വായനയെപ്പറ്റി പറയാൻ വിഷമമാണ്.
കല്‍ക്കത്തയിൽ പോയത് തൊള്ളായിരത്തി അറുപതിലാണ്. വായനയ്ക്ക് പറ്റിയ അന്തരീക്ഷം. പത്തില്‍ അഞ്ച് ബംഗാളികളും കയ്യിൽ കൊണ്ടു നടന്നിരുന്നത് പുസ്തകങ്ങളാണ്. വായനപ്രിയര്‍. ഇന്ത്യയിലെ ആദ്യത്തെ നേഷനൽ ലൈബ്രറി കല്‍ക്കത്തയിലായത് യാദൃശ്ചികമാവാൻ തരമില്ല. ന്യൂ ആലിപ്പൂരിലെ നേഷനല്‍ ലൈബ്രറിയിൽ മെമ്പറായി. ഒഴിവു ദിവസങ്ങളില്‍ ഉച്ചഭക്ഷണം കൂടി ഒഴിവാക്കി ഞാന്‍ വായിക്കാറുണ്ട്. വിശ്വസാഹിത്യത്തിലെ മികച്ച ഗ്രന്ഥങ്ങള്‍ തിരഞ്ഞെടുത്തു വായിച്ചു. അതുപോലെ ലോകചരിത്രം, പെയിന്റിംഗ് മുതലായ കലകൾ, ശാസ്ത്രം തുടങ്ങിയ ശാഖകളിലെ പുസ്തകങ്ങളും എന്നെ വളരെയധികം ആകര്‍ഷിച്ചു. ആര്‍.സി. മജൂംദാര്‍, നീരദ് സി. ചൗധരി തുടങ്ങി നിരവധി ചരിത്രകാരന്മാരെ പുസ്തകത്തിലൂടെ പരിചയപ്പെട്ടു. വല്ലാത്തൊരനുഭവമായിരുന്നു അത്. പെയ്‌ന്റിങ്ങിൽ താല്പര്യമുണ്ടാക്കിയത് പത്മിനിയേടത്തിയായിരുന്നു. ആര്‍ട്ടിസ്റ്റ് ടി.കെ. പത്മിനി. അവര്‍ എ.വി. ഹൈസ്കൂളിലെ ദേവസ്സി മാസ്റ്ററുടെയും പിന്നീട് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെയും ശിഷ്യയായിരുന്നപ്പോള്‍ താമസിച്ചിരുന്നത് ഞങ്ങളുടെ വീട്ടിലായിരുന്നു. അവര്‍ ചിത്രം വരക്കുന്നതു കണ്ടാണ് എനിക്ക് ചിത്രകലയിൽ താല്പര്യമുണ്ടായത്. അവരാണ് മോഡേണ്‍ പെയിന്റിങ്ങിനെപ്പറ്റി എനിക്കു പറഞ്ഞു തന്നത്. അവര്‍ പറഞ്ഞിരുന്ന ചിത്രകാരന്മാർ വരച്ച ചിത്രങ്ങളുടെ കളർ റീപ്രൊഡക്ഷനുകളുമുള്ള ധാരാളം പുസ്തകങ്ങള്‍ നേഷനൽ ലൈബ്രറിയിലുണ്ടായിരുന്നു. യുങ്ങിന്റെ കലക്ടീവ് അണ്‍കോണ്‍ഷസ്, ഫോം ഓഫ് തിങ്ങ്‌സ് അണ്‍നോൺ, പിന്നെ ചരിത്രത്തിൽ നീരദ് സി. ചൗധരിയുടെ കോണ്‍ടിനന്റ് ഓഫ് കീര്‍കീ (Continent of Circe)അതെല്ലാം ആവേശത്തോടെ വായിച്ചു തീര്‍ത്തു. പിക്കാസോവിന്റെ ഗൂര്‍ണിക്ക എന്ന പ്രസിദ്ധ ചിത്രം ആസ്വദിക്കാൻ യുങ്ങിന്റെ അപഗ്രഥനം എന്നെ ഏറെ സഹായിച്ചു. ചിത്രകല ആസ്വദിക്കാനുള്ള കഴിവുണ്ടാക്കിയത് ഈ പരന്ന, ആഴത്തിലുള്ള വായനയായിരുന്നു.
