ടി. പദ്മനാഭൻ
ആദ്യം തന്നെ പറയട്ടെ-പോയ കൊല്ലത്തെ (1988) ഏറ്റവും മികച്ച കഥകളുടെ ഒരാസ്വദനമല്ല ഇത്. ''ഇതാ, ഇവയാണ് ''88 ലെ ഏറ്റവും മികച്ച കഥകൾ' എന്ന് ആർക്കും പറയാൻ കഴിയുകയില്ലല്ലോ. അങ്ങനെ ആരെങ്കിലും പറഞ്ഞാൽ അതൊരിക്കലും സത്യമാവുകയുമില്ല. ഇവിടെ എത്രയെത്ര പ്രസിദ്ധീകരണങ്ങൾ! എത്രയെത്ര കഥകൾ! ആർക്കെങ്കിലും എല്ലാം വായിക്കുവാൻ കഴിയുമോ-? ഇനി അഥവാ, വായിച്ചാൽ തന്നെയും അഭിപ്രായങ്ങൾ എപ്പോഴും ആപേക്ഷികവുമായിരിക്കുമല്ലോ. അതുകൊണ്ടു ഞാൻ എഴുതുന്നത്. ''88 ലെ ഏറ്റവും മികച്ച കഥകളെക്കുറിച്ചല്ല എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകളെക്കുറിച്ചാണെന്ന് ഒരിക്കൽകൂടി വ്യക്തമാക്കിക്കൊള്ളട്ടെ.
പുതിയ ഒരെഴുത്തുകാരിയുടെ കഥയിൽ നിന്നു തുടങ്ങാം- 'ലക്ഷ്മിക്കുട്ടി അതു പറയില്ല'' എഴുതിയതു വി.പ്രീത (വിചാരണ പുസ്തകം, ലക്കം 7)വളരെ ചെറിയ ഒരു കഥയാണ് ഇത്. ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന ഒരു പെൺകുട്ടി. മെട്രൺ വിളിച്ചു പറഞ്ഞതനുസരിച്ച് അവളെ വീട്ടിലേക്കു കൂട്ടികൊണ്ടുപോകാൻ കാറുമായി ചേട്ടൻ വരുന്നു.അവൾ വളരെ അസ്വസ്ഥയാണ്. അവിടെ എന്തോ സംഭവിച്ചിട്ടുണ്ട്. അവളാണോ അതിനു കാരണക്കാരി....? അല്ല എന്നാണ് അവളുടെ വിശ്വാസം ഞാനങ്ങനെ പറഞ്ഞിട്ടില്ല എന്ന് അവൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു. അവളുടെ കൂട്ടുകാർക്കൊക്കെ അവളിൽ പൂർണ്ണമായും വിശ്വാസമുണ്ട്. ''പഠിപ്പുനിർത്തരുത്, കോളേജിലേക്ക് വരണം'' എന്നൊക്കെ അവർ അപേക്ഷിക്കുമ്പോൾ അവളുടെ മുറിവേല്പിക്കപ്പെട്ട കൊച്ചുഹൃദയം ''വയ്യ, വയ്യ ഇനി ഇതു വയ്യ'' എന്നു വിതുമ്പുന്നു.
എന്താണ് ആ ഹോസ്റ്റലിൽ, അല്ലെങ്കിൽ കോളേജിൽ സംഭവിച്ചത്? എന്താണ് ആ പെൺകുട്ടി പറഞ്ഞതായി മറ്റുള്ളവർ ആരോപിക്കുന്നത്....? ഇതിനെപ്പറ്റിയൊന്നും ഒരു സൂചനപോലും ഈ കഥയിലില്ല. പണ്ടുള്ളവർ പറയുന്ന പ്‌ളോട്ടോ ആദിമദ്ധ്യാന്തങ്ങളുള്ള ഒരു 'തീമോ' ഒന്നുമില്ല. സമർത്ഥനായ ഒരു വാട്ടർ കളർചിത്രകാരെന്റെ പോറലുകളെ ഓർമ്മിപ്പിക്കുന്ന ഏതാനും ചെറിയവാചകങ്ങൾ മാത്രം എന്നിട്ട്, എന്തെന്നില്ലാത്ത ഒരനുഭൂതി സൃഷ്ടിക്കുകയും ചെയ്യുന്നു.
ഒരു കഥാകൃത്തെന്ന നിലയിലുള്ള എന്റെ വിശ്വാസപ്രമാണങ്ങൾ ''ഞാനെന്തിന് എഴുതുന്നു'' എന്നപേരിൽ എം.ഗോവിന്ദന്റെ സമീക്ഷയിൽ 22 കൊല്ലങ്ങൾക്കുമുമ്പു ഞാൻ എഴുതുകയുണ്ടായി. ഇതുപിന്നീട് എന്റെ തെരഞ്ഞെടുത്ത കഥകളുടെ ആമുഖക്കുറിപ്പായി എടുത്തു ചേർത്തിട്ടുമുണ്ട്. കഥയ്ക്ക് പ്‌ളോട്ടിന്റെയോ ആദിമദ്ധ്യാന്തങ്ങളുള്ള 'തീമിന്റെയോ ഒന്നും ആവശ്യമില്ലെന്ന് ഈ ലേഖനത്തിൽ ഞാൻ പറയുകയുണ്ടായി. ഒരു കഥ പൂർണ്ണമായും കടലാസിൽ അവസാനിപ്പിക്കരുതെന്നും കഥ പൂർണ്ണമാകേണ്ടത് വായനക്കാരന്റെ ഹൃദയത്തിലായിരിക്കണമെന്നും ഞാൻ പറഞ്ഞു. പ്രീതയുടെ കഥ, വിചാരണയുടെ താളുകളിലല്ല എന്റെ ഹൃദയത്തിലാണ് അവസാനിക്കുന്നത് എന്നെ ഇപ്പോഴും അത് അലട്ടികൊണ്ടിരിക്കുന്നു. പുതിയ ഒരെഴുത്തുകാരിയെ സംബന്ധിച്ചിടത്തോളം തീർച്ചയായും ഇതു വലിയ നേട്ടമാണ്.
ഇനി ഒരു സക്കറിയക്കഥ-കഥയുടെ പേര് ''ഇതാ, ഇവിടെവരെ' യുടെ പരസ്യവണ്ടി പുറപ്പെടുന്നു'' (മാതൃഭൂമി വാർഷികപ്പതിപ്പ്) മറ്റേതൊരാളെഴുതിയാലും ഒരു പ്രബന്ധമായി മാറിപ്പോകാവുന്ന കഥ. പക്ഷേ സക്കറിയ എഴുതുമ്പോൾ ഇതു മികച്ച ഒരു കലാസൃഷ്ടിയായിത്തീരുന്നു. സിനിമയുടെ നോട്ടീസ് വിതരണം ചെയ്യുന്ന ഒരു വണ്ടിക്കാരനും അയാളുടെ രണ്ടുകാളകളും ഇവരാണ് ഈ കഥയിലെ പാത്രങ്ങൾ. ഇവരുടെ ജീവിതത്തിന്റെ ദശാപരിണാമങ്ങളിലൂടെ തികച്ചും നിർമ്മമനായി സക്കറിയ നമ്മെ കൂട്ടികൊണ്ടുപോകുന്നു. ക്രൂരമായ ഒരു ഫലിതം പറയുന്നതുപോലെ കശാപ്പുകാരന്റെ കത്തിയിലേക്ക് വേഗം വേഗം നടന്നുനീങ്ങുന്ന ആ ക്ഷീണിച്ച കാളകൾ-തങ്ങളുടെ മരണത്തിലേക്കാണ് തങ്ങൾ നീങ്ങുന്നതെന്ന് അവർക്കറിയാം-ഇപ്പോഴും എന്റെ മനസ്സിനെ അലട്ടുന്നു. നിരാർദ്രവ്യം തികച്ചും സഹതാപശൂന്യവുമായ നമ്മുടെ കാലഘട്ടത്തിന്റെ ഒരു പരിച്ഛേദത്തെയാണ് ഈ കഥയിലൂടെ സക്കറിയ നമുക്കു കാണിച്ചു തരുന്നത്.
