ആർട്ടിസ്റ്റ് നമ്പൂതിരിയുടെ രേഖാചിത്രത്തോടെ മാതൃഭൂമിയിൽ 1969-ൽ പ്രസിദ്ധീകരിച്ച എന്റെ ആദ്യത്തെ കഥയാണ് 'ശിശിരം'. ഒരു സ്വപ്നാടകനായ ചെറുപ്പക്കാരന്റെ കഥയാണത്. കൽക്കത്തയിൽ ദൽഹൗസി സ്‌ക്വയറിലുള്ള ഓഫീസിൽനിന്ന് ഒരു മദ്ധ്യാഹ്നത്തിൽ ദക്ഷിണേശ്വരത്തേയ്ക്കുള്ള ബസ്സ് പിടിക്കാനായി മേലധികാരി അറിയാതെ പുറത്തിറങ്ങുന്ന അയാൾ ദക്ഷിണേശ്വരത്തെ പാലത്തിനു മുകളിൽ കയറി നിൽക്കുകയാണ്, ശിശിരത്തിന്റെ ആദ്യത്തെ കുളിർതെന്നലിനെ സ്വീകരിക്കാനായി. ഒരാഴ്ച പോയിനിന്നതിനുശേഷമാണ് അയാൾക്ക് അതനുഭവിക്കാനുള്ള ഭാഗ്യമുണ്ടായത്. ആ കാറ്റ് അയാളിലുണ്ടാക്കുന്ന അനുഭൂതിയും ആത്മാവിൽ നിറയ്ക്കുന്ന സംഗീതവുമാണ് വിഷയം. ആ നിമിഷത്തെ ശ്രീ നമ്പൂതിരി ശാശ്വതീകരിച്ചിരിക്കുന്നു.
'നോക്കു ഈ ചിത്രം കണ്ടാൽ മാത്രം മതി, ആ കഥ വായിക്കണംന്നില്ല. എന്റെ മനസ്സിലുണ്ടായിരുന്ന മുഴുവൻ അനുഭൂതിയും ആ ഒരു ചിത്രത്തിൽ കാണുന്നുണ്ട്.' ടാബ്‌ളറ്റിൽ ആ ചിത്രം വലുതാക്കി കാണിച്ചുകൊടുത്തുകൊണ്ട് ഞാൻ ആർട്ടിസ്റ്റ് നമ്പൂതിരിയോട് പറഞ്ഞു. ഞങ്ങൾ നാലുപേർ - ഞാനും അനുജൻ മാധവനും ഭാര്യമാരായ ലളിതയോടും സുശീലയോടുമൊപ്പം 2014 സെപ്റ്റമ്പര്‍ 21ന് അദ്ദേഹത്തെ കാണാൻ പോയതായിരുന്നു. എന്റെ നാൽപ്പതോളം ചെറുകഥകൾക്കും മൂന്ന് നോവലുകൾക്കും വേണ്ടി വാരികകളിൽ ചിത്രീകരണം നിർവ്വഹിച്ചത് അദ്ദേഹമായിരുന്നു; പ്രത്യേകിച്ചും കലാകൗമുദിയിൽ വന്ന ദിനോസറിന്റെ കുട്ടി, സൂര്യകാന്തിപ്പൂക്കൾ, ശ്രീപാർവ്വതിയുടെ പാദം, കാനഡയിൽനിന്നൊരു രാജകുമാരി തുടങ്ങിയ കഥകൾ. ആ സ്‌കെച്ചുകൾ ഒറ്റയ്ക്കും, സ്‌കെച്ചുകൾ കഥകളുടെയും നോവലുകളുടെയും ഒപ്പം ചേർത്തതും ഉൾക്കൊള്ളിച്ച് ഒരു സി.ഡി.യുണ്ടാക്കി ആർട്ടിസ്റ്റ് നമ്പൂതിരിയ്ക്ക് സമർപ്പിയ്ക്കാൻ പോയതായിരുന്നു ഞങ്ങൾ.
അദ്ദേഹം മുമ്പിലുള്ള ചിത്രത്തിൽ കുറച്ചുനേരം നോക്കിയിരുന്നു. നാൽപ്പത്തഞ്ചു വയസ്സുമാത്രമുള്ളപ്പോൾ വരച്ച ആ ചിത്രം അദ്ദേഹത്തെ ഓർമ്മകളുടെ ഒട്ടും മങ്ങിയിട്ടില്ലാത്ത പാതയിലൂടെ ബഹുദൂരം പിന്നോക്കം കൊണ്ടുപോയെന്നു തോന്നുന്നു. മാതൃഭൂമിയിൽ അദ്ദേഹം വരച്ചിരുന്ന മേശ, സഹപ്രവർത്തകരായ എ.എസ്സും, എം.വി. ദേവനും, അന്ന് പത്രാധിപരായ എം.ടി.യും മറ്റു സഹപ്രവർത്തകരുമായുള്ള സൗഹൃദം, വി.കെ.എൻ. കഥകൾക്കും മറ്റും ചിത്രീകരണം നടത്തിയിരുന്നത്, അങ്ങിനെ പല ഓർമ്മകൾ അദ്ദേഹം ഞങ്ങളുമായി പങ്കിട്ടു. വി.കെ.എൻ കഥകൾ കിട്ടുമ്പോൾ എം.ടി. അവയുടെ ചിത്രീകരണത്തിനായി നമ്പൂതിരിയ്ക്ക് മാത്രം കൊടുത്തിരുന്നത്, വി.കെ.എന്നിൽനിന്നും കിട്ടിയിരുന്ന നർമ്മം കലർന്ന അഭിനന്ദനങ്ങൾ എല്ലാം ഓർക്കുകയായിരുന്നു അദ്ദേഹം.
