കുട്ടിക്കാലത്ത് ഞാൻ നേരത്തെ ഉറങ്ങാൻ കിടക്കുമായിരുന്നു, അതുപോലെത്തന്നെ വൈകി എഴുന്നേൽക്കുകയും. അതിനെപ്പറ്റി അച്ഛൻ പലപ്പോഴും പറയാറുണ്ട്. നേരത്തെ കിടന്നോളു, പക്ഷെ നേരത്തെ എഴുന്നേൽക്കണം. നമുക്ക് മുമ്പിൽ ചെയ്തു തീർക്കാൻ ധാരാളം കാര്യങ്ങളുണ്ട്. വളരെ കുറച്ചു സമയവും. അപ്പോൾ കിട്ടുന്ന സമയം വേണ്ടുംവിധം ഉപയോഗിക്കണമെന്നാണ് അച്ഛൻ പറയാറ്. ഒരിക്കൽ വല്ലാതെ ഉഴപ്പുന്ന എന്നെയും ജ്യേഷ്ഠനെയും മുറിയിലേയ്ക്ക് വിളിപ്പിച്ചു. മുമ്പിലിട്ട രണ്ടു സ്റ്റൂളുകളിലിരിക്കാൻ ആവശ്യപ്പെട്ടു. എന്തിനാണ് വിളിപ്പിച്ചതെന്നറിയാതെ ഭയപ്പെട്ടുകൊണ്ടിരുന്ന ഞങ്ങളോട് ചുമരിൽ തൂങ്ങുന്ന കലണ്ടർ ചൂട്ടിക്കാട്ടി സംസാരിക്കാൻ തുടങ്ങി.
'ആ കലണ്ടറിലെ ചിത്രം നിങ്ങളോട് എന്താണ് പറയുന്നത്?'
അത് മോബിലോയിലെന്ന എണ്ണക്കമ്പനിയുടെ കലണ്ടറായിരുന്നു. അതിൽ അവരുടെ ലോഗോ ആയ പറക്കും കുതിരയുടെ ചുവപ്പു നിറത്തിലുള്ള ചിത്രമായിരുന്നു. അതിലെന്താണിത്ര പ്രത്യേകത എന്ന മട്ടിൽ ഞങ്ങൾ രണ്ടു പേരും അച്ഛനെ നോക്കി.
'അതു വെറുമൊരു കുതിര പറക്കുന്നതല്ല. ആ കുതിര സമയത്തിന്റെ പ്രതീകമാണ്.' അച്ഛൻ പറഞ്ഞു. 'സമയമാണ് പറക്കുന്നത്. തിരിച്ചു വരവില്ലാത്ത സമയം. ഓരോ നിമിഷവും നഷ്ടപ്പെട്ടാൽ അത് വീണ്ടെടുക്കാനാവില്ല. നമുക്ക് മുമ്പിൽ എത്രയോ ജോലി കിടക്കുന്നു. നിങ്ങൾ ഇപ്പോൾ ചെയ്യുന്നതുപോലെ സമയം നഷ്ടപ്പെടുത്തിയാൽ നിങ്ങൾക്ക് ജീവിതത്തിൽ ഒന്നും നേടാനാവില്ല...........'
ഏകദേശം അര മണിക്കൂർ നേരത്തെ സംസാരത്തിനു ശേഷം ഞങ്ങളോട് പൊയ്‌ക്കൊള്ളാൻ പറഞ്ഞു. ഒട്ടൊരാശ്വാസത്തോടെ ഞങ്ങൾ എഴുന്നേറ്റു പോകയും ചെയ്തു. പകൽ മുഴുവനും കോടതിയിൽ ജോലിയടുക്കുകയും ഒഴിവു കിട്ടുന്ന സമയം കലാ സാംസ്‌കാരിക മേഖലകളിൽ വ്യാപരിക്കുകയും, രാത്രി വൈകുംവരെ കവിതയോ നാടകമോ എഴുതുകയും ചെയ്തിരുന്ന അച്ഛന്റെ ഉപദേശം എന്തുകൊണ്ടോ എനിക്ക് സ്വീകരിക്കാൻ കഴിഞ്ഞില്ല. മടിതന്നെ കാരണം.
