അവള്‍ ഇന്നും എന്റെ കണ്ണുകള്‍ ഈറനാക്കുന്നു

കഴിഞ്ഞ അമ്പതു വര്‍ഷങ്ങളായി ഞാൻ സൃഷ്ടിച്ച കഥാപാത്രങ്ങൾ നിരവധിയാണ്. ആദ്യത്തെ കഥയായ 'മഴയുള്ള രാത്രിയില്‍' തൊട്ട് ഏറ്റവും പുതിയ കഥവരെ നിരന്നു നില്‍ക്കുന്ന കഥാപാത്രങ്ങളിൽ പലതും ഒരു കഥയോടെ സംതൃപ്തരാവുകയാണ് പതിവ്. നമ്മുടെ മനസ്സില്‍ ഗതി കിട്ടാതെ അലയുന്ന കഥാപാത്രങ്ങളെ ഒരു കര്‍മ്മിയുടെ കൈവിരുതോടെ അടക്കം ചെയ്യുകയാണ് ഓരോ കഥയിലും. ഒരു കഥയോടെത്തന്നെ അവര്‍ സ്ഥിരമായി ഇരിയ്ക്കാ നൊരിടം കിട്ടിയ സന്തോഷത്തില്‍ അടങ്ങുന്നു. എല്ലാ കഥാപാത്രങ്ങളും അങ്ങിനെയല്ല. അവര്‍ കാലാകാലമായി മനസ്സിനെ ഒഴിയാബാധയായി ശല്യം ചെയ്തുകൊണ്ടിരിക്കുന്നു. ആദ്യം അടക്കം ചെയ്ത ഭൂതംതന്നെ മറ്റൊരു രൂപത്തില്‍ വന്ന് എന്നെ അലട്ടുന്നു. ദിവസങ്ങളോളം ശല്യം ചെയ്യുന്നു. അതിനെ വീണ്ടും അടക്കാന്‍ ഞാൻ നിര്‍ബ്ബന്ധിതനാകുന്നു. ഇവിടെ കഥാപാത്രങ്ങളുടെ ചുറ്റുപാടുകള്‍ വ്യത്യസ്തമാണ്, കാലദേശങ്ങളില്‍ മാറ്റമുണ്ട്, എങ്കിലും കാതലായിട്ടുള്ള പ്രശ്നങ്ങൾ ഒന്നുതന്നെയാണ്. പതിറ്റാണ്ടുകള്‍കൊണ്ടും ആ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായിട്ടുണ്ടാവില്ലെന്നര്‍ത്ഥം. അല്ലെങ്കില്‍ ഏതു പ്രശ്നങ്ങള്‍ക്കാണ് പരിഹാരമുണ്ടായിട്ടുള്ളത്?

തൊള്ളായിരത്തി എഴുപത്തൊമ്പതിലാണ് ഞാന്‍ 'ഒരു ദിവസത്തിന്റെ മരണം' എന്ന കഥയെഴുതിയത്. (ദിനോസറിന്റെ കുട്ടി', 'എന്റെ സ്ത്രീകള്‍' എന്നീ സമാഹാരങ്ങളില്‍). അതിലെ പ്രധാന കഥാപാത്രമായ കൗസല്യ ഒരു സുപാരി പാക്കിംഗ് കമ്പനിയിലെ ജോലിക്കാരിയാണ്. കഥയുടെ തുടക്കം കിട്ടിയത് ബോംബെയില്‍ ഓഫീസു വിട്ടു വര്‍ളി ബസ്‌സ്റ്റോപ്പിൽ നില്‍ക്കുമ്പോൾ രണ്ടുമൂന്നു സ്ത്രീകൾ തമ്മിലുള്ള സംസാരം ശ്രദ്ധിച്ചപ്പോഴാണ്. അവര്‍ ക്യൂവിനുമപ്പുറത്ത് അവരുടെ ഒരു കൂട്ടുകാരിയെ കാത്തുനില്‍ക്കുമ്പോൾ പ്രാരാബ്ധങ്ങളുടെ കെട്ടഴിക്കുകയായിരുന്നു. തുഛമായ ദിവസക്കൂലിയില്‍ അവര്‍ ഏതോ പാക്കിങ് കമ്പനിയില്‍ ജോലിയെടുക്കുകയായിരുന്നു. നാലാമത്തെ കൂട്ടുകാരികൂടി വന്നാൽ അവര്‍ ദാദറിലേയ്ക്കു സബര്‍ബൻ ട്രെയിൻ പിടിക്കാൻ വേണ്ടി നടക്കും. നടക്കുകയല്ല ഓടും. ദാദര്‍വരെ ബസ്സു പിടിയ്ക്കാനുള്ള കാശില്ല അവരുടെ കയ്യില്‍.

