പുത്തില്ലത്ത് ഞങ്ങൾ കുട്ടികളായിരിക്കുമ്പേഴേയ്ക്കു തന്നെ കുട്ടികൃഷ്ണമാരാരും ഉറൂബും അക്കിത്തവും കടവനാട് കുട്ടിക്കൃഷ്ണനുമൊക്കെ പങ്കെടുത്തിരുന്ന പൊന്നാനിക്കളരി അവരുടെയൊക്കെത്തന്നെ ഓർമ്മകളിലേയ്ക്ക് ഒതുങ്ങിയിരുന്നു. അതുകൊണ്ട് പുത്തില്ലത്തെ ഉമ്മറത്തുണ്ടായിരുന്ന സാഹിത്യ ചർച്ചകളെക്കുറിച്ചും അതിൽ പങ്കെടുത്തിരുന്നവരുടെ സാഹിത്യഭ്രമത്തെക്കുറിച്ചും വായിക്കുമ്പോൾ അതു മറ്റൊരു ലോകത്ത്, മറ്റൊരു കാലത്ത് സംഭവിച്ചപോലെ തോന്നുമായിരുന്നു. ഞങ്ങളുടെ കുട്ടിക്കാലത്ത് പലപ്പോഴും അവിടെ വരാറുള്ള സാഹിത്യകാരന്മാരെ ആദരപൂർവ്വം സ്വീകരിക്കുകയല്ലാതെ അവരുമായി വളരെ അടുത്തിട പഴകിയിട്ടില്ല, ഏതാനും പേരൊഴിച്ച്. അതിൽ മഹാകവി അക്കിത്തം, കടവനാട് കുട്ടിക്കൃഷ്ണൻ, ഉറൂബ് (ബന്ധുവായതുകൊണ്ട് പ്രത്യേകിച്ചും) തുടങ്ങിയവരുണ്ട്.
അക്കിത്തത്തെപ്പറ്റി എന്റെ ഏറ്റവും പഴയ ഓർമ്മ തിരുനാവായ സർവ്വോദയമേളയോടു ബന്ധപ്പെട്ടതാണ്. എല്ലാ കൊല്ലവും ഞാനും എന്റെ ജ്യേഷ്ഠനും അനുജത്തിയും ഭാരതപ്പുഴയുടെ തീരത്തു നടക്കാറുള്ള മേളയ്ക്ക് അച്ഛന്റെ ഒപ്പം പോകാറുണ്ട്. എനിക്കന്ന് എട്ടോ ഒമ്പതോ വയസ്സ് മാത്രം. ഒരിക്കൽ ഞങ്ങൾ രണ്ടുപേരും (അനുജത്തി, വളരെ ചെറുതായതുകൊണ്ട് അമ്മയുണ്ടെങ്കിലേ വരു. ഒരിക്കൽ സ്റ്റേജിൽ അച്ഛൻ പ്രസംഗിക്കുന്നതു കണ്ടപ്പോൾ അവൾ 'അച്ഛാ' എന്നു വിളിച്ച് സ്റ്റേജിലേയ്ക്കു കയറി പ്രസംഗം കഴിയുന്നതുവരെ അച്ഛന്റെ കാലും കെട്ടിപ്പിടിച്ച് നിന്നത് എനിക്ക് ഓർമ്മയുണ്ട്. ഒരിക്കൽ എം.ടി.യും ഈ സംഭവത്തെപ്പറ്റി ഒരു പ്രസംഗത്തിൽ പറഞ്ഞിരുന്നു.) പോയപ്പോൾ അച്ഛന്റെ ഒപ്പം അക്കിത്തവും, കടവനാടനും ഇ. നാരായണന്റെ അനുജൻ രാമൻ മാസ്റ്ററും മറ്റുമുണ്ടായിരുന്നു. ബസ്സിറങ്ങി നിളയുടെ മണൽപ്പരപ്പിലേയ്ക്കിറങ്ങിയപ്പോൾ അവിടെ ബലൂൺ വിൽപ്പനക്കാരൻ നിന്നിരുന്നു. എനിക്കും ജ്യേഷ്ഠനും അതു കിട്ടണമെന്നുണ്ട്. പക്ഷെ ഗൗരവമായി