'ചിത്രീകരണം നന്നാവണങ്കിൽ കഥയും നന്നാവണം, അതിൽ ധാരാളം ചിത്രങ്ങൾ അടങ്ങിയിട്ടുണ്ടാകണം' തിരുമേനി പറഞ്ഞു. 'അങ്ങിനെയുള്ള കഥകൾക്കും നോവലുകൾക്കും വേണ്ടി വരയ്ക്കണത് സംതൃപ്തി തരും. ചിത്രങ്ങളും നന്നാവും. ചില കഥകളിൽനിന്ന് ആ ചിത്രങ്ങൾ കിട്ടുന്നില്ല. അങ്ങിനെയാകുമ്പോൾ വര വിഷമം പിടിച്ചതാവും. നന്നാവണംന്നൂംല്യ. ഒരിക്കൽ, തൊള്ളായിരത്തി അറുപതിലാണെന്നു തോന്നുണു, തോമസ് മന്റെ 'മാറ്റിവച്ച തലകൾ' (The Transposed Heads) എന്ന നോവല്ല എം.ആർ. ചന്ദ്രശേഖരൻ തർജ്ജമ ചെയ്തത് മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. അതിനു വേണ്ടി വരയ്ക്കാൻ എം.ടി. എന്നെ ഏൽപിച്ചു. നോവൽ വായിച്ച ശേഷം വരയ്ക്കാൻ പറ്റില്ലെന്നു പറഞ്ഞ് തിരികെ കൊട്ക്ക്വാണ് ഉണ്ടായത്. ദേവനായിരുന്നു പിന്നെ അതിലെ ചിത്രങ്ങൾ വരച്ചത്.'
എം.ടി.യുടെ രണ്ടാമൂഴത്തിലെ രേഖാചിത്രങ്ങളെപ്പറ്റി ഞാൻ ചോദിച്ചു. മനസ്സറിഞ്ഞ്, ആസ്വദിച്ചുകൊണ്ട് വരച്ച ചിത്രങ്ങളായിരുന്നു അവ എന്നു പറഞ്ഞു. പൊതുവേ എം.ടി.യുടെ നോവലുകളിലും കഥകളിലും ധാരാളം ചിത്രങ്ങൾ അന്തർലീനമാണെന്നും അതുകൊണ്ട് വരയ്ക്കാൻ എളുപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്റെ കഥകളുടെ രേഖാചിത്രങ്ങൾ ഓരോന്നായി അദ്ദേഹത്തെ കാണിച്ചു. 'ദിനോസറിന്റെ കുട്ടി'യെപ്പറ്റി അദ്ദേഹം പറഞ്ഞു. ആ കഥയിൽ നല്ലൊരു ചിത്രമുണ്ട്, അതാണദ്ദേഹം വരച്ചത്. ഇരുപതടി ഉയരമുള്ള കുട്ടിദിനോസർ ഒന്നാം നിലയിലുള്ള ആറു വയസ്സുകാരൻ രാജീവിനെ ജാലകത്തിലൂടെ ഉറ്റുനോക്കുന്നത്. ആ കുട്ടി അഴികൾക്കിടയിലൂടെ അതിന്റെ മുഖം തൊടാൻ ശ്രമിക്കുന്നത്. ചിത്രം വലുതാക്കി കാണിച്ചുകൊടുത്തപ്പോൾ അദ്ദേഹത്തിന് വളരെ സന്തോഷമായി. അതുപോലെത്തന്നെ 'ശ്രീപാർവ്വതിയുടെ പാദം' 'സൂര്യകാന്തിപ്പൂക്കൾ' തുടങ്ങിയ കഥകളിലെയും 'ആസക്തിയുടെ അഗ്നിനാളങ്ങൾ' 'കൊച്ചമ്പ്രാട്ടി' എന്നീ നോവലുകളിലെയും രേഖാചിത്രങ്ങൾ.
'സൂര്യകാന്തിപ്പൂക്ക'ളിലെ ചിത്രങ്ങൾ, പ്രത്യേകിച്ചും രേണുവിന്റെ മാസങ്ങൾമാത്രം പ്രായമായ മകൾ കസേലയിലിരിക്കുന്ന ദാസന്റെ അടുത്തേയ്ക്ക് കുഞ്ഞിച്ചന്തിയും കാട്ടി മുട്ടുകുത്തിപ്പോകുന്ന രംഗം കണ്ടപ്പോൾ തിരുമേനി ചിരിച്ചുകൊണ്ടു പറഞ്ഞു. 'അതൊരു നല്ല കഥയാണ്.'