പിന്നെ ദിവസങ്ങള്‍ക്കു ശേഷം യാദൃശ്ചികമായി ഫ്ലോറാ ഫൗണ്ടന്റെ അടുത്ത് ഒരു സുപാരി പാക്കിങ് കമ്പനിയില്‍ ജോലിയെടുക്കുന്ന സ്ത്രീയെ പരിചയപ്പെട്ടു. ഏകദേശം മുപ്പത് മുപ്പത്തഞ്ച് വയസ്സു പ്രായമായിട്ടുണ്ടാകും അവള്‍ക്ക്. ഒന്നാം നിലയില്‍ ഒരാഫീസിലേയക്ക് ഇടയ്ക്കിടയ്ക്ക് പോകുമ്പോൾ ഞാനാ ഓഫീസ് കാണാറുണ്ട്, പക്ഷെ എന്താണതിനുള്ളിലെന്നറിഞ്ഞിരുന്നില്ല. ആ സ്ത്രീ ജോലി കഴിഞ്ഞ് പുറത്തേയ്ക്കു കടക്കുമ്പോഴാണ് ഞാനും അതുവഴി വന്നത്. അവളില്‍നിന്നാണ് അതൊരു സുപാരി പാക്കിങ് കമ്പനിയാണെന്ന് മനസ്സിലായത്. ഒന്നാം നിലയില്‍ അവൾ ജോലിയെടുക്കുന്ന കമ്പനിയുടെ വരാന്തയില്‍ ഒരു മിനുറ്റു നേരത്തെ സംസാരം മാത്രം. ആ ഒരു മിനുറ്റ് എനിക്ക് ഒരു കഥാപാത്രത്തെ നൽകി. അവള്‍ വി.ടി. സ്റ്റേഷനിലേയ്ക്ക് ധൃതിപിടിച്ച് പോകുകയായിരുന്നു. ജോലി കഴിഞ്ഞ് ട്രെയിന്‍ പിടിക്കാനുള്ള അവളുടെ വ്യഗ്രതയില്‍നിന്ന് ഞാനവളുടെ കുടുംബം സൃഷ്ടിച്ചു. 'സാബ്, ഞാന്‍ ഓടട്ടെ, അഞ്ചേകാലിന്റെ കല്യാണ്‍ ട്രെയിൻ കിട്ടണം.' അതും പറഞ്ഞ് അവള്‍ വാരാന്തയിലൂടെ കോണിയുടെ ഭാഗത്തേയ്ക്ക് ഓടുകയായിരുന്നു. അതു നോക്കിനിന്നപ്പോള്‍ ഞാൻ കാന്തിഭായ് എന്ന സുപാരി കടയുടമയെയും സൃഷ്ടിക്കുകയായിരുന്നു. ആട്ടമാറ്റിക് പാക്കിങ് മെഷിന്‍ വാങ്ങിയതിന്റെ പേരില്‍ ജോലി നഷ്ടപ്പെടുമോ എന്ന ഭയം മുതലെടുത്ത് കൗസല്യയുടെ ചാരിത്ര്യം കവര്‍ന്നെടുത്ത കാന്തിലാൽ.

