എൺപത്തെട്ടിലെ ഓണക്കാലം എന്നെ അനുഗ്രഹിച്ചത് രണ്ടു നല്ല കഥകളുമായാണ്. ശ്രീപാർവ്വതിയുടെ പാദവും ഡോ. ഗുറാമിയുടെ ആശുപത്രിയും. കഥകളുടെ കാര്യം അങ്ങിനെയാണ്. വളരെ നന്നാവുമെന്ന് കരുതി എഴുതുന്ന കഥകൾ അത്ര നന്നാവാറില്ല. മറിച്ചും ആവും. ഈ രണ്ടു കഥകളെഴുതുമ്പോഴാകട്ടെ നന്നാവുമോ ചീത്തയാവുമോ എന്ന ചിന്തകളൊന്നും വരാത്തവണ്ണം ഞാൻ എഴുത്തിൽ മുഴുകിയിരുന്നു. ശ്രീപാർവ്വതിയുടെ പാദത്തിലെ പ്രസാദാത്മകത പോലെത്തന്നെ ഡോ. ഗുറാമിയിലെ കുട്ടിയുടെ നിശ്ശബ്ദ വേദനയും എന്റെ ആത്മാവിൽ നിറഞ്ഞു നിന്നിരുന്നു. ശ്രീപാർവ്വതിയുടെ പാദം കലാകൗമുദിയ്ക്കും ഡോ. ഗുറാമിയുടെ ആശുപത്രി മാതൃഭൂമിയ്ക്കും അയക്കാൻ തീർച്ചയാക്കി.
രാവിലെയാണ് ദിവാകരന്റെ ഫോണുണ്ടായത്. അമ്മയ്ക്ക് ഒരറ്റാക്ക്; കോ-ഓപറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. കുറച്ച് കൂടുതലാണ്. അമ്മയെ കണ്ടിട്ട് ഒരു മാസത്തിനു മേലെയായി. എറണാകുളത്തുനിന്ന് തൃശ്ശൂർക്ക് രണ്ടു മണിക്കൂർ യാത്രയേയുള്ളു. ജോലിത്തിരക്കു കാരണം യാത്ര നീട്ടിവെയ്ക്കുകയാണ് പതിവ്. അടുത്തല്ലെ എപ്പോൾ വേണമെങ്കിലും കാണാമല്ലൊ എന്ന് സമാധാനിക്കും.
ഞങ്ങൾ ഉടനെ പുറപ്പെട്ടു. പോകുമ്പോൾ പുതുതായി എഴുതിയ രണ്ടു കഥകളും ഒപ്പമെടുക്കാൻ മറന്നില്ല. രോഗശയ്യയിൽ കിടക്കുന്ന അമ്മയുടെ അടുത്തിരുന്ന് ഈ രണ്ടു കഥകളും വായിച്ചു കേൾപ്പിക്കാമല്ലൊ. ശ്രീപാർവ്വതിയുടെ പാദം അമ്മയ്ക്കിഷ്ടമാകാതിരിക്കില്ല. അതിലെ പ്രസാദാത്മകതയും സ്‌നേഹത്തിന്റെ ഊഷ്മളതയും അമ്മയെ തിരികെ ആരോഗ്യത്തിലേയ്ക്കു നയിക്കുമെന്ന് എനിക്കു തോന്നി. എന്റെ സാഹിത്യ ശ്രമങ്ങൾക്ക് അമ്മയുമായി അടുത്ത ബന്ധമുണ്ട്. ജനിതകശ്രേണി വഴിയായി അച്ഛന്റെ പല സ്വഭാവങ്ങളും കിട്ടിയിട്ടുണ്ടെങ്കിലും സാഹിത്യ വാസന കിട്ടിയത് അമ്മ വഴിയാണെന്ന് ഞാൻ ദൃഢമായി വിശ്വസിക്കുന്നു. അമ്മ മുപ്പതുകളിൽ കഥയും കവിതയും എഴുതി മാതൃഭൂമിയിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. ടോഗോറിന്റെ 'ഫ്രൂട്ട് ഗാതറിങ്ങ്' 'ഫലാപചയ'മെന്ന പേരിൽ മൊഴിമാറ്റം നടത്തി ശ്രീ. വർഗ്ഗീസ് കളത്തിൽ നടത്തിയിരുന്ന 'അരുണ' എന്ന വനിതാമാസികയിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. എന്റെ കഥകൾ ആരു വായിച്ചില്ലെങ്കിലും അമ്മ വായിച്ചിരിക്കണമെന്ന നിർബ്ബന്ധമെനിക്കുണ്ടായിരുന്നു. അമ്മയുടെ അഭിപ്രായമറിയുകയും വേണം.