ഏതൊരു സാഹിത്യസൃഷ്ടിയും അതു മികച്ചതാണെങ്കിൽ നിറയെ ചിത്രങ്ങളാൽ സമൃദ്ധമായിരിക്കുമെന്നും, താൻ ചെയ്യുന്നത് ആ ചിത്രങ്ങളെ കടലാസിലേയ്ക്കു പകർത്തുക മാത്രമാണെന്നും ശ്രീ. നമ്പൂതിരി പറഞ്ഞു. 'വാക്കുകളെ വരകളാക്കുന്ന മാന്ത്രികവിദ്യ, അല്ലെ,' ഞാൻ പറഞ്ഞു. 'അതുമാത്രം പോര ഈ ചിത്രങ്ങൾ ഒരു ജീനിയസ്സിന്റെ വിരൽത്തുമ്പിലൂടെ മാത്രമേ പുറത്തുവരൂ. തിരുമേനിയ്ക്ക് ആറാമതൊരിന്ദ്രിയമുണ്ട്. അതിലൂടെയാണ് തിരുമേനി എഴുത്തുകാരന്റെ നിഗൂഢവും സർഗ്ഗാത്മകവുമായ മനസ്സിലേയ്ക്ക് യാത്ര ചെയ്യാനും അയാൾ ഉദ്ദേശിച്ച തരത്തിൽത്തന്നെയുള്ള കഥാപാത്രങ്ങൾക്കുയിരേകാനും കഴിയുന്നത്.' എന്റെ 'പ്രാകൃതനായ തോട്ടക്കാരൻ' എന്ന കഥയെപ്പറ്റി ഞാൻ സൂചിപ്പിച്ചു. പ്രഭു തോട്ടം ഏല്പിക്കുമ്പോൾ അതൊരു തരിശുനിലം മാത്രമായിരുന്നു. അതിൽ സൂര്യകാന്തിപ്പൂക്കളും, റോസും, പാരിജാതവുമെല്ലാം ഉണ്ടാക്കണമെന്നും ഏല്പിച്ചതായിരുന്നു. ആവശ്യത്തിന് വിത്തും വളവും വാങ്ങാൻ പണവും കൊടുത്തിരുന്നു. പക്ഷെ രണ്ടുകൊല്ലം കഴിഞ്ഞിട്ടും അതിൽ പൂക്കളുടെ നിറങ്ങളോ സന്ധ്യകളിൽ പാരിജാതത്തിന്റെ വാസനയോ വരുന്നില്ലെന്നു കണ്ടപ്പോൾ ആദ്യമായി മണലിൽ നടക്കുമ്പോഴുണ്ടാകുന്ന വേദന സഹിച്ച് അദ്ദേഹം തോട്ടത്തിൽ പോയിനോക്കുന്നു. കാണുന്നത് കുറേ കളകളും, കള്ളിച്ചെടികളും, അപ്പച്ചെടികളും മാത്രം. അയാൾ സത്യസന്ധനും ആത്മാർത്ഥതയുള്ളവനുമാണെന്ന് പ്രഭുവിന്നറിയാം, പക്ഷെ ഈ നിലയിൽ അയാളെ തുടരാൻ അനുവദിക്കാനാവില്ലെന്നു പറഞ്ഞ് അയാളെ പിരിച്ചുവിടുന്നു. ദിനാന്ത്യത്തിൽ തോട്ടക്കാരൻ പറഞ്ഞു. 'പ്രഭോ! അവിടുന്ന് എന്റെ കുടുംബത്തെപ്പറ്റി പറഞ്ഞതു ശരിയാണ്. എന്റെ കെട്ടിയവളും മക്കളും ഇപ്പോൾത്തന്നെ പകുതി പട്ടിണിയാണ്. അവിടുന്നു തരുന്ന ശമ്പളവും കിട്ടിയില്ലെങ്കിൽ അവർ മുഴുപ്പട്ടിണിയുമാകും. സാരല്യ. അവരങ്ങനെ വളരുന്നതിൽ എനിക്കു വിഷമമില്ല. പക്ഷേ, ഈ തോട്ടം വിട്ടുപോണതിൽ എനിക്കു സങ്കടണ്ട്. അങ്ങ് എനിക്കു ശമ്പളം തന്നില്ലെങ്കിലും വേണ്ടില്ല, ഞാൻ ഈ തോട്ടത്തിൽ പണി ചെയ്‌തോട്ടെ?' ആ കഥ ഞാൻ മാതൃഭൂമിക്കയച്ചുകൊടുത്തു. പിന്നീടതിനെപ്പറ്റി ആലോചിച്ചപ്പോഴാണ് തോന്നിയത് ആ തോട്ടക്കാരൻ എന്റെ അച്ഛൻ തന്നെയല്ലെ? ആ തോട്ടം അച്ഛന്റെ കവിതയല്ലെ എന്ന്. കഥ അച്ചടിച്ചു വന്നപ്പോഴാണ് ഞാൻ കാണുന്നത് തിരുമേനി വരച്ച തോട്ടക്കാരന് അച്ഛന്റെ നല്ല ഛായ. ഏതോ അതീന്ദ്രിയബോധത്തിലൂടെ തിരുമേനി അബോധപൂർവ്വമായിട്ടാണെങ്കിലും എന്റെ മനസ്സ് പിടിച്ചെടുത്തിരുന്നു. ഇതിനെയാണ് ജീനിയസ്സ് എന്നു പറയുന്നത്.