ഇതേ വാർഷികപ്പതിപ്പിൽ തന്നെയാണു യു.എ.ഖാദറിന്റെ ''താപ്പുടിക്കറ്റക'' ളുള്ളത്. പെങ്ങളുടെ പുതിയ വീട്ടിൽ ഒരു നാൾ അന്തിപാർക്കാൻ പോയ കഥാകൃത്തിന്റെ അനുഭവങ്ങളും ഓർമ്മകളുമാണ് മനോഹരമായ ഈ കഥയുടെ ഭൂമിക ടെറസിൽ ഉറങ്ങാൻ കിടന്ന അയാളെ കഴിഞ്ഞ കാലത്തിന്റെ ഓർമ്മകൾ മഥിക്കുന്നു. അരികെ വന്നുനിന്ന് അളിയൻ, ബസ് സ്റ്റാൻഡ് വന്നു കഴിഞ്ഞാൽ സ്വത്തിനുണ്ടാകുന്ന ഭീമമായ വിലക്കയറ്റത്തെക്കുറിച്ചും തണ്ടാം വയലും അവിടത്തെ കുളവും നികത്തി അവിടെ ഒരു ഇരുപതുമുറിപ്പീടികയെടുത്താൽ കിട്ടുന്ന ലാഭത്തെക്കുറിച്ചുമൊക്കെ പറയുമ്പോൾ സ്വതവേതന്നെ രോഗാതുരനായ അയാളുടെ മനസ്സ് ഒന്നുകൂടി പിടയുന്നു. വയലും കുളവും അയാളുടെ ബാല്യവുമായി അഭേദ്യമായി ബന്ധപ്പെട്ടതായിരുന്നു. അതാണ് തുടർന്ന് പോകാൻ പോകുന്നത്. പിന്നെ....... കഥയുടെ ഹരിതപടത്തിൽ നിഷ്‌കളങ്കമായ ഒരു കൗമാരസ്‌നേഹത്തിന്റെ പൊൻനൂലും ഖാദർ തുന്നിച്ചേർക്കുന്നുണ്ട്.
കഥയിൽ രൂപത്തിനെക്കാൾ പ്രാധാന്യം ഭാവത്തിനാണ് എന്നു വിശ്വസിക്കുന്നവനാണു ഞാൻ (എല്ലാ കലകൾക്കും ഇത് ബാധകം തന്നെ) രൂപത്തിന് തീർച്ചയായും അതിന്റെ പ്രധാന്യമുണ്ട്. പക്ഷേ ആദ്യത്തെ പരിഗണന തീർച്ചയായും ഭാവത്തിനു തന്നെയായിരിക്കണം. ശരീരത്തെക്കാൾ പ്രധാനം ജീവനാണല്ലോ എന്നുവച്ച് രൂപത്തിൽ പരീക്ഷണങ്ങൾ പാടില്ല എന്നൊന്നുമില്ല. കഴിവുള്ളവർ അതു ചെയ്യുകയും വേണം. സക്കറിയയുടെ കഥകളും ഖാദറിന്റെ ആദ്യകാല തൃക്കോട്ടൂർ കഥകളും നോക്കുക.
ശൈലിയെ-രൂപത്തെ-സംബന്ധിച്ചിടത്തോളം ഖാദറിന്റെ ഈ കഥയും സക്കറിയയുടെ ''ഇതാ ഇവിടെവരെ--'' യും രണ്ടു ധ്രുവങ്ങളിലാണ് നിൽക്കുന്നത്. ഈ തലത്തിൽ ഖാദറിന്റെ കഥയ്ക്ക് ഒരു പുതുമയും അവകാശപ്പെടാൻ കഴിയില്ല. അദ്ദേഹം അത് ഉദ്ദേശിച്ചിട്ടുണ്ടായിരിക്കില്ല. പക്ഷേ ഭാവതലത്തിൽ ''താപ്പൂടിക്കറ്റകൾ'' എത്രമാത്രം ഉയർന്നുനിൽക്കുന്നു! കഴിവുള്ളവർ എങ്ങനെയെഴുതിയാലും- ആത്മാർത്ഥതയുള്ള കാലത്തോളം-കഥ നന്നാവുമെന്നാണല്ലോ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. (കഥയെഴുതിത്തുടങ്ങുമ്പോൾത്തന്നെ കൃത്രിമമായ അഭ്യാസങ്ങളിലേക്ക് പോകുന്ന പുതുക്കക്കാർക്കുവേണ്ടിയാണ് ഇത്രയും പറഞ്ഞത്).