എല്ലാവരുടെയും ഉള്ളില്‍ ഒരു മാലാഖയുണ്ട്, ഒരു ചെകുത്താനും. 'ഓടട്ടെ സാബ്' എന്നു പറഞ്ഞ് വരാന്തയിലൂടെ അല്പം മാംസളമായ ദേഹവും കുലുക്കിക്കൊണ്ട് കൗസല്യ ഓടിപ്പോയ അവസരത്തില്‍ ഉള്ളിലുണര്‍ന്നത് എന്നിലെ ചെകുത്താനാണോ എന്നെനിക്കറിയില്ല, കാരണം ആ നിമിഷത്തില്‍ ഞാന്‍ സൃഷ്ടിച്ച കഥാപാത്രം, അതായത് സുപാരി കടയുടമയായ കാന്തിലാല്‍ ഒരു മാലാഖയായിരുന്നില്ല. അതിനിടയ്ക്ക് ഒരു ദിവസം ഞാന്‍ വാഗ്ലെ ഇന്റസ്ട്രിയൽ എസ്റ്റേറ്റിലെ ഒരു ഫാക്ടറിയില്‍ സെയ്ല്‍സിനു പോയിരുന്നു. അവിടെ വച്ചാണ് ഒരു ആട്ടമാറ്റിക്ക് സുപാരി പാക്കിങ് മെഷിന്‍ ഉണ്ടാക്കുന്നതു കണ്ടത്. ഞാന്‍ കൗസല്യയെ ഓര്‍ത്തു.

എനിക്കാ കഥയെഴുതാതെ വയ്യെന്നായി. സാധാരണയായി ഒരു കഥാബീജം കിട്ടിയാല്‍ അതു മനസ്സില്‍ കൊണ്ടുനടന്ന് മനസ്സില്‍ത്തന്നെ കഥാപാത്രങ്ങളും അവരുടെ സ്വഭാവങ്ങളും, പോര, അവരുടെ ജീവിതം തന്നെ തുടിച്ചുനില്‍ക്കുന്ന ഒരു കഥയുണ്ടാക്കുന്നു. അതില്‍ ഞാൻ തൃപ്തനാണ്. കഥ വേണമെന്ന് ആരെങ്കിലും നിര്‍ബ്ബന്ധമായി പറഞ്ഞാലല്ലാതെ ആ കഥ കടലാസ്സിലെഴുതാൻ മെനക്കെടാറില്ല. മനസ്സിലുണ്ടാക്കിയ കഥ കണ്ട് ഞാന്‍ നിര്‍വൃതി നേടാറുണ്ട്. ഈ കഥ അങ്ങിനെയായിരുന്നില്ല. അതിലെ കഥാതന്തു മനസ്സിലുണ്ടാക്കിയ വേദന കുറച്ചൊന്നുമായിരുന്നില്ല. എങ്ങിനെയെങ്കിലും അതെന്റെ മനസ്സില്‍ നിന്ന് പുറത്തെടുക്കണം. എഴുതാതെ വയ്യ എന്ന നില വന്നപ്പോഴാണ് എഴുതാന്‍ തുടങ്ങിയത്. എഴുത്തു തുടങ്ങിയാല്‍ കഥ എന്റെ കണ്‍മുമ്പിൽ വികസിച്ചു വരുന്നു. അതെടുത്തെഴുതുകയേ വേണ്ടു, വളരെ സ്വാഭാവികമായുണ്ടാകുന്ന ഈ പ്രക്രിയ എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അധികം ആലോചിക്കാതെത്തന്നെ വാക്കുകള്‍ പെന്നിന്റെ തുമ്പിൽ വരുന്നു. സംഭാഷണങ്ങളും സംഭവങ്ങളും ഒന്നിനു പുറകെ ഒന്നായി, എഴുത്തിന് വേഗത പോരാ എന്നു തോന്നിയ്ക്കും വിധം നിരന്തരം വന്നു കൊണ്ടിരിക്കുന്നു. ഓരോ കഥയെഴുതുമ്പോഴും അങ്ങിനെ സംഭവിച്ചാലെത്ര നന്നെന്ന് ഞാൻ ആലോചിക്കും. പക്ഷെ ഇതൊരു അപൂര്‍വ്വതയാണ്. എഴുതിക്കഴിഞ്ഞ് കഥ കലാകൗമുദിയ്ക്കയച്ചുകൊടുത്തിട്ടും അതെന്റെ ഉള്ളില്‍ സജീവമായി എന്നെ വേദനിപ്പിച്ചുകൊണ്ട് കിടന്നു.

