ബാലചന്ദ്രന്‍ വടക്കേടത്ത്

കാനഡയില്‍ നിന്നൊരു രാജകുമാരി

ബാലചന്ദ്രന്‍ വടക്കേടത്ത്

വായിക്കുന്തോറും പുതിയ അർത്ഥതലങ്ങൾ കൈവരുന്നതായി അനുഭവപ്പെടുന്ന കഥകളാണ് ഹരികുമാറിന്റേത്. യുക്തി തെല്ലും കൈവിടാതെ കഥ പറയുന്ന ഈ എഴുത്തുകാരനെ ഞാൻ എപ്പോഴും സ്മരിക്കുന്നത് 'ദിനോസറിന്റെ കുട്ടി' എന്ന കഥയിലൂടെയാണ്. ഒരു പക്ഷേ, ഹരികുമാറിന്റെ ഏറ്റവും നല്ല കഥയും അതല്ലേ?

ഒമ്പതു കഥകളുടെ സമാഹാരമാണ് 'കാനഡയിൽ നിന്നൊരു രാജകുമാരി'. ഒറ്റ വായനയിൽ ഈ കഥകളുടെ ശരിയായ ഭംഗി നമുക്കാസ്വദിക്കാനാവില്ല. രചന ലളിതമാണ് എന്ന് തോന്നാം. എന്നാലത് വായനക്കാരനെ കൊണ്ടു ചെന്നാക്കുന്നത് അതിസങ്കീർണ്ണമായ ചില ജീവിതമുഹൂർത്തങ്ങളിലുമാകും.

ജീവിതത്തെ നോക്കി ഇത്രയും മനോഹരമായി ചിരിക്കുന്ന കഥാകൃത്ത് നമുക്ക് വേറെ ആരാണുള്ളത്? പരുഷതകളും സന്തോഷങ്ങളുമെല്ലാം ഇടകലർന്ന ജീവിതത്തിന്റെ മേൽ, ഹരികുമാർ നോക്കുന്നു. നീലിമ രാജകുമാരിയാണ് എന്ന് അയാൾക്ക് തോന്നാതിരുന്നില്ല. അജിത്തിന്റെ മനോരാജ്യത്തിലൂടെ, വിമലയുടെ ദിനചര്യകളിലൂടെ ജൈത്രയാത്ര നടത്തിയ നീലിമയുടെ അഭിരുചികളോട് അടുക്കാൻ വിജയന് തോന്നാതിരുന്നില്ല. എങ്കിലും അയാൾ പെരുമാറുന്നത് ഇതെല്ലാം കാര്യമാക്കാത്ത മട്ടിലാണ്. നീലിമ പോയപ്പോൾ അയാൾക്കാകെ മടുപ്പ് തോന്നുന്നു. കൊച്ചു കൊച്ചു സങ്കൽപ്പങ്ങളും കൊച്ചു കൊച്ചു മടുപ്പുകളുമുള്ള ജീവിതാനുഭവങ്ങളോടാണ് ഹരികുമാറിന് താൽപ്പര്യമെന്ന് ഈ കഥ തെളിയിക്കുന്നുണ്ട്.

വളച്ചുകെട്ടില്ലാതെ കഥതുടങ്ങാനും അമ്പരപ്പിക്കുന്ന നാടകീയതയോടെ കഥ അവസാനിപ്പിക്കാനും ഹരികുമാറിനുള്ള പാടവം വെളിപ്പെടുത്തുന്നതാണ് നഗരം. നഗരത്തിന്റെ വളർച്ചയോടൊപ്പം അന്തോണിച്ചേട്ടനും വളരുന്നു. തുന്നൽക്കട വികസിക്കുന്നു. ജീവിതത്തിൽത്തന്നെ മാറ്റം വരുന്നു. ധീരോദാത്തതയുടേയും പ്രണയസൗരഭത്തിന്റേയും കാലം മാറി. നഗരം അതിന്റെ വികൃതരൂപം തെളിയിച്ചു. ഓരോരുത്തരും അവനവനിലേക്ക് ഒറ്റപ്പെടുന്നു എന്ന സത്യം വളരെ കരുതലോടെ ഈ കഥയിൽ ആവിഷ്‌ക്കരിക്കപ്പെട്ടിരിക്കുന്നു. ചെപ്പടിക്കാരനും ഞാനും, കാട്ടിക്കൊമ്പ് തുടങ്ങിയ കഥകൾ ശ്രദ്ധാപൂർവ്വം വായിക്കേണ്ടവയാണ്. തനിക്ക് പറയാനുള്ള കാര്യങ്ങൾ ഒതുക്കുവാനുള്ള ടെക്‌നിക് ഹരികുമാറിനില്ല. കഥ പറയുന്നതിലൂടെ പുതിയൊരു സംവേദനത്തിന്റെ തിരിയുതിർക്കാം എന്നേ ഈ കഥാകാരൻ അന്വേഷിക്കുന്നുള്ളു.

പ്രത്യേകമായ സങ്കേതങ്ങളിലൂന്നാതെ തന്റേതായൊരു രീതി കഥയെഴുതുന്നതിൽ ശീലിച്ചെടുക്കന്നു എന്നതിന് മികച്ച ഉദാഹരണങ്ങളായ കഥകൾ വേറേയും കാനഡയിൽ നിന്നൊരു രാജകുമാരി എന്ന കൃതിയിലുണ്ട്.

മാതൃഭൂമി ആഴ്ചപ്പതിപ്പ് - 1989 ഡിസംബര്‍ 10-16

ബാലചന്ദ്രന്‍ വടക്കേടത്ത്

എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ആയി പ്രവർത്തിച്ചിരുന്നു. കുറ്റിപ്പുഴ അവാർഡ്, ഫാദർ വടക്കൻ അവാർഡ് കാവ്യമണ്ഡലം അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.