ഒ.വി.വിജയന്റെ ഒന്നിലധികം നല്ല കഥകൾ ''88-ൽ വായിച്ചു ഇവയിൽ എനിക്കേറ്റവുമിഷ്ടപ്പെട്ടത് 'മാധ്യമം'' പിറന്നാൾ പതിപ്പിൽ വന്ന 'ചെറുപ്രാണിക'ളാണ്. കഥാകൃത്തിന്റെ കുട്ടിക്കാലത്ത് അവരുടെ എന്നുവച്ചാൽ കഥാകൃത്തും ചേച്ചിയും അച്ഛനുമമ്മയുമടങ്ങുന്ന അവരുടെ കുടുംബത്തിന്റെ -പുരയിടവും പാടങ്ങളുമൊക്കെ നോക്കി നടന്നിരുന്ന കാര്യസ്ഥനായിരുന്നു. നാകാണ്ടിയപ്പൻ, ഭാര്യയും കുട്ടിയും എന്നേ മരിച്ചുപോയ നാകാണ്ടിയപ്പൻ. എപ്പോഴും ഒറ്റയ്ക്ക് തന്റേതായ ഒരു വിചിത്രലോകത്തിൽ ജീവിച്ചിരുന്ന നാകാണ്ടിയപ്പൻ. അവരുടെ പുരയിടത്തിന്റെ മാത്രമല്ല അവരുടെ ജീവിതത്തിന്റെയും അഭേദ്യമായ ഒരു ഭാഗമായിരുന്നു. ആ നാകാണ്ടിയപ്പനെക്കുറിച്ചുള്ള ഓർമ്മകളാണ് കഥയിലുള്ളത്. ഞാൻ വളരെ ലഘുവായി ഇങ്ങനെ പറഞ്ഞുവെന്നേയുള്ളൂ. യുക്തിയുടെ വെളിച്ചത്തിൽ എല്ലാം വിശദീകരിച്ചു വ്യക്തമാക്കാൻ കഴിയാത്ത മഹാസമസ്യയാണല്ലോ ജീവിതം. ഈ മഹാസമസ്യയിലാകട്ടെ ഒട്ടേറെ കൊച്ചുകൊച്ചു സമസ്യകളുംപെടുന്നു- പലപ്പോഴും അവ്യാഖ്യേയങ്ങളായവ അത്തരം ഒരു കൊച്ചുസമസ്യയാണ് ഈ കഥയിലുള്ളത്. ഇത് അനുഭവിക്കാനുള്ളതാണ്.വിശദീകരിക്കാനുള്ളതല്ല. വിജയൻ തന്റെ അനുപമമായ ശൈലിയിൽ നമ്മെക്കൊണ്ട് ഇത് അനുഭവിപ്പിക്കുന്നു.