സ്‌നേഹിതരോട് സംസാരിക്കുകയും ഇടയ്ക്കിടയക്ക് പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന അച്ഛനെ ശല്യപ്പെടുത്താൻ ഞങ്ങൾക്കു തോന്നിയില്ല. അപ്പോഴാണ് അക്കിത്തം ചോദിച്ചത്, 'എന്താ ബലൂൺ വേണോ?' ഞങ്ങളുടെ കണ്ണുകളിൽ തിളങ്ങുന്ന നക്ഷത്രങ്ങൾ അദ്ദേഹം കണ്ടുപിടിച്ചിരുന്നു. കുട്ടികളുടെ ആവശ്യം എന്താണെന്ന് മനസ്സിലാക്കാനുള്ള മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നു. ഞങ്ങൾ തലയാട്ടി. അദ്ദേഹം പോക്കറ്റിൽ നിന്ന് പണമെടുത്ത് രണ്ടു പാമ്പു ബലൂണുകൾ വാങ്ങിത്തരികയും ചെയ്തു. അന്നദ്ദേഹത്തിന് ഇരുപത്തിനാല് ഇരുപത്തഞ്ചു വയസ്സായിട്ടുണ്ടാകും. അന്ന് അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്ന വാത്സല്യം ഇന്നും ഞാനോർക്കുന്നു. ഇന്നുമതെ കാണുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തുണ്ടാകുന്നത് ഒരു മകനോടുണ്ടാകുന്ന വാത്സല്യമാണ്. പിന്നീട് 'ഈ ഏട്ടത്തി നൊണേ പറയൂ' എന്ന നാടകവും, 'ഉത്സവപ്പിറ്റേന്ന്', 'കണ്ടവരുണ്ടോ', 'അയ്യപ്പൻവിളക്കിന്റെ അല' തുടങ്ങിയ കവിതകളും വായിച്ചപ്പോൾ അദ്ഭുതമൊന്നും തോന്നിയില്ല. ഒരു ബാലമനസ്സ് ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരാൾക്കേ ഇതൊക്കെ എഴുതാനാവൂ.
ഒരിക്കൽ അച്ഛന്റെ പുസ്തക ഷെൽഫ് പരതുന്നതിന്നിടയിൽ അക്കിത്തത്തിന്റെ ഒരു പുസ്തകം കിട്ടി. 'ഇടിഞ്ഞു പൊളിഞ്ഞ ലോക'മാണോ അതോ 'മധുവിധുവിനു ശേഷ'മാണോ എന്നോർമ്മയില്ല. അതിൽ അദ്ദേഹം കുറിച്ചുവെച്ചത് വായിച്ചു. 'ബ്രഹ്മശ്രീ ഇടശ്ശേരിയ്ക്ക്, മ.രാ.രാ. അക്കിത്തം.' (മ.രാ.രാ. = മഹാരാജാ രാജശ്രീ) അതിന്റെ അർത്ഥം അമ്മ പറഞ്ഞുതന്നപ്പോൾ കുറേ ചിരിച്ചു. പിന്നീടതിനെപ്പറ്റി ആലോചിച്ചപ്പോഴാണ് മനസ്സിലാകുന്നത്, അക്കിത്തം അദ്ദേഹത്തിന്റെ ഗുരുവിനെ ഒരു ബ്രഹ്മതേജസ്വി യായിട്ടാണ് കണ്ടിരുന്നതെന്ന്. അതിൽ അദ്ദേഹത്തിന്റെ സ്വതസ്സിദ്ധമായ നർമ്മം മുന്നിട്ടുനിന്നിരുന്നു.