ആട്ടമേഷന്‍ വന്ന് ഉള്ള ജോലിയും നഷ്ടപ്പെടുമ്പോൾ മുഴുപട്ടിണിയില്‍നിന്ന് കരകേറാനായി സ്വന്തം ദേഹത്തെ മലിനമാക്കാന്‍ നിര്‍ബ്ബന്ധിതരാകുന്ന സഹോദരിമാരിൽ ആദ്യത്തെ സ്ത്രീയാവണമെന്നില്ല കൗസല്യ, എങ്കിലും എന്റെ കഥകളില്‍ ആദ്യമായാണ് അങ്ങിനെ ഒരു കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. അതാകട്ടെ എന്റെ മനസ്സമാധാനം അപഹരിക്കുകയും ചെയ്തു. എന്റെ സ്വന്തം കഥകള്‍ മറ്റാരുടെയെങ്കിലും കഥകൾ വായിക്കുന്നതുപോലെ വീണ്ടും വീണ്ടും വായിക്കുന്ന ശീലമുണ്ട് എനിയ്ക്ക്. അവ വായിക്കുമ്പോള്‍ ഞാൻ പരിസരം മറക്കുന്നു. ഒന്നുകില്‍ അതെന്റെ കഥകളുടെ മേന്‍മ കാരണമായിരിക്കാം, അല്ലെങ്കില്‍ ഞാനൊരു നാര്‍സിസസ്സായിരിക്കണം. എന്തായാലും ഇപ്പോഴും ആ കഥ വായിക്കുമ്പോൾ ഞാൻ ഫ്ലോറാ ഫൗണ്ടനിലുള്ള ഓഫീസിന്റെ വരാന്തയിൽ വെച്ച് പരിചയപ്പെട്ട ആ സ്ത്രീയെ ഓര്‍ക്കാറുണ്ട്. അവള്‍ക്ക് കഥയിലുള്ള കൗസല്യയുടെ ഗതി വരരുതേയെന്ന് പ്രാര്‍ത്ഥിക്കാറുണ്ട്. അവളുടെ നിഷ്‌കളങ്കമായി ചിരിക്കുന്ന കണ്ണുകളും, 'സാബ് നേരം വൈകുന്നു, ഞാനോടട്ടെ' എന്നു പറയുന്ന ചുണ്ടുകളും ഓര്‍മ്മയിൽ വരുമ്പോൾ എന്റെ കണ്ണുകൾ ഈറനാകുന്നു. ഞാന്‍ കഥയുടെ അവസാനം വീണ്ടും വായിക്കുന്നു.