കലാകൗമുദിയുടെ ഓണപ്പതിപ്പിലാണു ഹരികുമാറിന്റെ 'ശ്രീപാർവ്വതിയുടെ പാദം' വായിച്ചത്. ഹരികുമാറിന്റെ കഥകൾ പ്രയേണ ദീർഘങ്ങളാണ്. ഇതും ഇങ്ങനെത്തന്നെ ഒരു ചേട്ടത്തിയെയും അനുജത്തിയേയും കുറിച്ചുള്ളതാണ് കഥ. എറണാകുളത്ത് താമസിക്കുന്ന അനുജത്തി ഇടവപ്പാതിയിൽ, മഴപെയ്ത ഒരു രാത്രി, തന്റെ കുട്ടിക്കാലത്തേക്ക് മടങ്ങിപ്പോകുന്നു. അതിന്റെ ഓർമ്മയിൽ, രാവിലെ കോട്ടപ്പടിയിൽ താൻ വളർന്ന, ഇപ്പോൾ ചേച്ചിയും ഭർത്താവും കുട്ടിയും താമസിക്കുന്ന പഴയ വീട്ടിലേക്കു പോകുകയും ചെയ്യുന്നു. അവിടത്തെ അവരുടെ അനുഭവങ്ങളും ഓർമകളുമാണ് ഈ കഥയിലുള്ളത്.കഥയിലൂടനീളം സ്‌നേഹം നിറഞ്ഞ ഗൃഹാതുരത്വത്തിന്റെ നനവ് നമുക്കനുഭവപ്പെടും. ഗൃഹാതുരത്വത്തെ തള്ളിപ്പറയുന്നതു ഈയിടെയായി ഒരു ഫാഷനായി വളർന്നിട്ടുണ്ട്. ഇത് ശരിയാണെന്നു തോന്നുന്നില്ല. മനുഷ്യനിൽ നന്മയും കവിതയും ഉള്ള കാലത്തോളം ഗൃഹാതുരത്വവുമുണ്ടാകും. ഇതിൽ നാണിക്കാനെന്തെങ്കിലും ഉള്ളതായി എനിക്കു തോന്നുന്നില്ല.
ആധുനിക ചെറുകഥയുടെ പിതാവെന്നറിയപ്പെടുന്ന സ്റ്റീഫൻ ക്രെയ്ൻ പ്രസിദ്ധമായ ഒരു കഥയെഴുതിയിട്ടുണ്ട്- ഓപ്പൺബോട്ട്. ഇത്തിരി നീണ്ട ഒരു കഥയാണ്. ഈ കഥയിലെ ആദ്യത്തെ വാചകത്തിൽതന്നെ സ്റ്റീഫൻ ക്രെയ്ൻ കഥയുടെ വരാൻപോകുന്ന അന്തരീക്ഷം മുഴുവനും തന്നെ സംഗ്രഹിച്ചിട്ടുണ്ട് എന്നാണു വിമർശകർ പറയാറ്. 'ശ്രീപാർവ്വതിയുടെ പാദ'ത്തിലെ ആദ്യവാചകവും ഇതുപോലെയാണ്.
വൽസലയുടെ 'ഷെൽട്ടർ' (മാതൃഭൂമി ഓണപതിപ്പ്). ശക്തിയാണ് ഈ കഥയുടെ മുഖമുദ്ര. പിന്നെ, തളരാത്ത മനുഷ്യസ്‌നേഹവും കോവിലന്റെ ചില കഥകളില്ലേ ഒരു ഗ്രനേഡെടുത്ത് നമ്മുടെ നേരേ ഓർക്കാപ്പുറത്ത് എറിയുന്നതുപോലെയുള്ള കഥകൾ. നമ്മെ വളരെ നേരം സ്തംഭിപ്പിച്ചിരുത്തുന്ന കഥകൾ. അത്തരത്തിലുള്ള ഒന്നാണിത്. വളരെ ഒതുക്കത്തോടെ പറഞ്ഞത്, പാവപ്പെട്ട ഒരു തൊഴിലാളി കുടുംബത്തിൽ- ഭാര്യയും ഭർത്താവും ഒന്നരവയസ്സുമാത്രം പ്രായമായ ഒരു മകളുമാണ് അവിടെയുള്ളത്- ഏതാനും ദിവസങ്ങൾ ഒളിച്ചുതാമസിക്കാൻ വിധിക്കപ്പെട്ട ഒരു വിപ്‌ളവകാരിയുടെ കഥ. വെളിച്ചവും വായുസഞ്ചാരവുമില്ലാത്ത തട്ടിൻപുറത്ത്, വേട്ടയാടപ്പെട്ട ഒരു മൃഗത്തെപ്പോലെ ദിവസങ്ങൾ ചിലവഴിച്ച വിപ്‌ളവകാരി ഒരു പുലർച്ചെ അവിടെ നിന്നു സ്ഥലം വിടുന്നു. ഗ്രാമത്തിൽ വസൂരി നടമാടുന്ന സമയത്താണ് ആളുകൾ ഈച്ചകളെപ്പോലെ മരിച്ചുവീഴുന്നു. അവിടത്തെ ഒന്നരവയസ്സുകാരിയും വസൂരിയുടെപിടിയിലാണ്.