ഞാൻ ധാരാളം സമയം പാഴാക്കിയിട്ടുണ്ട്. അതിൽ അധികം സമയവും സ്വപ്നം കാണലായിരുന്നു. ക്ലാസ്സിൽ ഇരിക്കുമ്പോഴും അദ്ധ്യാപകർ പറയുന്നത് ശ്രദ്ധിക്കാനാവില്ല. ഞാൻ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി സ്വപ്നം കാണുകയായിരിക്കും.
അച്ഛൻ പറയാറുള്ള മറ്റൊരു കാര്യത്തെക്കുറിച്ചാണ് ഞാൻ പറഞ്ഞു വരുന്നത്. ഒരിക്കൽ പരീക്ഷക്കു തിരക്കിട്ടു പഠിക്കുന്ന ഞങ്ങളെ നോക്കി ഇരിക്കയായിരുന്നു അച്ഛൻ. അന്നദ്ദേഹം പറഞ്ഞു.
'നിങ്ങൾക്ക് സ്വപ്നം കാണാനുള്ള സമയം എങ്ങിനെയെങ്കിലും ഉണ്ടാക്കണം, കാരണം മറ്റ് ഏതു തിരക്കിനിടയിലും സ്വപ്നം കാണാനുള്ള സിദ്ധി നിങ്ങൾക്ക് കൈമോശം വരരുത്.'
ഞാൻ അന്നും സ്വപ്നം കാണാറുണ്ട്. അതൊരു സിദ്ധിയാണെന്ന ബോധം കൊണ്ടല്ല, മറിച്ച് അതെന്റെ സ്വഭാവമായി മാറിയതുകൊണ്ടാണ്. അതുകൊണ്ടുതന്നെയായിരിക്കണം ഞാനൊരെഴുത്തുകാരനായത്. എന്റെ സാഹിത്യ വാസനയെ ഏറെ പ്രാത്സാഹിപ്പിച്ചതും അച്ഛൻ തന്നെയായിരുന്നു. കൽക്കത്തയിൽ പോയപ്പോഴാണ് ആദ്യകഥ പ്രസിദ്ധീകരിച്ചത്. ഒരു കഥയെഴുതിയാൽ ഞാൻ അതിന്റെ ഹാങ്ങോവറിൽത്തന്നെ തങ്ങിനിൽക്കുകയാണ് പതിവ്. പിന്നെ അടുത്ത കഥ ഒരു കൊല്ലം കഴിഞ്ഞേ എഴുതാറുള്ളു. ഓരോ കഥ പ്രസിദ്ധീകരിച്ചു വന്നാലും അച്ഛന്റെ കത്തുണ്ടാവാറുണ്ട്. ഒരു കഥ പ്രസിദ്ധീകരിച്ചാലെ മറ്റൊന്നെഴുതു എന്നുണ്ടെങ്കിൽ അതിനും സമയമായി. പക്ഷെ ഞാൻ എഴുതിയില്ല. ഇവിടെയാണ് അച്ഛൻ പണ്ട് പറഞ്ഞ സമയമെന്ന കുതിര പ്രസക്തമാകുന്നത്. നഷ്ടപ്പെട്ടു പോയ സമയം എനിക്കു തിരിച്ചു കിട്ടില്ല. ഞാനിന്ന് എഴുതിയതിനെക്കാൾ പതിൻമടങ്ങ് എനിക്കെഴുതാമായിരുന്നു. മനസ്സിൽ കഥയില്ലാഞ്ഞിട്ടല്ല, മടി കാരണം മാത്രം.
അതിൽ ദുഃഖമുണ്ടോ? അറിയില്ല. എന്റെ സ്വപ്നങ്ങളെല്ലാം എന്നോടൊപ്പം ഇല്ലാതാവും, പക്ഷെ ഞാനെഴുതിയതെല്ലാം ഏറെക്കാലം നിലനിൽക്കുമെന്നാണ് പ്രതീക്ഷ.