ചിത്രം കാണിച്ചുകൊണ്ട് ഇതു പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചു. മുമ്പ് ഒന്നുരണ്ടു പ്രാവശ്യം അങ്ങിനെയുള്ള അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് പറഞ്ഞു. ഒരിയ്ക്കൽ പി. വത്സലയുടെ ഒരു കഥയ്ക്ക് ചിത്രീകരണം നടത്തിയപ്പോഴാണത്. കുട്ടികൾ മരക്കൊമ്പിന്മേലുണ്ടാക്കിയ ഒരേറുമാടത്തിന്റെ (tree houe) ചിത്രം നമ്പൂതിരി വരച്ചിരുന്നു. ആ കഥ വായിച്ച് ഒരാൾ, സ്വന്തം മകൻ വരച്ച ഒരു ചിത്രവുമായി നമ്പൂതിരിയെ തേടിവന്നു. ആ ചിത്രം മകൻ കുറച്ചുകാലം മുമ്പ് അവന്റെ നോട്ടുപുസ്തകത്തിൽ വരച്ചുവെച്ച ചിത്രമായിരുന്നു. പക്ഷെ വത്സലയുടെ കഥയ്ക്കുവേണ്ടി താൻ വരച്ച ചിത്രംപോലെത്തന്നെ. വിശദാംശങ്ങൾക്കുകൂടി സാമ്യം. തിരുമേനിയ്ക്കും അദ്ഭുതമായി. മറ്റൊരു സന്ദർഭത്തിൽ ഒരെഴുത്തുകാരൻ മോഡലാക്കിയ ഒരു കഥാപാത്രത്തിനുവേണ്ടി തിരുമേനി വരച്ച ചിത്രത്തിന് ദൂരെയേതോ നഗരത്തിൽ കിടക്കുന്ന ആ മനുഷ്യന്റെ മുഖഛായതന്നെ. ആ എഴുത്തുകാരന് അദ്ഭുതമായി.
'എനിക്ക് അദ്ഭുതല്യ,' ഞാൻ പറഞ്ഞു, 'കാരണം നമ്പൂതിരിയെന്ന ജീനിയസിനു മാത്രം ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണത്.
'എന്റെ മനസ്സിൽ കുറേ മനുഷ്യരുണ്ട്,' തിരുമേനി തുടർന്നു, 'അവരുടെ രൂപം, ഭാവം, അംഗവിക്ഷേപങ്ങൾ. കുട്ടിക്കാലംതൊട്ട് മനസ്സിന്റെ ഏതോ സൂക്ഷ്മമായ കോണിൽ കരുതിയതാണവ. ഏതെങ്കിലും കഥ വായിക്കുമ്പോൾ എനിക്കോർമ്മ വരുന്ന മനുഷ്യന്റെ ഛായ ആ ചിത്രത്തിനു വരുന്നുവെന്നു മാത്രം.'