വീട്ടിൽ നിന്നു പുറത്തേക്ക് കടക്കുന്നതിനുമുമ്പായി മയങ്ങികിടക്കുന്ന കുട്ടിയുടെ മുഖത്തേക്ക് മണ്ണെണ്ണവിളക്കുയർത്തി വിപ്‌ളവകാരി നോക്കുന്നുണ്ട്. കുട്ടിയും ആ നിമിഷം കണ്ണുമിഴിച്ച് അയാളെ നോക്കുന്നു. പിന്നീട് എന്തെന്നില്ലാത്ത മനസ്സമാധാനത്തോടെ വിപ്‌ളവകാരി തന്റെ പൂർത്തിയാക്കാത്ത ദൗത്യത്തിന്റെ നിർവഹണത്തിനായി അവിടെ നിന്നുപോകുന്നു.
കലാപരമായ പക്വത ആർജിച്ചിട്ടില്ലാത്ത ആരെങ്കിലുമായിരുന്നു ഈ കഥ കൈകാര്യം ചെയ്തിരുന്നതെങ്കിൽ ഇത് മുദ്രവാക്യങ്ങളുടെ ഒരു സമാഹാരമായി മാറിയേനെ, അതുപോലെ തന്നെ ആ കുട്ടിയെ കൊല്ലുകയും ചെയ്യും. പക്ഷേ ഇത് രണ്ടും ഇവിടെ സംഭവിക്കുന്നില്ല. വൽസലയ്ക്ക് തീർച്ചയായും അഭിമാനിക്കാം---
എം.മുകുന്ദന്റെ ''മോട്ടോർ സൈക്കിൾ ഓടിക്കുന്ന പെൺകുട്ടി'' (കേരള കൗമുദി ഓണപതിപ്പ്) തികച്ചും സാധാരണമായ രീതിയിൽ ഒരുതരം 'നേരേവാ, നേരേപോ' , മട്ടിൽ ആരംഭിച്ച് മുന്നോട്ടുപോകുന്തോറും പ്രത്യക്ഷത്തിൽ കാണുന്നതിലുമപ്പുറത്തുള്ള ഒരു അർത്ഥതലത്തെക്കുടി വഹിച്ച് അവസാനം ഒരു ഫാന്റസിയായി മാറുന്ന ഒരു കഥയാണ് ഇത്. ഇതു നമ്മെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. ഇതിലെ തൊഴിലില്ലാതെ നടക്കുന്ന മാർക്‌സിസവും എക്‌സിസ്റ്റൻഷ്യലിസവും മാജിക്കൽ റിയലിസവുമൊക്കെ മടുത്തു കഴിഞ്ഞ ചെറുപ്പക്കാരും വാരികകളിലെ 'ഡോക്ടർ സംസാരിക്കുന്നു' എന്ന കോളം സ്ഥിരമായി വായിച്ചു ഫ്രീസെക്‌സിനുവേണ്ടി ദാഹിക്കുന്ന വിദ്യാർത്ഥിയും ചുവന്ന മോട്ടോർ സൈക്കിളിൽ കയറി നഗ്നയായി ഗ്രാമത്തിലൂടെ ഓടിച്ചുപോകുന്ന പെൺകുട്ടിയുമൊക്കെ മനസ്സിൽ വളരെക്കാലം തങ്ങിനിൽക്കും.