കല്‍ക്കത്തയില്‍ എന്നെ ആകര്‍ഷിച്ച മറ്റൊരു സ്ഥാപനം അമേരിക്കൻ ലൈബ്രറിയായിരുന്നു. (ഈ ലൈബ്രറി എന്റെ തടാകതീരത്ത് എന്ന നോവലില്‍ വരുന്നുണ്ട്.) ധാരാളം പുസ്തകങ്ങള്‍! വാള്‍ട്ട് വിറ്റ്മാന്റെ ലീവ്‌സ് ഓഫ് ഗ്രാസ്, റോബര്‍ട്ട് ഫ്രോസ്റ്റിന്റെ സ്റ്റോപ്പിങ് ബൈ ദ വൂഡ്‌സ്....., ഹെമിങ്ങ്‌വേയുടെ എല്ലാ ഗ്രന്ഥങ്ങളും, പ്രത്യേകിച്ച് എ മൂവബ്ള്‍ ഫീസ്റ്റ്, ജോണ്‍ സ്റ്റീന്‍ബക്കിന്റെ ഗ്രേയ്പ്‌സ് ഓഫ് റാത്ത്, കെസ്റ്റ്‌ലറുടെ ഡാര്‍ക്‌നസ്സ് അറ്റ് നൂൺ, ജോൺ ഗന്തറുടെ ഡെത്ത് ബി നോട്ട് പ്രൗഡ്, ഇന്‍സൈഡ് റഷ്യ ടുഡേ, എഫ് സ്‌കോട്ട് ഫിറ്റ്‌സ്‌ജെറാള്‍ഡിന്റെ ടെന്റർ ഈസ് ദ് നൈറ്റ്, മാര്‍ക് ട്വെയിന്റെ ഹക്ക്ള്‍ബറി ഫിന്നും ടോം സോയറും (ഈ രണ്ടു പുസ്തകങ്ങളുടെയും തര്‍ജ്ജമ ഞാൻ നാട്ടില്‍നിന്നു വായിച്ചിട്ടുണ്ട്), നോബോക്കോവിന്റെ ലോലിറ്റ, ട്രൂമാന്‍ കപോട്ടിയുടെ ഗ്രാസ് ഹാര്‍പ്, ഹാര്‍പർ ലീയുടെ ടു കിൽ എ മോക്കിങ് ബേഡ്, ഹവാഡ് ഫാസ്റ്റിന്റെ മൈ ഗ്ലോറിയസ് ബ്രദേഴ്‌സ്, ലൂയി ഫിഷര്‍, സ്റ്റീഫൻ സ്‌പെന്റർ, ആര്‍തർ കെസ്റ്റ്‌ലർ, ആന്ദ്രെ ഷിദ് തുടങ്ങിയവരുടെ ലേഖനങ്ങളടങ്ങിയ പുസ്തകം 'ദ ഗാഡ് ദാറ്റ് ഫെയില്‍ഡ്', ഇതെല്ലാം അന്നു വായിച്ച പുസ്തകങ്ങളില്‍ ചിലത് പെട്ടെന്ന് ഓര്‍മ്മയിൽ വന്നവയാണ്. പസ്റ്റര്‍നാക്കിന്റെ ഡോക്ടർ ഷിവാഗോ, അലക്‌സാണ്ടർ സോള്‍സെനിറ്റ്‌സിന്റെ കാന്‍സർ വാര്‍ഡ്, ഗുലാഗ് ആര്‍കിപെലാഗോ എന്നിവയും അക്കാലത്തു വായിച്ചവയാണ്. കുറേക്കാലം സ്റ്റീഫൻ സ്‌പെന്ററിന്റെ പത്രാധിപത്വത്തിൽ ഇറങ്ങിയിരുന്ന എന്‍കൊണ്ടറിന്റെ വരിക്കാരനായിരുന്നു ഞാന്‍. സ്‌പെന്ററിന്റെ കവിതകളും മറ്റ് എഴുത്തകാരുടെ കനപ്പെട്ട ലേഖനങ്ങളും കൊണ്ട് സമ്പന്നമായിരുന്നു ആ മാസിക. ഞാന്‍ പറയുന്നത് അമ്പതു വര്‍ഷങ്ങള്‍ക്കപ്പുറത്തുള്ള കാര്യമാണ്. ഇംഗ്ലീഷ് പുസ്തകങ്ങളുടെ വായനയിൽ എന്നെ നയിച്ചിരുന്നത് പിസിമ്മാമയായിരുന്നു. അദ്ദേഹമാണ് ഗിവാനിനോ ഗരെസ്‌കിയുടെ ഡോൺ കാമില്ലൊ വായിക്കാൻ പറഞ്ഞത്. ഒരിക്കല്‍ കോഴിക്കോട്ട് ഒരു ചെക്കപ്പിനു വേണ്ടി ആശുപത്രിയിൽ കിടക്കുമ്പോഴാണ് ഞാനത് വായിച്ചത്. ഇടക്കിടക്ക് പൊട്ടിച്ചിരിക്കുന്ന എന്നെ നോക്കി മറ്റു രോഗികൾ അത്ഭുതപ്പെടുന്നുണ്ടായിരുന്നു. അവരെല്ലാം ഗൗരവമായ അസുഖങ്ങളുമായി കിടക്കുമ്പോഴാണ് എന്റെ പൊട്ടിച്ചിരി. ഡോണ്‍ കാമില്ലൊ എന്ന പാതിരിയും കമ്യൂണിസ്റ്റ് മെയറായ പെപ്പോണും തമ്മിലുള്ള പോരാട്ടങ്ങളുടെ കഥകളാണ് പുസ്തകത്തില്‍. ഡോണ്‍ കാമില്ലോയെ ഒരു ദൈവദൂതനായും പെപ്പോണിനെ സാത്താനായും കാണിച്ച അതിലെ വരകള്‍ ഞാനിപ്പോഴും ഓര്‍ക്കുന്നു.
പുസ്തകങ്ങള്‍ വാങ്ങാൻ തുടങ്ങിയതും കല്‍ക്കത്തയിൽ വച്ചുതന്നെയായിരുന്നു. ഹെമിങ്‌വേയുടെ മെന്‍ വിഥൗട് വിമൻ, റോബര്‍ട്ട് ക്രൈസ്റ്റന്റെ സീക്രട്ട് ഓഫ് സാന്താ വിട്ടോറിയ, അമേരിക്കന്‍ ചെറുകഥകളുടെ സമാഹാരം, സാര്‍ത്രിന്റെ ഏജ് ഓഫ് റീസൻ, സീമൻ ദ ബുവ്വായുടെ സെക്കന്റ് സെക്‌സ് തുടങ്ങി പരസ്പര ബന്ധമില്ലാത്ത വായനയായിരുന്നു എന്റേത്. പല പുസ്തകങ്ങളും നഷ്ടപ്പെട്ടു. നാട്ടില്‍ വന്നശേഷം എന്റെ വായന കുറഞ്ഞു. വായിച്ച പുസ്തകങ്ങളില്‍ എടുത്തു പറയാവുന്നത് സ്റ്റീഫൻ ഹോക്കിങ്ങിന്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം, കാറ്ള്‍ സഗാന്റെ കോസ്‌മോസ് എന്നിവയാണ്. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിൽ വായന ഏറ്റവും പിന്നിൽ പോയി. പത്തു വര്‍ഷം മുമ്പ് എറണാകുളത്തുനിന്ന് തൃശ്ശൂരിലേയ്ക്ക് പറിച്ചുനട്ടപ്പോള്‍ എന്റെ കയ്യിലുണ്ടായിരുന്ന പുസ്തകങ്ങൾ പുസ്തകഷെല്‍ഫടക്കം, അതെല്ലാം നന്നായി സൂക്ഷിക്കാമെന്ന (അന്ന് ജനറല്‍ സെക്രട്ടരിയായിരുന്ന) എം.വി. ബെന്നിയുടെ ഉറപ്പില്‍, സമസ്ത കേരള സാഹിത്യ പരിഷത്തിലേയ്ക്ക് കൊടുത്തു. അതില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ എല്ലാ പുസ്തകങ്ങളുമുണ്ട്. കൂടാതെ ആട്ടക്കഥകൾ, ലേഖനങ്ങൾ, കഥാ പുസ്തകങ്ങള്‍, നോവലുകൾ, എന്റെ പുസ്തകങ്ങൾ, അങ്ങിനെ നല്ലൊരു കലക്ഷന്‍.