തൊള്ളായിരത്തി തൊണ്ണൂറ്റിയാറിലാണ് ഞാൻ അച്ഛന്റെ സമ്പൂർണ്ണ സമാഹാരം രണ്ടാമത്തെ പതിപ്പ് ഇറക്കിയത്. പ്രൊഫ. കെ. ഗോപാലകൃഷ്ണൻ ഗവേഷണവും എഡിറ്റിങ്ങും ചെയ്ത ആദ്യ പതിപ്പ് വള്ളത്തോൾ വിദ്യാപീഠമാണ് ഇറക്കിയത്. ആ സമയത്ത് കമ്പ്യൂട്ടർ ടൈപ്‌സെറ്റിങ്ങുണ്ടായിരുന്നില്ല. വളരെ ക്ലേശിച്ചാണ് അവരാ പുസ്തകം ഇറക്കിയത്. രണ്ടാമത്തെ പതിപ്പ് ഇറക്കാമെന്നു കരുതിയപ്പോഴാണ് അതിന്റെ വ്യാപ്തി മനസ്സിലായത്. വലിയൊരു ഗ്രന്ഥം, അതു മുഴുവൻ ടൈപ്‌സെറ്റ് ചെയ്യണം, പിന്നെ പ്രിന്റ് ചെയ്യണം, എല്ലാം കഴിഞ്ഞ് വില്പനയുടെ കാര്യം നോക്കണം. ഇതിനൊക്കെപ്പുറമെ അച്ചടിക്കാനുള്ള പണമുണ്ടാക്കണം. അങ്ങിനെയൊക്കെ ആലോചിച്ചാൽ അത് ചെയ്യലുണ്ടാവില്ലെന്നു മനസ്സിലായി. ഒരു പെൺകുട്ടി ടൈപ്‌സെറ്റ് ചെയ്യാനുണ്ടായിരുന്നു. പ്രൂഫ് നോക്കാൻ തുടങ്ങിയപ്പോഴാണ് മനസ്സിലാവുന്നത്, എന്റെ പരിമിത ഭാഷാ പരിജ്ഞാനം കൊണ്ടൊന്നും അതു കഴിയില്ലെന്ന്. ആ കാലത്ത് ഞാൻ അക്കിത്തത്തിനെ ഇടയ്ക്കിടയ്ക്ക് വിളിച്ച് സംശയങ്ങൾ ചോദിക്കുമായിരുന്നു. കത്തെഴുതാറുമുണ്ട്. കത്തുകൾക്ക് വളരെ വിശദമായ മറുപടി, എന്റെ സംശയങ്ങൾ നൂറു ശതമാനവും നീക്കത്തക്ക വിധത്തിലുള്ള മറുപടി കിട്ടാറുണ്ട്. ഒരു കാര്യം മനസ്സിലായി, അച്ഛന്റെ ഏതു കവിതയെക്കുറിച്ചും അതിലെ പദാവലിയെക്കുറിച്ചും പ്രയോഗങ്ങളെപ്പറ്റിയും സംശയങ്ങൾ തീർത്തുതരാൻ കഴിവുള്ള ഒരാൾ മഹാകവി അക്കിത്തം മാത്രമായിരിക്കും. പിന്നെ പ്രൊഫ. കെ.പി. ശങ്കരൻ, ഡോ. എം. ലീലാവതി, എന്റെ ഗുരുനാഥനും ഇടശ്ശേരി സ്മാരക സമിതിയുടെ ചിരകാല സെക്രറ്റരിയുമായിരുന്ന ശ്രീ. പി. കൃഷ്ണവാരിയർ, ആത്മാരാമൻ, അങ്ങിനെ പോകുന്നു.
തൊണ്ണൂറ്റിയെട്ടിലാണ് അക്കിത്തത്തിന്റെ 'പൊന്നാനിക്കളരി' എന്ന ലേഖന സമാഹാരം പ്രസിദ്ധപ്പെടുത്തിയത്. അതിൽത്തന്നെ 'പൊന്നാനിക്കളരി തലമുറകളിലൂടെ' എന്ന ലേഖനം പ്രസിദ്ധപ്പെടുത്തിയത് ഒന്നോ രണ്ടോ കൊല്ലം മുൻപായിരുന്നു. അതിൽ കുറേയേറെ പൊന്നാനി സാഹിത്യകാരന്മാരുടെ പേരുകളുണ്ടായിരുന്നു, പലതും എനിക്കു ശേഷം എഴുതാൻ തുടങ്ങിയവർ. എന്റെ പേരുണ്ടായിരുന്നില്ല. എനിക്കു വളരെ വിഷമമായി. രണ്ടോ മൂന്നോ വർഷങ്ങൾക്കു മുൻപ് ലീലാകൃഷ്ണൻ ആലങ്കോട് 'അറിയപ്പെടുന്ന പൊന്നാനിക്കാർ' എന്ന പേരിൽ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തിയിരുന്നു. അതിലുമതെ എന്നേക്കാൾ വയസ്സു കുറഞ്ഞ കുറേ എഴുത്തുകാരുടെ പേരുകൾകൂടി നിരത്തിയ പട്ടികയിൽ എന്റെ മാത്രം പേരുണ്ടായിരുന്നില്ല. എനിക്കു വിഷമം തോന്നിയിരുന്നു. (പിന്നീട് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ തൃശ്ശൂരിൽ പോയപ്പോൾ ലീലാകൃഷ്ണനെ കണ്ടു, നേരിട്ടു ചെന്നു പരിചയപ്പെടുകയും ചെയ്തു. 'ഞാൻ ഇ. ഹരികുമാർ, അറിയപ്പെടാത്ത ഒരു പൊന്നാനിക്കാരൻ'.)