കഴിഞ്ഞ മാസം, അതായത് ആഗസ്റ്റ് 24-ന് പൊന്നാനിയിൽ ആർട്ടിസ്റ്റ് നമ്പൂതിരി ഉദ്ഘാടനം ചെയ്ത 'ചാർക്കോൾ' എന്ന കൂട്ടായ്മയുടെ ചിത്രങ്ങൾ ഞാൻ സി.ഡി.യിൽ ഉൾക്കൊള്ളിച്ചിരുന്നു. അതിൽ, ഉദ്ഘാടനസമയത്ത് അദ്ദേഹം വരച്ച സ്‌കെച്ച് കാണിച്ചുകൊടുത്തു. ഉറൂബിന്റെ ജന്മശതാബ്ദിയാഘോഷങ്ങൾ നടക്കുകയാണ് 2013-14-15 എന്നീ വർഷങ്ങളിൽ. അന്ന് പത്തുമുപ്പത് ചെറുപ്പക്കാരായ ചിത്രകാരന്മാർ ഉറൂബിന്റെ പല കഥാപാത്രങ്ങൾക്കും വലിയ കാൻവാസ്സിൽ ചിത്രീകരണം നടത്തുകയായിരുന്നു. അതിൽ ലളിതകലാ അക്കാദമി നിർവ്വാഹക സമിതി അംഗമായ ആർട്ടിസ്റ്റ് കെ.യു. കൃഷ്ണകുമാർ, ഉറൂബിന്റെ മകൻ ആർട്ടിസ്റ്റ് ഇ. സുധാകരൻ എന്നിവരുണ്ട്. ഉറൂബിന്റെ ഉമ്മാച്ചുവിനെ വരച്ചുകൊണ്ടാണ് തിരുമേനി ചാർക്കോളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. വരയ്ക്കുന്നതിനുമുമ്പ് സംസാരിച്ചുകൊണ്ടിരിക്കെ തിരുമേനി എന്നോടു ചോദിച്ചു. 'ഉമ്മാച്ചുവിന്റെ ചെറുപ്പകാലമാവില്ലേ കൂടുതൽ നന്നാവുക?' ഉമ്മാച്ചുവിന്റെ ചെറുപ്പകാലവും ഒട്ടും അപ്രധാനമല്ലെന്നു ഞാൻ പറഞ്ഞു. സ്‌കൂളിൽ പഠിക്കുന്ന കാലത്തുതന്നെ വെള്ളിക്കോല് ബീരാനും മായനും തമ്മിൽ ഉമ്മാച്ചുവിനു വേണ്ടിയുള്ള സ്പർദ്ധ തുടങ്ങിയിരുന്നല്ലൊ. പിന്നീട് ആ നോവലിലെ പ്രധാനകഥാപാത്രമായ ഉമ്മാച്ചുവിന്റെ പ്രക്ഷുബ്ധമായ ജീവിതത്തിന്റെ അടിത്തറ പാകിയത്, അല്ലെങ്കിൽ ബീജാവാപം നടന്നത് ആ കാലത്തായിരുന്നു. അദ്ദേഹം ചെറുപ്പക്കാരിയായ ഉമ്മാച്ചുവിനെ വരച്ചു. ഒരു പത്തു മിനുറ്റുകൊണ്ട് ഉറൂബിന്റെ എക്കാലത്തുമോർമ്മിക്കുന്ന ആ കഥാപാത്രം ചൈതന്യത്തോടെ കാൻവാസ്സിൽ പുനർജനിച്ചപ്പോൾ ആ അദ്ഭുതം കാണാനായി ഏറെ കാണികളുണ്ടായിരുന്നുവെന്നത് പൊന്നാനിയിലെ സാംസ്‌കാരികാന്തരീക്ഷം ഒരുയിർത്തെഴുന്നേൽപ്പിനു തയ്യാറായിരിക്കുന്നുവെന്നതിന്റെ സൂചന നൽകി. 'ചാർക്കോളി'ന്റെ ഉദ്ദേശ്യവുമതായിരുന്നു.
ചിത്രം വരക്കുന്നതിനു മുമ്പ് സംസാരത്തിനിടയിൽ, പൊന്നാനിയുടെ സിരാകേന്ദ്രമായ എ.വി. ഹയർ സെക്കന്ററി സ്‌കൂളിന്റെ അങ്കണത്തിൽ മഹാകവി ഇടശ്ശേരിയുടെ പൂതപ്പാട്ടിന്റെ ഒരു ശില്പം ഉണ്ടാക്കിവെയ്ക്കുവാനദ്ദേഹത്തിന് ആഗ്രഹമുണ്ട് എന്നു പറഞ്ഞു. കവിയും എ.വി.യിലെ അദ്ധ്യാപകനുമായ പി.പി. രാമചന്ദ്രനാണ് അങ്ങിനെയൊരു കാര്യത്തെപ്പറ്റി സൂചന തന്നതെന്ന് തിരുമേനി പറഞ്ഞു. ഇടശ്ശേരിയുടെ സാംസ്‌കാരിക ജീവിതം മുഴുവനും ആ സ്‌കൂളും പരിസരവും കേന്ദ്രീകരിച്ചായതിനാൽ അതു നല്ലൊരു കാര്യമാണെന്ന് ഞാനും പറഞ്ഞു. അതിനുവേണ്ടി സ്‌കൂൾ മാനേജ്‌മെന്റുമായി സംസാരിക്കാമെന്നുമേറ്റു.
അപ്പോഴാണ് ഞാൻ സി.ഡി.യിലെ പൂതപ്പാട്ട് രേഖാചിത്രങ്ങൾ തിരുമേനിയ്ക്ക് കാണിച്ചുകൊടുത്തത്. ആ ചിത്രങ്ങൾ വർഷങ്ങൾക്കമുമ്പ് ഒരു ഇടശ്ശേരി അനുസ്മരണവേളയിൽ അദ്ദേഹം വരച്ചവയായിരുന്നു മനോഹരങ്ങളായ ആ രേഖാചിത്രങ്ങൾ. അതിൽ എനിക്കേറ്റവും ഇഷ്ടമായത് 'ഇത്തിരിക്കുമ്പമേൽ പുള്ളിയിലക്കര മുണ്ടുമുടുപ്പിച്ചു......' എന്ന വരികൾക്കുവേണ്ടി തിരുമേനി വരച്ച ചിത്രമാണ്. അതു ഞാൻ ഒരു സൂവനീയറായി 'ചാർക്കോൾ' ഉദ്ഘാടനവേളയിൽ അദ്ദേഹത്തിനു സമർപ്പിച്ചു. (അനുജത്തി ഗിരിജയാണ് ഇടശ്ശേരിയുടെ മക്കൾക്കുവേണ്ടി അതു കൊടുത്തത്). ഒപ്പം തന്നെ 'ശ്രീപാർവ്വതിയുടെ പാദം' എന്ന കഥയ്ക്കുവേണ്ടി അദ്ദേഹം വരച്ച സ്‌കെച്ചും ഞാൻ നൽകി. അദ്ദേഹത്തെ പൊന്നാടയണിയിക്കുക, ഈ ചിത്രങ്ങൾ സമർപ്പിക്കുക എന്നതെല്ലാം ഒരു വലിയ ബഹുമതിയായി കണക്കാക്കുന്നുവെന്ന് ഞാൻ പറഞ്ഞു.