അവള്‍ അടുക്കളയിൽ പോയി സ്റ്റൗ കൊളുത്തി വെള്ളം വെച്ചു. സഞ്ചിയില്‍ വളരെ കുറച്ച് അരിയെ ബാക്കിയുണ്ടായിരുന്നുള്ളു. അതു കഴുകി അടുപ്പത്തിട്ടു. സ്റ്റൗവ്വിന്റെ മുമ്പില്‍ നീല തീനാളവും നോക്കിയിരിയ്‌ക്കെ ഫാക്ടറിയിൽനിന്ന് സ്റ്റേഷനിലേയ്ക്ക് നടന്നത് അവളുടെ മനസ്സിൽ വന്നു. തനിയ്ക്ക് ആ സമയത്ത് പശ്ചാത്താപമുണ്ടായിരുന്നില്ലെന്നു മാത്രമല്ല സന്തോഷമായിരുന്നുവെന്ന കാര്യം അവളെ വേദനിപ്പിച്ചു. അവള്‍ സ്വയം വെറുത്തു. കാന്തിലാല്‍ ചെയ്തതിന് അയാളെ വെറുത്തു. കീറിയ ബനിയന്‍ തന്നതിന് പീടികക്കാരനേയും. എല്ലാറ്റിനുമുപരി പണം എവിടെ നിന്നു കിട്ടിയെന്ന് അന്വേഷിക്കുക പോലും ചെയ്യാത്ത ഭര്‍ത്താവിനേയും അവൾ വെറുത്തു.

പിന്നെ നോക്കി നില്‍ക്കെ ഒരു ജലപ്രവാഹത്തിൽ തീനാളവും, സ്റ്റൗവ്വും, പാത്രങ്ങളും അപ്രത്യക്ഷമായപ്പോള്‍ കണ്ണു തുടയ്ക്കാൻ കൂടി മിനക്കെടാതെ അവൾ സ്വയം പറഞ്ഞു.

ഞാന്‍ ഇതൊന്നും അല്ല പ്രതീക്ഷിച്ചത്.

ഈ കഥയെഴുതിക്കഴിഞ്ഞ ശേഷം അങ്ങിനെയുള്ള കഥാപാത്രങ്ങളെ വീണ്ടും കാണുകയോ, പരിചയപ്പെടുകയോ ചെയ്യേണ്ടിവന്നിട്ടുണ്ട്. അവയില്‍ ചിലതെല്ലാം കഥകളായി വന്നിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മണ്ണു മാന്തി യന്ത്രങ്ങളും, കെട്ടിടത്തിന്റെ ഉയര്‍ന്ന നിലകളിലേയ്ക്കു കൂടി പമ്പു ചെയ്ത് സിമന്റ് കൂട്ട് കയറ്റുന്ന പടുകൂറ്റന്‍ കോണ്‍ക്രീറ്റ് മിക്‌സറുകളും വന്നതോടെ കെട്ടിടനിര്‍മ്മാണത്തിൽനിന്ന് അപ്രത്യക്ഷരാവുന്ന സ്ത്രീജോലിക്കാരെക്കുറിച്ചെഴുതിയ 'അമ്മേ, അവര് നമ്മടെ ആകാശം കട്ടെടുത്തു' എന്ന കഥയാണ്. അതും ജോലി നഷ്ടപ്പെട്ടപ്പോള്‍ സ്വന്തം ശരീരം വില്‍ക്കേണ്ടിവരുന്ന ഒരമ്മയുടെ കഥയാണ്. മറ്റൊരു കഥയാണ് 'സ്ത്രീ, അവസാന രംഗത്തില്‍ മാത്രം പ്രവേശിക്കുന്ന കഥാപാത്രം'. ഇപ്പോഴും ഈ കഥാപാത്രങ്ങള്‍ ഇടയ്ക്കിടയ്ക്ക് ഓര്‍മ്മയിൽ വന്ന് എന്നെ അലട്ടിക്കൊണ്ടിരിക്കുന്നു.

(ഈ ലേഖനത്തില്‍ ഇതിനുമുമ്പു ഇതേ കഥയെപ്പറ്റിത്തന്നെ എഴുതിയ ഒരു ലേഖനത്തിലെ കുറച്ച് ആവര്‍ത്തനങ്ങൾ കാണാം. ഒഴിവാക്കാന്‍ പറ്റാത്തതുകൊണ്ട് ചേര്‍ക്കുന്നു. സദയം ക്ഷമിക്കുമല്ലൊ.)