പക്ഷെ മഹാകവി അക്കിത്തം എന്നെ മറന്നപ്പോൾ എനിക്ക് വളരെ വിഷമമായി. ഞാൻ അതിനെപ്പറ്റി എന്റെ 'അറിയപ്പെടാത്ത പൊന്നാനിക്കാരൻ' എന്ന ലേഖനത്തിൽ പരാമർശിച്ചു. ഞാനാ ഭാഗം താഴെ ഉദ്ധരിക്കുന്നു. ഒരിക്കൽ ശ്രീ ശൂലപാണി വാരിയർ വീട്ടിൽ വന്നപ്പോൾ അച്ഛൻ എന്റെ ജാതകം കാണിച്ചുകൊടുത്തു. എനിക്ക് സാഹിത്യത്തിൽ വല്ല ഉദ്ഗതിയുമുണ്ടാകുമോ എന്നാണ് അച്ഛന്നറിയേണ്ടിയിരുന്നത്.
''.............'ഹരിയ്ക്ക് സാഹിത്യത്തിൽ വലിയ പേരൊന്നും ഇതിൽ (എന്റെ ജാതകത്തിൽ) കാണുന്നില്ല. എന്തേ വല്ലതും എഴുതാൻ തുടങ്ങീട്ട്‌ണ്ടോ?' (അച്ഛന്റെ ചോദ്യത്തിന് മറുപടിയായി പ്രശസ്ത ജ്യോതിഷിയും അച്ഛന്റെ അത്മസുഹൃത്തുമായിരുന്ന ശ്രീ ടി. വി. ശൂലപാണി വാരിയർ ചോദിച്ചു.)
............. അച്ഛൻ പറഞ്ഞു.
'എഴുതുന്നുണ്ട്, തരക്കേടില്ല.........'
വാരരമ്മാമൻ ഒരിക്കൽക്കൂടി ക്ഷമയോടെ ഇരുന്ന് കണക്കുകൂട്ടി, പിന്നെ ചിരിച്ചുകൊണ്ട് പറഞ്ഞു. 'ഇല്ല്യല്ലൊ, ഞാനൊന്നും കാണുന്നില്ല. വയസ്സാകുമ്പോൾ നേരിയ തോതിൽ പേര് കിട്ടിയെന്നു വരാം. അല്ലാതെ ഒന്നുംല്ല്യ.' അച്ഛൻ സ്വാഭാവികമായും നിരാശനായിട്ടുണ്ടാകണം. സ്വന്തം സാഹിത്യജീവിതത്തിലുണ്ടായിട്ടുള്ള ഇഛാഭംഗങ്ങളും നൈരാശ്യങ്ങളും അവഗണനകളും അച്ഛന്റെ മനസ്സിൽക്കൂടി കടന്നുപോയിട്ടുണ്ടാകും. അന്ന് അച്ഛന് അമ്പത്തൊന്നു വയസ്സായിരുന്നു.
വാരരമ്മാമന്റെ പ്രവചനം എത്ര ശരിയായിരുന്നു എന്ന് ജീവിതത്തിൽ ഓരോ മുഹൂർത്തത്തിലും എനിയ്ക്ക് അനുഭവപ്പെട്ടിട്ടുണ്ട്. മലയാള ചെറുകഥകളെപ്പറ്റിയുള്ള ഒരു ലേഖനത്തിലും എന്റെ പേർ പ്രതീക്ഷിക്കരുത്. ഓരോ ലേഖനം വായിക്കുമ്പോഴും ഞാൻ ആലോചിക്കാറുണ്ട് എന്താണ് ഒന്നോ രണ്ടോ കഥകൾ മാത്രമെഴുതിയ തുടക്കക്കാരായ കഥാകൃത്തുക്കളുടെ പേർ കൂടി ഉൾപ്പെടുത്തുമ്പോൾ എന്റെ പേർ ഒഴിവാക്കപ്പെടുന്നത്? ഞാൻ അത്ര മോശക്കാരനാണോ?