ആശുപത്രിയിൽ അമ്മ കിടന്നിരുന്നത് ഇന്റൻസീവ് കെയർ യുണിറ്റിലൊന്നുമായിരുന്നില്ല. സാധാരണ മുറിയിൽ. ഞാൻ സമാധാനിച്ചു. അത്രയൊന്നുമില്ലല്ലൊ. ദിവാകരൻ പക്ഷെ പറഞ്ഞത് മോശമാണെന്നാണ്. ഒരു ഡോക്ടർ കൂടിയായ അദ്ദേഹം പറയുന്നത് മാനിക്കാതെ വയ്യ. നാട്ടിലുള്ള മക്കളെല്ലാമെത്തിയിരുന്നു. ഞാൻ അടുത്തു ചെന്നപ്പോൾ അമ്മ വലത്തെ കൈയ്യുയർത്തി എന്റെ നേരെ നീട്ടി. ഞാൻ ആ കൈ പിടിച്ചു. മുങ്ങിപ്പോകുമ്പോൾ പിടിച്ചു കയറ്റാൻ ആവശ്യപ്പെടുന്നപോലെ അമ്മ എന്നെ നോക്കി, എന്റെ കൈകൾ ബലമായി പിടിച്ചു. അമ്മയുടെ ഇച്ഛാധീനമായ അവസാനത്തെ പ്രവർത്തിയായിരുന്നു അത്. ആ കൈ തളർന്നു വീണു. ആ കൈ പിന്നീടൊരിക്കലും മക്കളുടെ കൈ തേടി നീണ്ടില്ല. ആ കാതുകൾ മക്കളുടെ ശബ്ദം പിന്നീടൊരിക്കലും കേട്ടില്ല. കണ്ണുകൾ, അവ തുറന്നുതന്നെയിരുന്നെങ്കിലും, ഒന്നും കണ്ടിരുന്നില്ല. അമ്മ ഒരു കോമയിലേയ്ക്ക് വഴുതിവീണു.
അബോധാവസ്ഥയിൽ മൂന്നു മാസം കിടന്ന ശേഷം അമ്മ അന്ത്യശ്വാസം വലിക്കുന്നതുവരെ മക്കളെല്ലാം അടുത്തു തന്നെയുണ്ടായിരുന്നു. ഓരോരുത്തരും ഊഴമിട്ട് അമ്മയുടെ അരികിൽ രാപ്പകൽ ഭേദമില്ലാതെ കാവൽ നിന്നു ശുശ്രൂഷിച്ചു.
ആശുപത്രിയിൽ അമ്മയെ ചികിത്സിച്ച വിദഗ്ദ ഡോക്ടർ ഡോ. മോഹൻ അന്ത്യവിധി പറയുന്നതു വരെ അമ്മ ബോധം തെളിഞ്ഞ് എഴുന്നേൽക്കുമെന്നും ഒരു ഭാഗം തളർന്നിട്ടാണെങ്കിലും വീൽ ചെയറിൽ ഇരിക്കാനാവുമെന്നും കരുതിയിരുന്നു. ഡോ. മോഹന്റെ വിദഗ്ദ ചികിത്സയ്ക്കു പോലും രക്ഷിക്കാനാവാത്ത വിധം അമ്മയുടെ തലച്ചോർ രക്തസ്രാവം കൊണ്ട് നശിച്ചിരുന്നു.
അമ്മ മരിച്ചിട്ട് ആറു വർഷമായി. ഇപ്പോഴും ഞാൻ കാണുന്ന ഒരു സ്വപ്നമുണ്ട്. അമ്മ വീൽ ചെയറിൽ ഇരിക്കുന്നു. താഴെ നിലത്ത് ഞാനിരുന്ന് ശ്രീപാർവ്വതിയുടെ പാദം വായിച്ചു കേൾപ്പിക്കുന്നു.