അടുത്തകാലത്തു ഞാൻ വായിച്ച വളരെയധികം ഹൃദയസ്പർശിയായ ഒരു കഥയാണ് രഘുനാഥ് പലേരിയുടെ 'ഏതോ മകന്റെ അമ്മയ്ക്ക്' (കലാകൗമുദി ലക്കം 691) വഴിനടന്നു ക്ഷീണിച്ച പാൻഥന് തണലും ദാഹജലവും വേണ്ടുവോളം കിട്ടിയാലുണ്ടാകുന്ന ആശ്വാസമാണ് ഈ കഥ എനിക്ക് നൽകിയത്. ഇതിന്റെ സാന്ദ്ര ശീതളിമയിൽ എന്റെ സ്വന്തം മുറിവുകൾ മറന്നു ഞാൻ വളരെ നേരം വിശ്രമിച്ചു. എന്തൊരു സുഖമായിരുന്നു..! ഗ്രീഷ്മത്തിലെ തെളിനീർപോലുള്ള ഭാഷ. യാതൊരുവിധത്തിലുള്ള ജാഡയോ നാട്യമോ ഇല്ലാത്ത ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് പകരുന്ന പ്രതിപാദനം ഈ കഥയുടെ ചുരുക്കം ഞാനിവിടെ പറയുന്നില്ല. ഈ കഥ വായിച്ചിട്ടില്ലാത്തവരോടൊക്കെ ഇതു വായിച്ചുനോക്കാൻ ഞാനപേക്ഷിക്കുന്നു. രഘുനാഥിന്റെ കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്.
''നെറ്റി നിലത്തുമുട്ടിച്ച് നമസ്‌കരിച്ച്, ഈശ്വരനോട് സ്‌നേഹപൂർവ്വം പറഞ്ഞു;
' നന്ദി, നന്ദി'
അവനെ കാണിച്ചുതന്നതിനു നന്ദി....നന്ദി....അന്നു വെളുപ്പിന് ആ അമ്മയ്ക്കായി ആകാശവാതിൽ തുറന്നു''
ഈ മനോഹരമായ കഥയെഴുതിയ രഘുനാഥിനോടും ഞാൻ പറയട്ടെ. '' നന്ദി, നന്ദി.......''
യു.കെ.കുമാരന്റെ ''കൃഷ്‌ണേന്ദുവിലെ തടവുകാരാ''ണ് (കേരള കൗമുദി ഓണപ്പതിപ്പ്) ഇനി മുമ്പിലുള്ളത്. പക്ഷേ ഇതുകൊണ്ടും തീരില്ലല്ലോ. ഒരു കൊല്ലത്തെ വായനയ്ക്കിടയിൽ എനിക്കിഷ്ടപ്പെട്ട കഥകളുള്ള പത്രമാസികകൾ ഞാൻ മാറ്റി വച്ചത്. ഒരു കെട്ടുണ്ടല്ലോ- സി.വി.ശ്രീരാമൻ എസ്.വി.വേണുഗോപൻനായർ, അക്ബർ കക്കാട്ടിൽ, സി.വി.ബാലകൃഷ്ണൻ, ജെക്കോബി, ഹാഫിസ് മുഹമ്മദ്, എം.ഡി.രാധിക, കൊച്ചുബാവ, ബാബുകുഴിമറ്റം, ജോർജ്ജ് ജോസഫ് കെ, തോമസ് ജോസഫ്, സതീശ്ബാബു പയ്യന്നൂർ, അബ്രഹാം മാത്യു തുടങ്ങിയ എത്രയോ പേരുടെനല്ല കഥകളുണ്ടല്ലോ എനിക്കാണെങ്കിൽ അനുവദിച്ചു കിട്ടിയ സ്ഥലവും തീർന്നിരിക്കുന്നു. പ്രസംഗമൽസരത്തിനുപോയ വിദ്യാർത്ഥിയെപ്പോലെയായിരിക്കുന്നു ഞാൻ. പറയേണ്ട കാര്യങ്ങൾ ഇനിയും ധാരാളം പക്ഷേ സമയമില്ല. എങ്കിലും ഇത്രയെങ്കിലും പറയാൻ കഴിഞ്ഞുവല്ലോ. സന്തോഷം .