'പൊന്നാനിക്കളരി തലമുറകളിലൂടെ' എന്ന പ്രമേയത്തിൽ മഹാകവി അക്കിത്തം ഒരു ലേഖനമെഴുതിയിരുന്നു. (അത് പുസ്തകമായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.) അതിൽ തുഞ്ചത്തെഴുത്തച്ഛൻ മുതൽ ഇന്നോളം നിളയുടെ തീരത്തു ജനിച്ച എല്ലാ സാഹിത്യകാരന്മാരുടേയും പേർ എടുത്തു പറഞ്ഞിരുന്നു. ഒരു പേരൊഴിച്ച്. ഞാൻ വാരരമ്മാമന്റെ പ്രവചനം ഓർക്കുകയും വളരെയധികം ദുഃഖിതനാവുകയും ചെയ്തു. എന്നെ അറിയാത്ത ആളല്ല മഹാകവി അക്കിത്തം. ഞാൻ വള്ളിട്രൗസറിട്ടു നടന്നിരുന്ന കാലം മുതൽ അദ്ദേഹത്തിന് എന്നെ അറിയാം.''
മഹാകവി അക്കിത്തം അതു വായിച്ചു, വല്ലാതെ വിഷമിക്കുകയും ചെയ്തു. എന്നെ ഫോൺ ചെയ്ത് അതിനെപ്പറ്റി സംസാരിച്ചു. മനപ്പൂർവ്വമല്ല, അടുത്ത പതിപ്പിൽ ചേർക്കാമെന്നു പറഞ്ഞു. അപ്പോൾ വിഷമിച്ചത് ഞാനായിരുന്നു. അദ്ദേഹത്തെ വേദനിപ്പിക്കണമെന്ന ഉദ്ദേശ്യമെനിക്കില്ലായിരുന്നു. എഴുത്തുകാരുടെ എന്നോടുള്ള അവഗണന മനപ്പൂർവ്വമല്ല മറിച്ച് ജാതകഫലമാണെന്നു കാണിക്കാനാണ് അതെഴുതിയത്. അക്കിത്തം ഇത്രയധികം വിഷമിക്കുമെന്നും കരുതിയില്ല. പക്ഷെ അദ്ദേഹം അതു വളരെ കാര്യമായിത്തന്നെ എടുത്തു. രണ്ടാം പതിപ്പിറങ്ങിയപ്പോൾ എന്റെ അനുജൻ മാധവന്റെ കയ്യിൽ ഒരു കോപ്പി എനിക്കായി കൊടുത്തയച്ചു. ഇടശ്ശേരി സ്മാരക സമിതിയുടെ മീറ്റിങ്ങിൽ പങ്കെടുക്കാനായി പോയതായിരുന്നു മാധവൻ. ആലങ്കോടും അക്കിത്തവും അതുപോലെ നിരവധി (ഒരു പക്ഷെ മലയാള കഥാ-നോവൽ സാഹിത്യത്തെപ്പറ്റി ഇതുവരെ എഴുതിയവരും ഇനി എഴുതാൻ പോകുന്നവരുമെല്ലാംതന്നെ) എന്റെ പേര് മറന്നുപോകാനുള്ള കാരണവും ഞാനാ ലേഖനത്തിൽ എഴുതിയിരുന്നു. അതുകൊണ്ട് അതിൽ മനസ്താപത്തിന്റെ ആവശ്യമില്ലെന്നും, അദ്ദേഹത്തെ വേദനപ്പിച്ചതിൽ വളരെ വിഷമമുണ്ടെന്നും ഞാൻ മഹാകവിയെ അറിയിച്ചു. അതിനും മുൻപൂതന്നെ ഞാൻ, എന്നെ പൊന്നാനിയുടെ ഓർമ്മകളിൽനിന്ന് ആട്ടിപ്പായിച്ചതിനെപ്പറ്റി 'പൊന്നാനി' എന്ന കഥയെഴുതിയിരുന്നു.