അച്ഛന്റെ കാര്യം പറഞ്ഞപ്പോൾ പണ്ട് 'കൂട്ടുകൃഷി' അരങ്ങേറിയതിനെപ്പറ്റി അനുജൻ മാധവൻ സംസാരിച്ചു. അതിൽ ഉറൂബ് അബൂബക്കറായും, ഞങ്ങളുടെ വല്യമ്മയുടെ മകൻ ഇ. ഹരിദാസ് ആയിഷയായും, മിഷ്യൻ സ്‌കൂൾ ഹെഡ് മാസ്റ്റര്‍ വർഗ്ഗീസ് മാസ്റ്ററുടെ മകൻ ഡേവിഡ്ഡ് സുകുമാരനായും അഭിനയിച്ചിരുന്നുവെന്ന് പറഞ്ഞു. ഒരു ബാലനായി എ.വി. ഹൈസ്‌കൂളിലെ ലോങ് ഹാളിൽ മുൻനിരയിലിരുന്ന് അനുഗ്രഹീതരായ ഈ നടന്മാർ അരങ്ങു തകർക്കുന്നത് കണ്ട ഓർമ്മ ഞാനും പങ്കുവെച്ചു. നോക്കുമ്പോൾ തിരുമേനി ആ കാര്യത്തിൽ ഒരു പടി മുന്നിലായിരുന്നു. അദ്ദേഹത്തിന് കൂട്ടുകൃഷി ആദ്യമായി അരങ്ങേറിയിരുന്ന സന്ദർഭങ്ങൾ (അത് തൊള്ളായിരത്തി അമ്പതിനു മുമ്പായിരുന്നു.) നല്ല ഓർമ്മയുണ്ട്, മാത്രമല്ല അദ്ദേഹത്തിന് അതിൽ ഒരഭിനേതാവിന്റെ റോളും കിട്ടിയിരുന്നുവത്രെ. സ്ത്രീവേഷമാണ്, കേട്ടോ. ഒരു ചിരിയോടെ അദ്ദേഹം പറഞ്ഞു. അതിലഭിനയിച്ച മറ്റ് അഭിനേതാക്കളേയും അദ്ദേഹത്തിന് ഓർമ്മയുണ്ട്. ഞാൻ മനസ്സിലോർത്തു, പത്തറുപത്തഞ്ചു കൊല്ലം മുമ്പ് മേക്കപ്പിട്ടാൽ അദ്ദേഹം നല്ല സുന്ദരിയായ ഒരു 'പെൺകിടാവുതന്നെയായിരിക്കണം'. എന്റെ മനസ്സിലിരിപ്പ് ഊഹിച്ചിട്ടാണോ എന്നറിയില്ല അദ്ദേഹം ഒരു ചെറുചിരിയോടെ കൂട്ടിച്ചേർത്തു 'ഒരമ്മടെ വേഷായിരുന്നു'. 'കൂട്ടുകൃഷി' ആദ്യമായി അരങ്ങേറിയത് എ.വി. ഹൈസ്‌കൂളിലല്ലെന്നും മറിച്ച് അതിനടുത്തുള്ള മിഷ്യൻ സ്‌കൂളിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എനിക്കും മാധവനും അതൊരു പുതിയ അറിവായിരുന്നു. ആ കാലത്ത് ഹെഡ് മാസ്റ്ററായിരുന്നത് ശ്രീ. ഇ.പി. സുമിത്രനായിരുന്നു. അദ്ദേഹം അച്ഛന്റെ ആദ്യസമാഹാരമായ 'അളകാവലി'യ്ക്ക് അവതാരിക എഴുതിയിട്ടുണ്ട്. മറ്റൊരവതാരിക ശ്രീ കുട്ടികൃഷ്ണമാരാരുടേതാണ്. അച്ഛന്റെ പിന്നീടുള്ള നാടകങ്ങളിലും ഉറൂബിന്റെ 'തീകൊണ്ടു കളിക്കരുത്' എം. ഗോവിന്ദന്റെ 'നീ മനുഷ്യനെ കൊല്ലരുത്' എന്നീ നാടകങ്ങളിലും സ്ത്രീവേഷം കെട്ടിയിരുന്നതിനെപ്പറ്റി ഞാനും പറഞ്ഞു. 'തീ കൊണ്ട് കളിക്കരുത്' എന്ന നാടകത്തിൽ അനുജൻ മാധവൻ എന്റെ മകനായി അഭിനയിച്ചിട്ടുണ്ട്.