ഇപ്പോള്‍ എന്റെ വായന ഇന്റര്‍നെറ്റ് വഴിയായിരിക്കുന്നു. പുസ്തകങ്ങള്‍ വായിക്കാൻ കാഴ്ച അനുവദിക്കുന്നില്ല. കമ്പ്യൂട്ടറിലാണെങ്കില്‍ എത്ര വേണമെങ്കിലും വലുതാക്കി വായിക്കാമല്ലൊ. അച്ചടിച്ച പുസ്തകങ്ങളുടെ പേജ് കുറക്കാനാണെന്നു തോന്നുന്നു അക്ഷരങ്ങളുടെ വലുപ്പം വളരെ കുറച്ചു കാണാറുണ്ട്. കുറേയേറെ വായനക്കാര്‍ക്കിതു പ്രശ്നമുണ്ടാക്കും. അതു കണ്ട്, ഞാന്‍ എന്റെ സമ്പൂര്‍ണ്ണ സമാഹാരം പ്രസിദ്ധപ്പെടുത്തിയപ്പോള്‍ വായിക്കാൻ എളുപ്പമുള്ള അക്ഷരങ്ങളാണ് ഉപയോഗിച്ചത്, ആവശ്യമുള്ളത്ര വലുപ്പത്തിലും. പേജുകള്‍ കൂടും, പക്ഷെ വായന ഒരു തലവേദനയാക്കാതെ കഴിക്കാമല്ലൊ.
എനിക്കാവശ്യമുള്ള ക്ലാസിക്കുകളെല്ലാം ഗുട്ടന്‍ബര്‍ഗ്ഗ് എന്ന സൈറ്റിൽ കിട്ടുന്നുണ്ട്. അതു കഴിഞ്ഞാല്‍ പിന്നീട് ബി.ബി.സി. മുതലായ ന്യൂസ് സൈറ്റുകളിലെ സയന്‍സ് പേജുകളും. ഇതെല്ലാമാണ് എന്റെ വായനയെ ഇന്നും നിലനിര്‍ത്തിപ്പോരുന്നത്. ഞാന്‍ കുറേയേറെ എഴുത്തുകാരുടെയും അവരുടെ രചനകളുടെയും പേരുകള്‍ കൊടുത്തത് മനപ്പൂര്‍വ്വമാണ്. എന്റെ വായനയുടെ റേഞ്ച് മനസ്സിലാക്കാന്‍ അതാവശ്യമാണ്. എന്നിട്ടും കുറേയെറെ പേരുകള്‍ വിട്ടു പോയിട്ടുണ്ട്, ഉദാഹരണമായി ഫ്രഡറിക് നിഷെ, ഐവാന്‍ ടര്‍ഗനീവ്, ചെക്കോവ്, ടോള്‍സ്റ്റോയ്, ടാഗോര്‍, വിഭൂതിഭൂഷൻ ബന്ധൊപാധ്യായ, എം. ഗോവിന്ദന്‍ തുടങ്ങിയ പേരുകള്‍. മുഴുവന്‍ പേരുകൾ കുറിക്കുക അസാധ്യം. ഈ ലേഖനത്തില്‍ പറഞ്ഞവരെല്ലാം തന്നെ അതാതുകാലത്ത് എന്റെ ജീവിതം കരുപ്പിടിക്കുന്നതിൽ സ്വാധീനം ചെലുത്തിയിട്ടുള്ളവരാണ്.