ജ്യേഷ്ഠന്റെ വിവാഹം തീർച്ചയാക്കിയ അവസരത്തിലാണ് ഞങ്ങളുടെ ഒരു ചെറിയമ്മ (അമ്മമ്മയുടെ അനുജത്തിയുടെ മകൾ) മരിച്ചത്. കല്യാണം നീട്ടിക്കൊണ്ടുപോകാൻ ഞങ്ങൾക്ക് താല്പര്യമുണ്ടാ യിരുന്നില്ല, എനിക്ക് പ്രത്യേകിച്ചും. പഴയ കാര്യങ്ങളെല്ലാം ഓർമ്മ വന്നിട്ടായിരിക്കണം അച്ഛൻ ഒരു ധർമ്മസങ്കടത്തിലായിരുന്നു. ഏട്ടന്റെ എല്ലാ കാര്യങ്ങൾക്കും എന്തെങ്കിലും പ്രതിബന്ധമുണ്ടാകാറുണ്ട്. ഈ കാര്യത്തിൽ അങ്ങിനെ വരരുതെന്ന് എനിക്കുണ്ടായിരുന്നു. ഇതിനെപ്പറ്റി ഞാൻ അക്കിത്തമ്മാമയ്ക്ക് എഴുതിയിരുന്നു. അദ്ദേഹത്തിന്റെ മറുപടി വേഗം വന്നു. നീട്ടേണ്ട. ഇപ്പോൾ തന്നെ നടക്കട്ടെ. 'ശുഭസ്യ ശീഘ്രസ്യ' എന്നല്ലേ. ആ കത്ത് എനിക്ക് ധൈര്യം തന്നു. ഏട്ടന്റെ വിവാഹം തീർച്ചയാക്കിയ സമയത്തുതന്നെ നടക്കുകയും ചെയ്തു.
കവി ശ്രീ എസ്. രമേശൻ നായർ പ്രീതി ബുക്‌സ് എന്ന പേരിൽ ഒരു പ്രസിദ്ധീകരണശാല തുടങ്ങിയിരുന്നു. അതിലേയ്ക്ക് എന്റെ ഒരു കഥാസമാഹാരം കൊടുക്കണമെന്ന് മഹാകവി അക്കിത്തം എനിക്കെഴുതി. പുതിയ സംരംഭമായതുകൊണ്ട് അതു വിജയിക്കുമോ എന്നൊക്കെ എനിക്കു സംശയമുണ്ടായിരുന്നു. എന്റെ സംശയങ്ങൾ മഹാകവിയുമായി പങ്കുവെച്ചപ്പോൾ അദ്ദേഹം പറഞ്ഞു. അതൊക്കെ ശരിയാവും, ഹരി പുസ്തകമയച്ചു കൊടുക്കു. ഞാൻ എന്റെ മൂന്നാമത്തെ കഥാ സമാഹാരമായ 'വൃഷഭത്തിന്റെ കണ്ണ്' അയച്ചുകൊടുക്കുകയും ചെയ്തു. അക്കിത്തം വാസുദേവൻ വരച്ച മുഖചിത്രവുമായാണ് ആ പുസ്തകം ഇറങ്ങിയത്. എന്റെ കഥാസമാഹാരങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മുഖചിത്രമായിരുന്നു അത്. പിന്നീട് ദിനോസറിന്റെ കുട്ടി ഇറങ്ങിയത് ആർട്ടിസ്റ്റ് കലാധരന്റെ പെയ്ന്റിങ്ങുമായാണ്. അതും എനിക്കിഷ്ടപ്പെട്ടു. പക്ഷെ ആ ചിത്രത്തിന്റെ ഭംഗി അച്ചടിയിൽ നഷ്ടപ്പെട്ടു.