'ഒരിക്കൽ എ.വി. ഹൈസ്‌കൂളിലെ ലോങ് ഹാളിൽ 'കൂട്ടുകൃഷി' അരങ്ങേറുമ്പോൾ ആയിഷ സ്റ്റേജിൽ തടഞ്ഞുവീണു.' തിരുമേനി പറഞ്ഞു, 'സ്റ്റേജിന്റെ ഒരു ഭാഗത്ത് ഇറങ്ങാനായി ചവിട്ടുപടികളുണ്ട്. വളരെ അപകടം പിടിച്ചവ. ആയിഷ സ്റ്റേജിൽ അഭിനയം തകർക്കുകയായിരുന്നു, അതിനിടയിൽ അവൾ ചവിട്ടുപടികളുടെ അടുത്തെത്തി അറിയാതെ വീണു. 'അയ്യോന്റെ മോള് ബീണാ' എന്നു പറഞ്ഞുകൊണ്ട് അബുബക്കറായി അഭിനയിച്ചുകൊണ്ടിരുന്ന ഉറൂബ് ചാടിയെഴുന്നേറ്റു. കാണികൾ വിചാരിച്ചത് അതെല്ലാം, അതായത് ആ വീഴ്ചയും ബാപ്പയുടെ 'അയ്യോന്റെ മോള് ബീണാ' എന്നു പറഞ്ഞുകൊണ്ടുള്ള ചാടിയെഴുന്നേൽക്കലും നാടകത്തിൽത്തന്നെയുള്ളതാണെന്നായിരുന്നു.' ഈ സംഭവം വിവരിച്ചുകൊണ്ട് തിരുമേനി പറഞ്ഞു, വളരെ പ്രഗൽഭരായ നടന്മാരായിരുന്നു പി.സി.യും (ഉറൂബ്) ഒപ്പം അഭിനയിച്ചിരുന്ന, ഞങ്ങൾ കുറുപ്പേട്ടനെന്നു വിളിച്ചിരുന്ന, ടി. ഗോപാലക്കുറുപ്പും. (ഇദ്ദേഹം നോവലിസറ്റ് സി. രാധാകൃഷ്ണന്റെ ഭാര്യാപിതാവാണ്). ഉറൂബിന്റെ 'കുഞ്ഞമ്മയും കൂട്ടുകാരും' എന്ന ചെറുനോവലിലെ ഗോവിന്ദക്കുറുപ്പ് ഇദ്ദേഹമാണ്. ഉറൂബിന്റെ ഭാഷയിൽ, 'ആദ്യം ഖദറിൽ പൊതിഞ്ഞ ഒരു കുടവയറും പിന്നാലെ അതിന്റെ ഉടമസ്ഥനായ ഗോവിന്ദക്കുറുപ്പും...' ഗോപാലൻ നായരുടെ മുറിയിലെത്തി. (ഈ നോവലിൽ ഇടശ്ശേരി ഗോവിന്ദൻ നായരെ ഗോപാലൻ നായരും, ടി. ഗോപാലക്കുറുപ്പിനെ ഗോവിന്ദക്കുറുപ്പുമാക്കിയിരുന്നു. അക്കിത്തത്തിന്റെ പേര് മാറ്റിയിട്ടില്ല, അച്യുതൻ നമ്പൂതിരി തന്നെ.)
ഞാനപ്പോൾ മറ്റൊരു സംഭവം ഓർത്തു പറഞ്ഞു. നാടകങ്ങളിൽ ഇടശ്ശേരിയായിരുന്നു സ്ഥിരം പ്രോംപ്റ്റർ. ഒരിക്കൽ അബൂബക്കർക്ക് പിന്നിൽനിന്നുള്ള പ്രോംപ്റ്റിങ് കേൾക്കാനുണ്ടായിരുന്നില്ല. എന്താണ് പറയേണ്ടതെന്നറിയാതെ ആലോചനാമഗ്നനെന്ന ഭാവത്തിൽ രണ്ടു ചാൽ നടന്നശേഷം അദ്ദേഹം കസേലയിലിരുന്ന് തലയിൽ കൈവെച്ചുകൊണ്ട് ആത്മഗതം നടത്തി, 'പടച്ചോനെ എന്താ പറയേണ്ടതെന്ന് എനിക്കറീല്യാലോ.' തന്റെ നാടകത്തിലില്ലാത്ത ഡയലോഗ് ഉറൂബ് കാച്ചുന്നതു കേട്ട പ്രോംപ്റ്റർ ഒരു നിമിഷം പകച്ചു, പക്ഷെ കാര്യം വേഗത്തിൽത്തന്നെ പിടികിട്ടി, അബൂബക്കർക്കു നേരെ പിന്നിൽചെന്ന് ഡയലോഗ് പറഞ്ഞുകൊടുത്തു. ഞാനിതു പറഞ്ഞപ്പോൾ തിരുമേനി കുറേനേരം ചിരിച്ചു. 'ഞാൻ പറഞ്ഞില്ലെ, പി.സി. ഒരനുഗ്രഹീത നടനായിരുന്നു.'