കുട്ടിക്കാലത്ത് കോഴിക്കോട് എന്ന മഹാനഗരിയിൽ പോകുമ്പോഴൊക്കെ ആകാശവാണിയിലും പോകാറുണ്ട്. പിസിമ്മാവന്റെ മകൻ കരുണാകരനുമായാണ് പോകാറ്. അപ്പോൾ അവിടെ പിസിമ്മാവനും അക്കിത്തവും, തിക്കോടിയനും ഒക്കെ ഉണ്ടാകാറുണ്ട്. മഹാനഗരി എന്നു പറയുന്നത്, ഞങ്ങൾ പൊന്നാനിക്കാർക്ക് കോഴിക്കോട് സിറ്റി ബസ്സുകളും, പോലീസുകാർ നിയന്ത്രിക്കുന്ന ട്രാഫിക് ഐലന്റൂകളും, തിയേറ്ററുകളും, ബീച്ചും ഒക്കെയുള്ള ഒരദ്ഭുത നഗരമായതുകൊണ്ടാണ്.
അച്ഛനും മഹാകവി അക്കിത്തവും തമ്മിലുണ്ടായിരുന്ന സുഹൃദ്ബന്ധത്തനെ എങ്ങിനെ വിവക്ഷിക്കാ മെന്നെനിക്കറിയില്ല. പ്രധാനമായും അതൊരു ഗുരുശിഷ്യബന്ധമായിരുന്നു. അതിനെപ്പറ്റിയൊക്കെ അക്കിത്തം തന്നെ ധാരാളം എഴുതിയിട്ടുണ്ട്. ഇപ്പോൾ വടക്കുമ്പാട് നാരായണൻ എഴുതിയ അക്കിത്തത്തിന്റെ ജീവചരിത്രം വായിക്കുമ്പോഴാണ് മനസ്സിലാകുന്നത്, അച്ഛനും അക്കിത്തവും തമ്മിലുള്ള ബന്ധത്തിന്റെ ഇഴയടുപ്പത്തെപ്പറ്റി എനിക്ക് വളരെ കുറച്ചേ അറിയുവെന്ന്.
അച്ഛൻ മരിച്ചപ്പോൾ മഹാകവി അക്കിത്തം ഇങ്ങനെ എഴുതി:
'കുമരനെല്ലൂരിൽവെച്ച് നാട്ടുകാർ എനിക്ക് നൽകിയ സ്വീകരണയോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ശ്രീ ഇടശ്ശേരി ഇടത്തുവശത്തിരിക്കുന്ന എന്റെനേരെ തലചെരിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു: 'തങ്ങളുടെ കവി എത്ര ദുർബലൻ എന്നായിരിക്കും സദസ്സിലുള്ളവർ ഇപ്പോൾ വിചാരിക്കുന്നത്. അപ്പോഴാണ് ഞാനറിഞ്ഞത് എന്റെ രണ്ട് കവിളുകളിലൂടേയും കണ്ണുനീരൊഴുകുന്നുണ്ടായിരുന്നു. 'കവിയുടെ പരാജയം' എന്ന എന്റെ കവിത ഒരു കുട്ടി മൈക്കിലൂടെ ആലപിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ കവിത മികച്ച ഒന്നാണോ എന്ന് ചോദിച്ചാൽ നിശ്ചയമില്ല. പക്ഷേ ആ കവിതയിലെ സത്യം ഇത്ര ശക്തമായി പ്രതികാരം ചെയ്യുമെന്ന് അതെഴുതിയപ്പോൾ വിചാരിച്ചില്ല. അങ്ങനെ ഒന്നെഴുതിയതിൽ ലജ്ജയും പശ്ചാത്താപവും തോന്നിപ്പോയി. സമ്മേളനം കഴിഞ്ഞ് പിരിയുമ്പോൾ ഞാനദ്ദേഹേേത്താട് പറഞ്ഞു. 'ഇടശ്ശേരി ശക്തിയുടെ കോട്ടയാണ്. എനിക്ക് വല്ല ശക്തിയുമുണ്ടെങ്കിൽ അതെന്റെ അശക്തി മാത്രമാണ്.'
ഇടശ്ശേരി പൊട്ടിച്ചിരിച്ചു.