കൂട്ടുകൃഷിയെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കെ ഡോ. ചാത്തനാട്ട് അച്യുതനുണ്ണി ഒന്നു രണ്ടു സ്‌നേഹിതരുമായി വന്നു. സംസാരത്തിനിടയിൽ എന്റെ '50 വർഷത്തെ സാഹിത്യജീവിതം' എന്ന സി.ഡി. രണ്ടു കോപ്പി ഞാനദ്ദേഹത്തിനു സമ്മാനിച്ചു. ഒരു കോപ്പി ഉണ്ണിമാഷ്‌ക്കും മറ്റേ കോപ്പി മാഷ്‌ടെ ശത്രുക്കളാരെങ്കിലുമുണ്ടെങ്കിൽ അവർക്കും കൊടുക്കാമെന്ന് ഞാൻ പറഞ്ഞത് അദ്ദേഹത്തിന് ഇഷ്ടമായെന്നു തോന്നുന്നു. അച്ഛന്റെ 'അമ്പാടിയിലേയ്ക്ക് വീണ്ടും' എന്ന കവിതയിലെ 'വിരോധിമാരെ നിങ്ങൾക്കായാശംസിപ്പൂ ഞാനിവയെ' എന്ന വരികൾ ഓർത്തുകൊണ്ട് ഒരു ഇടശ്ശേരിയനായ അദ്ദേഹം ചിരിച്ചു. 'ഞാനാദ്യം ആരെങ്കിലുമായി കലഹമുണ്ടാക്കാം, ഇതു കൊടുക്കാൻവേണ്ടി'യെന്നു തമാശ പറയുകയും ചെയ്തു.
തിരുമേനിയുടെ പടികടന്ന് കുറേ ബന്ധുക്കൾ വരുന്നതു കണ്ടപ്പോൾ സംസാരം നിർത്താൻ ഞാനും മാധവനും തീരുമാനിച്ചു. ആർട്ടിസ്റ്റ് നമ്പൂതിരിയുമായി പങ്കുവച്ച രണ്ടു മണിക്കൂർ പെട്ടെന്നു കഴിഞ്ഞുപോയപോലെ. നമ്മുടെ മനസ്സിനെ ലാഘവപ്പെടുത്തുന്ന, നമുക്ക് സാന്ത്വനമരുളുന്ന എന്തോ ഉണ്ട് അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ, സംസാരത്തിൽ, ചിരിയിൽ.
ഞാൻ കുട്ടിയായിരിക്കുമ്പോൾ അമ്മയോടൊപ്പം കണ്ണൻതൃക്കാവ് അമ്പലക്കുളത്തിൽ കുളിക്കാൻ പോകാറുള്ളതിനെപ്പറ്റിയും വരുന്ന വഴിയ്ക്ക് തൊട്ടടുത്തുള്ള കരുവാട്ടുമനയുടെ മുറ്റത്തുകയറി കണ്ണിമാങ്ങകൾ പെറുക്കിയിരുന്നതിനെപ്പറ്റിയും ഓർത്തു പറഞ്ഞു. അന്ന് ഞങ്ങൾ, ഇന്ന് ഉറൂബ് നഗർ എന്നറിയപ്പെടുന്ന പരിസരത്തായിരുന്നു കുറച്ചുകാലം താമസിച്ചിരുന്നത്.
ആർട്ടിസ്റ്റ് നമ്പൂതിരിയുടെ പത്‌നിയെക്കണ്ട് നമസ്‌കരിച്ചു. ഇത്രയും മഹാനായ ഒരു കലാകാരന്റെ ഒപ്പം ജീവിക്കാൻ അവസരം ലഭിച്ച ആ അമ്മ സൗഭാഗ്യവതിയാണെന്ന് ഞാൻ പറഞ്ഞു. തിരുമേനിയോട് വിടപറഞ്ഞ് ഞങ്ങളിറങ്ങി. സുശീലയും ലളിതയും കുറേ ഫോട്ടോകളെടുത്തു. സുശീല 'ഉമ്മക്കുൽസൂവിന്റെ വീടി'ന്റെ ഇപ്പോഴത്തെ ഉടമയാണ്. അവളാണ് കലാകൗമുദി ഓണപ്പതിപ്പിൽ വന്ന കഥയുടെ ബീജം നൽകിയത്. അതിന് പക്ഷെ എം.ജി. റോഡിലെ 'കോപ്പർ സ്പൂണി'ൽ ഒരു ലഞ്ചിന്റെ രൂപത്തിൽ നല്ല വില കൊടുക്കേണ്ടിവന്നുവെന്നത് വേറെ കാര്യം.