എന്നാൽ ഇടശ്ശേരിയോട് ഞാൻ പറഞ്ഞത് തെറ്റായിരുന്നു എന്ന് പൊന്നാനിയിലേക്ക് പായുന്ന ബസ്സിലിരുന്ന് വീണ്ടും വീണ്ടും കിതക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞ് വഴിയുമ്പോൾ, എനിക്ക് തോന്നി. എനിക്കുള്ള എല്ലാ ശക്തിയും ഇടശ്ശേരി തന്നെ ആയിരുന്നു. പൊന്നാനിയിൽ ചെന്ന്, പുതച്ച് കിടന്ന് അവസാന നിദ്രാസുഖമനുഭവിക്കുന്ന ആ മുഖത്തേക്ക് ഇമ വെട്ടാതെ നോക്കിനിൽക്കാനുള്ള ധീരത അദ്ദേഹം തന്നെയാണ് എനിക്ക് നൽകിയത്.'
അച്ഛന്റെ മരണവാർത്തയറിഞ്ഞ് ഓടിയെത്തിയ അക്കിത്തം പൊട്ടിക്കരയുകയായിരുന്നു.
ഞങ്ങളുടെ അമ്മയുടെ ചിതക്ക് പ്രദക്ഷിണം വെച്ച് നമസ്‌കരിച്ചാണ് അക്കിത്തം അവസാനമായി അമ്മയോട് വിട പറഞ്ഞത്. അച്ഛന്റെ ജീവിതത്തിൽ, കവിതയിലും പുറത്തും, അമ്മക്കുണ്ടായിരുന്ന പങ്ക് ആഴത്തിൽ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു അദ്ദേഹം.
ഇടശ്ശേരിയുമായുള്ള തന്റെ വ്യക്തി ബന്ധത്തെപ്പറ്റി അക്കിത്തം പലവട്ടം സംസാരിച്ചിട്ടുണ്ട്; എഴുതിയിട്ടുമുണ്ട്. അവയെല്ലാം ഇവിടെ ആവർത്തിക്കുന്നത് അനുചിതമായിരിക്കും. ഒന്നുമാത്രം - ആത്മബന്ധം എന്നൊന്നുണ്ടങ്കിൽ ഇവരുടെ ബന്ധം നിർവചിക്കുന്നത് അതായിരിക്കും.
42 കൊല്ലത്തിന് ശേഷം നവതിയുടെ ധന്യതയിലും മഹാകവിയുടെ മനസ്സ് തന്റെ ഗുരുസ്മരണയിൽ അസാമാന്യമായ സ്ഥൈര്യം പ്രദർശിപ്പിക്കുന്നു. പ്രായമോ ശാരീരികാവസ്ഥയോ ഒന്നും തന്നെ ആ അചഞ്ചലവും അമൂല്യവുമായ മമത്വത്തെ ആഘോഷിക്കുന്നതിന് അദ്ദേഹത്തിന് തടസ്സമല്ല. ഇന്നും ഇടശ്ശേരി സ്മാരക സമിതിയെ നയിക്കുന്നത് മഹാകവി അക്കിത്തം അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് കാണിച്ചു തന്നുകൊണ്ടിരിക്കുന്ന വെളിച്ചമാണ്. ഓരോ ഇടശ്ശേരി അവാർഡ് വേദിയും അക്കിത്തം സ്വന്തം സാന്നിദ്ധ്യത്താൽ അനുഗ്രഹിക്കുമ്പോൾ അച്ഛനുമായ ബന്ധത്തിന്ന് അടിവരയിടുകയാണ്.
ഇടശ്ശേരി സ്മാരകസമിതിയുടെ പ്രവർത്തനവുമായി ബന്ധപ്പെടുത്തിയോ, വ്യക്തി ബന്ധത്തിന്റെ ആഴം അടിസ്ഥാനമാക്കിയോ മാത്രം വിലയിരുത്തേണ്ടതാണോ രണ്ട് മഹാകവികൾ തമ്മിലുള്ള ബന്ധം? നിശ്ചയമില്ല. അക്കാര്യം സാഹിത്യ ഗവേഷകർക്ക് വിട്ടു കൊടുക്കാനേ പറ്റൂ.
നവതിയുടെ നിറവിൽ ഋഷിസമാനമായ ചൈതന്യത്തോടെ ജ്വലിച്ചുനിൽക്കുന്ന മഹാകവി അക്കിത്തത്തിന് ഇടശ്ശേരികടുംബത്തിന്റേയും, ഞങ്ങൾ തുടങ്ങിവെച്ച മഹാകവി ഇടശ്ശേരി സ്മാരക ട്രസ്റ്റിന്റേയും വിനയാന്വിതമായ പ്രണാമങ്ങൾ.